പ്രലോഭനങ്ങളേ വിട

പ്രലോഭനങ്ങളേ വിട

ഇതൊരു യുവാവിന്റെ കഥയാണ്. ബാങ്കിലാണ് അദ്ദേഹത്തിന് ജോലി. സ്ഥാപനത്തിലെ എല്ലാവരുമായ് നല്ല ബന്ധം പുലർത്തുന്നതിൽ അയാൾ ശ്രദ്ധ ചെലുത്തിയിരുന്നു. വല്ലപ്പോഴും സുഹൃത്തുക്കളുമായ് ഒത്തുചേരലുകളും ഉണ്ടായിരുന്നു. ആദ്യമൊക്കെ ഭക്ഷണം മാത്രം ഉണ്ടായിരുന്ന പാർട്ടികളിൽ പിന്നീട് മദ്യവും കടന്നുവരാൻ തുടങ്ങി. "എനിക്കിത് ശീലമില്ല. എന്നെ നിർബന്ധിക്കരുത്" അയാൾ പറഞ്ഞു. ആദ്യമെല്ലാം സുഹൃത്തുക്കൾ അയാളെ നിർബന്ധിച്ചില്ല. 
എന്നാൽ പിന്നീടവർ പറഞ്ഞു: "അല്പം ബിയർ കുടിക്കുന്നതിൽ തെറ്റില്ല. നിങ്ങൾ ഒരു ആണായിരിക്കെ ബിയർ പോലും രുചിച്ചു നോക്കിയില്ലെങ്കിൽ എന്ത് ജീവിതമാണ്?" ആ വാക്കുകളിൽ ആകർഷിതനായി അയാൾ അല്പം രുചിച്ചു. പിന്നീടുള്ള എല്ലാ പാർട്ടികളിലും ഒട്ടും മനസാക്ഷിക്കുത്തില്ലാതെ ആ പതിവ് തുടർന്നു. പതിയെപ്പതിയെ ബിയറിൽ നിന്നും വീര്യം കൂടിയ മദ്യങ്ങളിലേക്ക് അയാൾ വഴുതി വീണു. പിന്നീടയാൾക്ക് മദ്യമില്ലാതെ ജീവിക്കാൻ കഴിയില്ലെന്നായി. ഡി അഡിക്ഷൻ കേന്ദ്രത്തിൽ നിന്നും ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയ അയാൾ എന്നോട് പറഞ്ഞ വാക്കുകൾ ഇന്നും മനസിൽ മായാതെ നിൽക്കുന്നു.

"സാരമില്ലെന്ന് കരുതി ആരംഭിച്ച ചില ശീലങ്ങളാണ് എന്റെ നാശത്തിലേക്ക് എത്തിച്ചത്. കൂട്ടുകാരോടും അവരുടെ ഇഷ്ടങ്ങളോടും അരുതെന്ന് പറയുവാൻ അന്നെനിക്കായില്ല. ഞാൻ പൂർണ്ണമായും മദ്യത്തിനടിമപ്പെട്ടപ്പോൾ അവരെല്ലാം എന്നെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. ഇനിയെങ്കിലും നന്നായ് ജീവിക്കാൻ അച്ചനെനിക്കു വേണ്ടി പ്രാർത്ഥിക്കണം." ഇതൊരു യുവാവിന്റെ മാത്രം കഥയല്ല. നമ്മുടെയെല്ലാം കഥയാണ്. നാം ഇന്ന് അകപ്പെട്ടിരിക്കുന്ന ഏത് പാപത്തിനു പിറകിലും ദൈവസ്വരത്തെ മറുതലിക്കാൻ പ്രേരിപ്പിച്ച സാഹചര്യങ്ങളോ സുഹൃത്തുക്കളോ ഉണ്ടായിരിക്കും. ചില കെണികളിൽ അകപ്പെട്ടു കഴിയുമ്പോൾ മാത്രമേ 'വേണ്ടായിരുന്നു, തെറ്റിപ്പോയി'എന്നെല്ലാം തോന്നുകയുള്ളു.  ഇവിടെയാണ് ക്രിസ്തു നമുക്ക് മാതൃകയാകുന്നത്. ഒന്നും രണ്ടുമല്ല നാല്പത് ദിനരാത്രങ്ങളാണ് പിശാചിനാൽ പരീക്ഷിക്കപ്പെട്ട് അവൻ മരുഭൂമിയിൽ കഴിഞ്ഞത്. വിശന്നു വലഞ്ഞ ക്രിസ്തുവിനോട്, കല്ലുകൾ അപ്പമാക്കാനും ദൈവാലയ ശൃംഗത്തില്‍ നിന്നും താഴേക്ക് ചാടാനും തന്നെ കുമ്പിട്ടാരാധിക്കാനും പിശാച് പറയുന്നു.

എന്നാൽ ആ പ്രലോഭനങ്ങളെയെല്ലാം ദൈവ വചനത്താൽ അതിജീവിക്കാൻ ക്രിസ്തുവിന് കഴിഞ്ഞു. "പിശാച്‌ പ്രലോഭനങ്ങള്‍ എല്ലാം അവസാനിപ്പിച്ച്‌, നിശ്‌ചിതകാലത്തേക്ക്‌ അവനെ വിട്ടുപോയി" (ലൂക്കാ 4 : 13). പ്രലോഭനങ്ങൾ അതിജീവിക്കണമെങ്കിൽ ഉറച്ച തീരുമാനവും തികഞ്ഞ ദൈവ വിശ്വാസവും നിറഞ്ഞ ദൈവ കൃപയും വേണം. അതിനുള്ള ദാഹവും പ്രയത്നങ്ങളും ഒരിക്കലും അവസാനിക്കരുത്. എങ്കിൽ മാത്രമേ വിശുദ്ധിയുടെ പടവുകൾ ചവിട്ടിക്കയറാൻ
നമുക്ക് കഴിയൂ...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.