ഉള്ളു തുറക്കുമ്പോൾ

ഉള്ളു തുറക്കുമ്പോൾ

ബോബിയച്ചന്റെ തപസ് എന്ന പുസ്തകത്തിൽ അവതാരികയുടെ അവസാന ഭാഗത്ത് ഇങ്ങനെ കുറിച്ചിരിക്കുന്നു " നോമ്പ് , ചോദിക്കുവാനും അന്വേഷിക്കാനും കണ്ണുപൂട്ടിയിരിക്കുവാനുമുള്ള കാലമാണ്. ഈ മൂന്ന് ചുവടുകളെയും കുറേക്കൂടി ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ആ പരാശക്തി നമ്മെ അനുഗ്രഹിക്കട്ടെ." 


  ചോദിക്കുകയെന്നാൽ ഈ ലോകത്തിലെ ആഗ്രഹങ്ങൾ നിറവേറ്റുവാനുള്ള ചോദ്യമല്ല മറിച്ച് കുറച്ചുകൂടെ ഉയർന്നു ചിന്തിച്ചാൽ ശരീരത്തെ വിട്ട് ആത്മാവിന്റെ ആഗ്രഹങ്ങൾ നിറവേറ്റുവാനുള്ള ചോദ്യങ്ങൾ. അന്വേഷിക്കുകയെന്നാൽ ഈ ഭൂമിയിൽ നമുക്ക് നഷ്ടപ്പെട്ടതോ അല്ലെങ്കിൽ നാം നേടാനാഗ്രഹിക്കുന്നതോ ആയ ഒന്നിനെ അന്വേഷിക്കുന്നതല്ല മറിച്ച് സ്വർഗത്തിലായിരിക്കുന്നവന്റെ ആനന്ദം അന്വേഷിക്കുക എന്നാണ്. കണ്ണുപൂട്ടിയിരിക്കുകയെന്നാൽ ഉൾക്കണ്ണുകൾ പൂട്ടി ഈ ലോകത്തിൽ മുൻപ് കണ്ടിരുന്ന പലതിനെയും കാണാതെ ഉന്നതത്തിലുള്ളവനെ കാണുക എന്നതാണ് .


  ഈ മൂന്ന് കാര്യങ്ങൾ കൃത്യമായും ഏകാഗ്രമായും ചെയ്യുവാൻ കഴിഞ്ഞാൽ നമ്മുടെയൊക്കെ നോമ്പാചരണങ്ങൾ പരിപൂർണവും ഇരട്ടിഫലപ്രദവുമാകും.  പക്ഷെ നമുക്കില്ലാതെ പോകുന്നത് കൃത്യതയും ഏകാഗ്രതയുമാണ്.  ഞാനാരംഭിച്ച എൻെറ നവീകരണം എങ്ങനെ കൃത്യമായും ഏകാഗ്രമായും പൂർത്തിയാക്കാമെന്നുള്ള എന്റെ ചിന്തകൾക്ക് ദൈവം നൽകിയ ഉത്തരമാണ് കുമ്പസാരം.

ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കുക എന്ന തിരുസഭയുടെ കല്പനയെ അതിന്റെ പരിപൂർണതയിൽ അനുസരിക്കുന്നവരാണ് നമ്മിലോരോരുത്തരും .ക്രിസ്ത്യാനികളായ നമുക്ക് ക്രിസ്തുവിന്റെ അനുയായികളായതിന് ചില സമ്മാനങ്ങൾ അല്ലെങ്കിൽ ചില അനുഗ്രഹങ്ങൾ പിതാവ് തന്റെ പുത്രന്റെ രക്തം വഴി നൽകി. അതിൽ ഒന്നാണ് പാപമോചനം അല്ലെങ്കിൽ കുമ്പസാരം. നമ്മുടെ പാപങ്ങൾ വൈദികന്റെ മുൻപിൽ ഏറ്റുപറയുമ്പോൾ അവ ക്ഷമിക്കപ്പെടുക മാത്രമല്ല ഒപ്പം അവ മൂലം ആത്മാവിനേറ്റ മുറിവുകൾ സുഖപ്പെടുക കൂടിയാണ്.  പക്ഷെ അനുരഞ്ജനം ചെയ്യുമ്പോൾ അതിന്റെ പരിപൂർണ്ണതയിൽ വേണമെന്ന് മാത്രം.

