യേശുവിനു വേണ്ടി ജീവിക്കുക എന്നത് ജീവിത ലക്ഷ്യമായി സ്വീകരിച്ച വിശുദ്ധ ആല്‍ബിനൂസ്

യേശുവിനു വേണ്ടി ജീവിക്കുക എന്നത് ജീവിത ലക്ഷ്യമായി സ്വീകരിച്ച വിശുദ്ധ ആല്‍ബിനൂസ്

അനുദിന വിശുദ്ധര്‍ - മാര്‍ച്ച് 01

ബ്രിട്ടനിലെ ഒരു പുരാതന കുടുംബത്തിലായിരുന്നു വിശുദ്ധ ആല്‍ബിനൂസ് ജനിച്ചത്. ബാല്യത്തില്‍ തന്നെ അസാധാരണമായ ദൈവഭക്തിയില്‍ വളര്‍ന്ന ആല്‍ബിനൂസ് യുവാവായിരിക്കെ തന്റെ മാതാപിതാക്കളുടെ ആഗ്രഹത്തിന് എതിരായി ടിന്‍ടില്ലന്റ് ആശ്രമത്തില്‍ ചേര്‍ന്നു. ആശ്രമ ജീവിതത്തിന്റെ എല്ലാ കഠിന ജീവിതചര്യകളും അദ്ദേഹം സന്തോഷത്തോടെ സ്വീകരിക്കുകയും തികച്ചും എളിമയാര്‍ന്ന ജീവിതം നയിക്കുകയും ചെയ്തു.

'യേശുവിനു വേണ്ടി ജീവിക്കുക' എന്നതായിരുന്നു വിശുദ്ധന്റെ ജീവിത ലക്ഷ്യം. പ്രാര്‍ത്ഥനയോടുള്ള പരിപൂര്‍ണ അര്‍പ്പണവും മാതൃകാപരമായ ജീവിതവും അദ്ദേഹത്തിന് മറ്റു സന്യാസിമാരുടെ ഇടയില്‍ വലിയ ബഹുമാനം നേടിക്കൊടുത്തു. ആല്‍ബിനൂസിന് 35 വയസ് മാത്രം പ്രായമുള്ളപ്പോള്‍ ടിന്‍ടില്ലന്റ് ആശ്രമാധിപനായി നിയമിതനായി. അദ്ദേഹത്തിന്റെ നല്ല ഭരണത്തിന്‍ കീഴില്‍ ആശ്രമം വളരെയേറെ അഭിവൃത്തി പ്രാപിക്കുകയും അവിടത്തെ സന്യാസിമാര്‍ വിശുദ്ധന്റെ ആദ്ധ്യാത്മികതയാല്‍ പരിപോഷിക്കപ്പെടുകയും ചെയ്തു.

ആശ്രമാധിപതിയായി 25 വര്‍ഷം സേവനം ചെയ്ത ശേഷം 529 ല്‍ അറുപതാം വയസില്‍ ആങ്കേഴ്‌സ് രൂപതയുടെ മെത്രാനായി അദ്ദേഹം നിയമിതനായി. ഭരണാധികാരികള്‍ വരെ പലപ്പോഴും വിശുദ്ധന്റെ അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നുവെങ്കിലും അദ്ദേഹം ഒരിക്കലും തന്റെ എളിമ കൈവെടിഞ്ഞിരുന്നില്ല. ഒരു മെത്രാനെന്ന നിലയില്‍ അല്‍ബിനൂസ് തന്റെ ദൈവ ജനത്തിന്റെ ക്ഷേമത്തിനായി അക്ഷീണം പരിശ്രമിച്ചു. അവര്‍ക്ക് നല്ല മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

രാജാവായ ചില്‍ഡെബെര്‍ട്ടിന്റെ സഹായത്തോടെ വിശുദ്ധന്‍ ഒര്‍ലീന്‍സില്‍ രണ്ട് ആലോചനാ സമിതികള്‍ വിളിച്ചു കൂട്ടുകയും കുടുംബങ്ങളില്‍ നടന്നു വന്നിരുന്ന നിഷിദ്ധമായ വിവാഹങ്ങളെ എതിര്‍ക്കുകയും ചെയ്തു. ഇതിനിടെ വിജാതീയര്‍ ആങ്കേഴ്‌സ് രൂപത ആക്രമിക്കുകയും നിരവധി പൗരന്‍മാര്‍ അടിമകളാക്കപ്പെടുകയും ചെയ്തു. എന്നാല്‍ മോചന ദ്രവ്യം നല്‍കി വിശുദ്ധ അല്‍ബിനൂസ് നിരവധി അടിമകളെ മോചിപ്പിക്കുകയും ദരിദ്രര്‍ക്കും രോഗികള്‍ക്കും സാമ്പത്തിക സഹായങ്ങള്‍ നല്‍കുകയും ചെയ്തു. 549 മാര്‍ച്ച് ഒന്നിന് വിശുദ്ധ ആല്‍ബിനൂസ് ദിവംഗതനായി.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഫെലിക്‌സ് ദ്വിതീയന്‍ പാപ്പ

2. വെയില്‍സിലെ ഡേവിഡ് (ഡെവി)

3. ഏവുഡോക്കിയ, ഹെലിയോ പോളീസ്

4. മാര്‍സെയില്‍സിലെ ഹേര്‍മെസും അഡ്രിയനും

5. ആഫ്രിക്കക്കാരായ ലെയോ ഡൊണാറ്റൂസ്, അബുന്താന്‍സിയൂസ്, നിസെഫോറൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26