പുടിനോട് പറ്റിച്ചേര്‍ന്ന് ബലാറസ് പ്രസിഡന്റ് ; സാമ്പത്തിക ഉപരോധം കടുപ്പിച്ച് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും

  പുടിനോട് പറ്റിച്ചേര്‍ന്ന് ബലാറസ് പ്രസിഡന്റ് ; സാമ്പത്തിക ഉപരോധം കടുപ്പിച്ച് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും

വാഷിംഗ്ടണ്‍: ബലാറസിനെ ഒറ്റപ്പെടുത്താന്‍ കടുത്ത നടപടികളുമായി വിവിധ രാജ്യങ്ങള്‍. ഉക്രെയ്ന് മേല്‍ റഷ്യന്‍ അധിനിവേശത്തിന് സമ്പൂര്‍ണ്ണ പിന്തുണ നല്‍കിയ ബലാറസിനെതിരെ ശക്തമായ സാമ്പത്തിക വാണിജ്യ പ്രതിരോധ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നടപടി ആരംഭിച്ചു.

റഷ്യക്കെതിരെ എടുക്കുന്ന എല്ലാ ഉപരോധ നടപടികളും ബലാറസിനും ബാധകമായിരിക്കുമെന്നാണ് അമേരിക്കന്‍ ധനകാര്യ മന്ത്രാലയം പറയുന്നത്. ബലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂക്കാഷെന്‍കോവിനെ നേരിട്ട് വിളിച്ചാണ് അമേരിക്കന്‍ ധനകാര്യ മന്ത്രാലയ സെക്രട്ടറി എല്‍. യെല്ലെന്‍ മുന്നറിയിപ്പ് നല്‍കിയത്. ഒട്ടും നീതികരിക്കാനാവാത്ത വിശ്വാസ വഞ്ചനയാണ് ബലാറസ് ഉക്രെയ്നോട് കാണിച്ചിരിക്കുന്നത്. നിസ്സഹായരായ ഒരു രാജ്യത്തിനെതിരെ തികഞ്ഞ വഞ്ചനയാണ് ബലാറസ് കാണിച്ചിരിക്കുന്നതെന്നും അമേരിക്ക കുറ്റപ്പെടുത്തി.

ബലാറസിന്റെ അതിര്‍ത്തിയില്‍ ശക്തമായ സൈനിക അഭ്യാസം ഒരുമാസം നടത്തിയ ശേഷമാണ് റഷ്യ അതേ മേഖലയില്‍ക്കൂടി ഉക്രെയ്നെ ആക്രമിച്ചത്. റഷ്യന്‍ സൈന്യത്തിന്റെ നീക്കങ്ങളെ അതീവ രഹസ്യമാക്കിവെച്ച ബലാറസ് ഉക്രെയ്നിനെ തീര്‍ത്തും പ്രതിരോധത്തിലാക്കിയെന്നും അമേരിക്കയും യൂറോപ്യന്‍ യൂണിയനും ആരോപിച്ചു.

ബലാറസിന്റെ സാമ്പത്തിക-വാണിജ്യ വിദേശ ഇടപാടുകളെല്ലാം മരവിപ്പിച്ചെന്നും പ്രതിരോധപരമായി യാതൊരു വിധ സഹായവും ഇനി ബലാറസിന് നല്‍കില്ലെന്നും ബലാറസിനെ സഹായിക്കുന്ന വിദേശകമ്പനികള്‍ക്ക് അമേരിക്കയിലേയും യൂറോപ്പിലേയും യാതൊരു ആനുകൂല്യവും ഇനി ലഭിക്കില്ലെന്നും അമേരിക്കന്‍ വാണിജ്യ-സാമ്പത്തിക കാര്യ മന്ത്രാലയം അറിയിച്ചു.

ഇതിനിടെ, കൂടുതല്‍ ആക്രമണം ഇല്ലാതാക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്കും ബെലാറസിനും മേല്‍ കര്‍ശനമായ ഉപരോധം ഏര്‍പ്പെടുത്തേണ്ടതുണ്ടെന്ന് ബെലാറസ് പ്രതിപക്ഷ നേതാവ് സ്വിയാറ്റ്ലാന സിഖനൂസ്‌കയ പാരിസില്‍ സിഎന്‍ബിസിയോട് പറഞ്ഞു.

'തന്റെ എല്ലാ പ്രവൃത്തികളും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ബെലാറസ് പ്രസിഡന്റ് ലുകാഷെങ്കോ മനസ്സിലാക്കണം. അതതോടെ ഞങ്ങളുടെ രാജ്യത്ത് അക്രമവും ഭീകരതയും തുടരുന്നതിനു ക്രെംലിനിനെ പിന്തുണയ്ക്കാന്‍ അദ്ദേഹം രണ്ടുതവണ ചിന്തിക്കുമെന്ന് ഞങ്ങള്‍ക്കറിയാം. അതിനാല്‍, എല്ലാ ജനാധിപത്യ ലോകത്തുനിന്നും ഞങ്ങള്‍ക്ക് ശക്തമായ ഉത്തരം ആവശ്യമാണ്, 'സിഖനൂസ്‌കയ അറിയിച്ചു.


മുന്‍ ഇംഗ്ലീഷ് അദ്ധ്യാപകനാണ് 39 കാരനായ സിഖനൗസ്‌കായ. 2020 ലെ തിരഞ്ഞെടുപ്പിന് ശേഷം പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയുടെ ഭരണകൂടം അദ്ദേഹത്തെ നാടുകടത്താന്‍ തീരുമാനിച്ചിരുന്നു.തുടര്‍ന്നാണ് സിഖനൗസ്‌കായ ഫ്രാന്‍സിലേക്കു പോന്നത്.2020 ഓഗസ്റ്റ് 9-ന് നടന്ന വോട്ടെടുപ്പിന് ശേഷമുള്ള ദിവസങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണ്് ബെലാറസ് റഷ്യയുമായി കൂടുതല്‍ അടുത്ത ബന്ധം സ്ഥാപിച്ചതെന്ന് സിഖനൗസ്‌കായ പറയുന്നു. ലുകാഷെങ്കോയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങിയിരുന്നു.

എന്നിട്ടും, പ്രക്ഷോഭം അടിച്ചമര്‍ത്തിയ സ്വേച്ഛാധിപത്യ നേതാവ് അധികാരത്തില്‍ തുടരുന്നു. 2020-ലെ വോട്ടെടുപ്പില്‍ കൃത്രിമമുണ്ടായെന്ന ആരോപണങ്ങള്‍ നിഷേധിച്ച അദ്ദേഹം വന്‍ വിജയം അവകാശപ്പെട്ട് ആറാം തവണയും ഭരണം നിലനിര്‍ത്തി. റഷ്യ മിന്‍സ്‌കിന് വന്‍ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. രാജ്യത്ത് സൈനിക അഭ്യാസങ്ങള്‍ നടത്താന്‍ ക്രെംലിന്‍ ഈ അടുത്ത ബന്ധങ്ങള്‍ ഉപയോഗിച്ചു. ഉക്രെയ്നിന്റെ വടക്കന്‍ ഭാഗത്തേക്ക് റഷ്യന്‍ സൈനികര്‍ക്ക് പ്രവേശനം നല്‍കുന്നത് യുഎസിനും നാറ്റോയുടെ പാശ്ചാത്യ സൈനിക സഖ്യത്തിനും പ്രധാന വെല്ലുവിളിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.