ഗവര്‍ണറെ മാറ്റാന്‍ നിയമ സഭയ്ക്ക് അധികാരം നല്‍കണം: കേന്ദ്രത്തോട് കേരളത്തിന്റെ ശുപാര്‍ശ

ഗവര്‍ണറെ മാറ്റാന്‍ നിയമ സഭയ്ക്ക് അധികാരം നല്‍കണം: കേന്ദ്രത്തോട് കേരളത്തിന്റെ ശുപാര്‍ശ

തിരുവനന്തപുരം: ഗവര്‍ണറെ മാറ്റാന്‍ നിയമ സഭയ്ക്ക് അധികാരം നല്‍കണമെന്ന് കേരളം. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ വരേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച റിട്ടയേര്‍ഡ് ജസ്റ്റിസ് മദന്‍ മോഹന്‍ പൂഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ടിനുള്ള മറുപടിയിലാണ് കേരളത്തിന്റെ നിര്‍ണായക ശുപാര്‍ശ.

ഗവര്‍ണര്‍ നിയമനം സര്‍ക്കാരുമായി ആലോചിച്ച് വേണമെന്നും ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. മുപ്പത്തഞ്ച് വയസ് പൂര്‍ത്തിയായ ആരെയും ഗവര്‍ണറാക്കാം എന്നതിനോട് സംസ്ഥാന സര്‍ക്കാര്‍ യോജിക്കുന്നുണ്ടെങ്കിലും ഈ പദവിയുടെ അന്തസ് അനുസരിച്ചുള്ള ആളെയാകണം ഗവര്‍ണര്‍ ആക്കേണ്ടത് എന്ന നിര്‍ദേശവും മറുപടിയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ക്രമസമാധാന പ്രശ്‌നമുണ്ടാകുമ്പോള്‍ കേന്ദ്ര സേനയെ വിന്യസിക്കാന്‍ സംസ്ഥാനത്തിന്റെ അനുമതിയും കൂടിയാലോചനയും വേണം. ഭരണഘടനാപരമായ മറ്റ് ചുമതലകള്‍ നിര്‍വഹിക്കുന്ന ആളായതിനാല്‍ ചാന്‍സിലര്‍ പദവി കൂടി ഗവര്‍ണര്‍ക്ക് നല്‍കേണ്ടതില്ലെന്ന നിലപാടും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പേഴ്സണല്‍ സ്റ്റാഫ് നിയമന വിഷയത്തിലുള്‍പ്പെടെ സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ശുപാര്‍ശയെന്നത് ശ്രദ്ധേയമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.