നമുക്ക് വരുന്ന രോഗം ചികിത്സിക്കാൻ ഡോക്ടുടെ അടുത്ത് പോകുമ്പോൾ പകുതി മാത്രം രോഗവിവരങ്ങൾ പറഞ്ഞാൽ രോഗം ഭേദമാകുന്നതിനു പകരം കൂടുകയല്ലേയുള്ളൂ. അതേപോലെ തന്നെ നമ്മുടെ ആത്മാവിനെ ചികിത്സിക്കുവാൻ ദൈവം തൻെറ പുത്രൻ വഴി നൽകിയ വരമാണ് കുമ്പസാരം.  കുമ്പസാരക്കൂടിന്റെ മുൻപിൽ മുട്ടു കുത്തുമ്പോൾ നമ്മുടെ ആത്മാവിന്റെ വേദനകൾ അസ്വസ്ഥതകൾ കണ്ണീരോടെ പറയുവാൻ നമുക്ക് കഴിയണം. ആശിർവാദത്തിനു ശേഷം സമാധാനത്തോടെ പോവുക എന്ന് വൈദികൻ ആശംസിച്ച് അയക്കുമ്പോൾ അവിടെ ഈശോയുടെ ശബ്ദം കേൾക്കുവാൻ അപ്പോൾ നടത്തിയ കുമ്പസാരം കൊണ്ട് നമുക്ക് കഴിയണം. അവൻ നൽകിയ സമധാനം നമ്മുടെ കണ്ണുനീരിനു മുകളിൽ പുഞ്ചിരിയായി വിരിക്കുമ്പോഴാണ് നമ്മുടെ ആത്മാവിന്റെ മുറിവുകൾ ഉണങ്ങുന്നത് .

മുറിവുകൾ  ഭേദമായ ആത്മാവിനു മാത്രമേ കൃത്യതയും ഏകാഗ്രതയും ലഭിക്കു. പൊട്ടിയൊലിച്ച് വേദനിക്കുന്ന ഭാഗങ്ങൾ ആ വേദനയെ മാത്രമേ ഓർമ്മിപ്പിക്കുന്നുള്ളു. ശരീരത്തിന് ആരോഗ്യം പകരുന്നതുപോലെ ആത്മാവിന് ആരോഗ്യം പകരുന്ന കുമ്പസാരമെന്ന മരുന്ന് ആണ്ടിലൊരിക്കൽ ഇറച്ചി വാങ്ങാനുള്ള തിരക്കിനിടയിൽ നടത്തുന്ന ഒരു ചെക്കപ്പ് മാത്രം ആകാതെ നോമ്പിന്റെ ഇനിയുള്ള ദിവസങ്ങൾ ഏകാഗ്രതയോടും കൃത്യതയോടും കൂടിയാവാൻ നമ്മുടെ മുട്ടുകൾ ആ കുമ്പസാര കൂടിന്റെ മുൻപിൽ മടക്കാം, വേദന കൊണ്ട് നിറഞ്ഞ മിഴികളിൽ സമാധനത്തിന്റെ പ്രകാശം ചിരിയായി നിറക്കാം.  ഒരിക്കൽ മാത്രമല്ല പ്രകാശം മങ്ങുന്ന ഒരോ തവണയും ഒന്ന് മനസു തുറന്ന്  തിരി നേരെയാക്കി വീണ്ടും പ്രകാശിപ്പിക്കാം.


എന്നിട്ട് നമുക്ക് ചോദിക്കാം അന്വേഷിക്കാം കണ്ണുകൾ പൂട്ടാം... അവനെ ഓശാന പാടി വരവേൽക്കാം അവന്റെ കൂടെ അത്താഴ മേശയിൽ പങ്കുചേരാം കാലു കഴുകി മുത്തുമ്പോൾ മിഴികളിൽ അത്ഭുതത്തോടവനെയൊന്ന് നോക്കാം.... ഒരു കല്ലേറുദൂരമിരുന്ന് അവനൊപ്പം രക്തം വിയർക്കാം.... ഗുൽത്തയിൽ വേദനയിൽ പിടയുമ്പോൾ അവനോടൊപ്പം വേദന പങ്കിടാം ... ഉത്ഥിതനായവന്റെ സമാധാനം ലോകം മുഴുവൻ പകരാം ...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26