കീവ്: റഷ്യന്‍ സൈന്യം ഉക്രെയ്‌ന്റെ തലസ്ഥാനമായ കീവ് വളയാനുളള അവസാന ഒരുക്കത്തില്‍. കീവിന് വെറും 20 കിലോമീറ്റര്‍ മാത്രം അകലെയാണ് ഇപ്പോള്‍ റഷ്യന്‍ പട്ടാളമുളളത്. ഉക്രെയ്‌ന്റെ എസ്യു27 യുദ്ധവിമാനം റഷ്യ തങ്ങളുടെ കരയില്‍ നിന്ന് വിക്ഷേപിക്കാവുന്ന ആധുനിക മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തു.
കീവില്‍ സ്ഫോടന പരമ്പര തന്നെ അരങ്ങേറുകയാണ്. ആറോളം സ്ഫോടനങ്ങളാണ് റഷ്യന്‍ അധിനിവേശത്തിന്റെ രണ്ടാം ദിനം ഉക്രെയ്‌ന്റെ തലസ്ഥാനത്തുണ്ടായത്. റഷ്യ വിക്ഷേപിച്ച മിസൈല്‍ തങ്ങളുടെ മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തതായും ഉക്രെയ്ന്‍ അറിയിച്ചു.
റഷ്യയ്ക്കെതിരായി തങ്ങളെ സഹായിക്കണമെന്ന് ഹാക്കര്‍മാരോട് യുക്രെയ്ന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അജ്ഞാതരായ ഹാക്കര്‍മാര്‍ റഷ്യയ്ക്കെതിരെ സൈബര്‍ യുദ്ധം തന്നെ പ്രഖ്യാപിച്ചു. റഷ്യയുടെ ഔദ്യോഗിക ചാനലായ റഷ്യ ടുഡെ ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു. ഇപ്പോഴും ചാനല്‍ സംപ്രേക്ഷണം ആരംഭിക്കാനായിട്ടില്ല.
അതേസമയം തങ്ങളുടെ സഹായത്തിനെത്താത്ത പാശ്ചാത്യ രാജ്യങ്ങളെ ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി വിമര്‍ശിച്ചു. കീവ് കീഴടക്കുന്നതിനരികിലാണ് റഷ്യയെങ്കിലും തങ്ങള്‍ കീഴടങ്ങില്ലെന്ന് ഉക്രേനിയന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ സൂചിപ്പിച്ചു. റഷ്യയുടെ മിസൈല്‍ വ്യൂഹം ആണവായുധ മാലിന്യങ്ങള്‍ നിറഞ്ഞയിടത്ത് വീണതോടെ ഇവിടെ ആണവ വികിരണങ്ങള്‍ പ്രസരിക്കുന്നത് വര്‍ധിച്ചതായി സൂചനയുണ്ട്.
ബോംബ് സ്ഫോടനങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ജനങ്ങള്‍ ബങ്കറുകളില്‍ അഭയം തേടണമെന്ന് ഉക്രെയ്ന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ബെലാറസ് അതിര്‍ത്തിയിലുണ്ടായിരുന്ന റഷ്യന്‍ സൈന്യത്തിന് കീവിലേക്ക് എത്താനുളള എളുപ്പവഴി ചെര്‍ണോബില്‍ പിടിച്ചടക്കുകയാണ്. അതിനാലാണ് ഇവിടം സൈന്യം കീഴടക്കിയത്. ഇതിനിടെ ഉക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരില്‍ പലര്‍ക്കും ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല എന്ന പരാതി ഉയരുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.