കീവ്: റഷ്യയുടെ പിടിയിലായ ചെര്‍ണോബില്‍ ആണവ നിലയത്തിന്റെ സൈറ്റില്‍ നിന്ന് റേഡിയേഷന്‍ അളവ് വര്‍ദ്ധിച്ചതായി ഉക്രെയ്‌നിന്റെ ആണവ ഏജന്‍സി. ഏജന്‍സിയിലെ വിദഗ്ധര്‍ കൃത്യമായ റേഡിയേഷന്‍ അളവ് നല്‍കിയിട്ടില്ലെങ്കിലും കനത്ത സൈനിക ഉപകരണങ്ങളുടെ ചലനവും സാന്നിധ്യവും മൂലം റേഡിയോ ആക്ടീവ് പ്രസരണം ഉയരുന്നതായുള്ള മുന്നറിയിപ്പ് യൂറോപ്പിനെ ആശങ്കയിലാഴ്ത്തിത്തുടങ്ങി.
റഷ്യ ഇന്നലെ തന്നെ ചെര്‍ണോബില്‍ പ്രദേശം പിടിച്ചടക്കിയിരുന്നു. സുഗമമായ സൈനിക നീക്കത്തിനു സഹായകമായി ഈ നടപടി. പ്രവര്‍ത്തനരഹിതമായ ആണവ നിലയത്തിന്റെ നില സാധാരണ മട്ടിലാണെന്ന് വിശദീകരിക്കുകയും ചെയ്തു. പ്ലാന്റിന്റെ കാവലിനായി പാരാട്രൂപ്പര്‍മാരെ നിയോഗിക്കുമെന്നും പറഞ്ഞു. പോരാട്ടം തുടങ്ങിയതിന് പിന്നാലെ റഷ്യ പിടിച്ചെടുത്ത തന്ത്രപ്രധാന സ്ഥലങ്ങളിലൊന്നാണ് ചെര്‍ണോബില്‍.ലോകത്തിലെ ഏറ്റവും വലിയ ആണവ ദുരന്തത്തിന്റെ സ്മരണകള്‍ പേറുന്ന സ്ഥലം.
ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നിന്ന് 108 കിലോമീറ്റര്‍ ദൂരം മാത്രമാണ് ചെര്‍ണോബിലിലേക്ക് ഉള്ളത്. ഈ ആണവനിലയത്തിലെ നാലാമത്തെ റിയാക്ടറാണ് 1986ല്‍ ലോകത്തെയാകെ ഞെട്ടിച്ചു കൊണ്ട് പൊട്ടിത്തെറിച്ചത്. സ്ട്രോന്‍ഷ്യം, സീസിയം, പ്ലൂട്ടോണിയം തുടങ്ങിയവയുടെ വികിരണം യുക്രെയ്ന്‍, ബലാറസ്, റഷ്യയുടെ കിഴക്കന്‍ ഭാഗങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയത്. ഇപ്പോള്‍ ജനവാസമില്ലാത്ത മേഖലയാണത്.
36 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ ആണവദുരന്തം സംഭവിച്ചതെങ്കിലും അപകടകരമായ വിഷവസ്തുക്കള്‍ ഇന്നും ഇവിടെ ഉണ്ടെന്നാണ് പറയുന്നത്. നിരവധി പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ നിന്നുയര്‍ന്ന ആണവ അവശിഷ്ടങ്ങളും വികിരണങ്ങളും വരുന്ന തലമുറകളുടെ ആരോഗ്യത്തെ കൂടിയാണ് ബാധിച്ചത്. അതുകൊണ്ട് തന്നെ ഇപ്പോഴും ഇവിടേക്ക് സാധാരണക്കാരായ ജനങ്ങള്‍ക്ക് പ്രവേശനം ഇല്ല. നിയോഗിക്കപ്പെട്ട സുരക്ഷാ ജീവനക്കാര്‍ക്ക് മാത്രമേ ഈ നിരോധിത മേഖലയില്‍ അനുമതി ഉണ്ടായിരുന്നുള്ളു. നൂറ് ടണ്ണോളം ഭാരമുള്ള ആണവ അവശിഷ്ടങ്ങള്‍ റിയാക്ടര്‍ നിലനിന്നിരുന്ന മേഖലയില്‍ ഇപ്പോഴും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
ആണവവികിരണശേഷിയുള്ള വസ്തുക്കള്‍ പുറത്തെത്തുന്നത് തടയാനായി സുരക്ഷിതമായ ഒരു കാവല്‍ ഘടന ചെര്‍ണോബിലില്‍ ഒരുക്കിയിരുന്നു. 170 കോടി ചെലവില്‍ 2017ലാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. ഘട്ടം ഘട്ടമായി ആണവ മാലിന്യങ്ങള്‍ നീക്കം ചെയ്യുക, വികിരണഭീഷണി ഒഴിവാക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങള്‍. അതീവ സുരക്ഷാ മേഖല ആയത് കൊണ്ടുതന്നെ റഷ്യന്‍ സേന ഇവിടെ ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങള്‍ നടത്തുമോ എന്നാണ് പലരും ആശങ്കയോടെ ഉറ്റു നോക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള അശ്രദ്ധ ഉണ്ടായാല്‍ ആണവമാലിന്യം പുറന്തള്ളുന്നതിന് ഇടയാക്കും. ലോകത്തിനാകെ ഭീഷണി ഉയര്‍ത്തുന്ന കാര്യമാണത്.
എന്നാല്‍ വലിയ ആശങ്കയ്ക്ക് ഇടയില്ലെന്നാണ് വിദഗ്ധര്‍ സൂചന നല്‍കുന്നത്. റഷ്യന്‍ സേന റിയാക്ടര്‍ നില്‍ക്കുന്നിടത്ത് വലിയ ആക്രമണങ്ങള്‍ നടത്താന്‍ സാധ്യത കുറവാണ്. കീവ് കീഴടക്കുക എന്ന ലക്ഷ്യത്തിലാണ് റഷ്യന്‍ സൈന്യം ചെര്‍ണോബില്‍ പിടിച്ചെടുത്തത് എന്നും ഇവര്‍ പറയുന്നു. ചെര്‍ണോബില്‍ വഴി കീവ് കീഴടക്കുക എന്നത് റഷ്യയെ സംബന്ധിച്ച് അല്‍പ്പം കൂടി എളുപ്പമാണ്. ഇതിനപ്പുറം ഒരു പ്രാധാന്യം റഷ്യ ചെര്‍ണോബിലിന് നല്‍കുന്നില്ലെന്നാണ് വിവരം. പക്ഷേ, അശ്രദ്ധാപൂര്‍വമായ നീക്കങ്ങള്‍ ഉണ്ടായാല്‍ സുരക്ഷാ ക്രമീകരണത്തിന്റെ താളം തെറ്റാമെന്നതാണു പ്രശ്‌നം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.