റഷ്യ - ഉക്രെയ്ൻ യുദ്ധം അവസാനിപ്പിച്ച് സമാധാനം പുനർസ്ഥാപിക്കണമെന്നും ഉക്രെയ്നിലുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷിതത്വം സർക്കാർ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തലശേരി അതിരൂപത കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ സമാധാന ദീപം തെളിക്കൽ അതിരൂപത കേന്ദ്രത്തിൽ ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.
തലശേരി: റഷ്യ - ഉക്രെയ്ൻ യുദ്ധം മൂലം സ്വദേശത്ത് എത്തിച്ചേരുവാൻ കഴിയാതെ ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളെ അടിയന്തരമായി നാട്ടിൽ തിരിച്ച് എത്തിക്കുവാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് കേന്ദ്ര-കേരള സർക്കാരുകളോട് ആവശ്യപ്പെട്ടു.
ഉക്രെയ്ൻ എന്ന രാഷ്ട്രത്തിന്റെ മേൽ റഷ്യ നടത്തുന്ന കടന്നാക്രമണം ലോകസമാധാനത്തിന് ഭീഷണിയായി തീർന്നിരിക്കുകയാണ്. യുദ്ധം മൂലം ലക്ഷക്കണക്കിന് ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. അതിന് അറുതി വരുത്തി സമാധാനം സ്ഥാപിക്കേണ്ടത് ലോകരാഷ്ട്രങ്ങളുടെ കടമയാണെന്നും മാർ ഞരളക്കാട്ട് അഭിപ്രായപ്പെട്ടു.
യുദ്ധം മൂലം ആരും വിജയിക്കുന്നില്ല. പക്ഷേ ലോകത്തിലുള്ള ലക്ഷക്കണക്കിന് ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. അതിനാൽ റഷ്യയിലെയും ഉക്രെയ്നിലെയും ഭരണാധികാരികൾ യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ട് പരസ്പരം ചർച്ച ചെയ്ത് പരിഹാരം ഉണ്ടാക്കണമെന്നും ലോകം ആഗ്രഹിക്കുന്നതായി ആർച്ചു ബിഷപ്പ് വ്യക്തമാക്കി.
കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശേരി രൂപതയിൽ യുദ്ധത്തിനെതിരെ നടത്തിയ സമാധാന ദീപം തെളിയിക്കൽ ചടങ്ങ് സന്ദേശഭവനിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതിരൂപതാ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. അതിരൂപത പ്രസിഡന്റ് അഡ്വക്കേറ്റ് ടോണി ജോസഫ് പുഞ്ചക്കുന്നേൽ അധ്യക്ഷത വഹിച്ചു.
ബേബി നെട്ടനാനി, ബെന്നി പുതിയാംപുറം, ചാക്കോച്ചൻ കരാമയിൽ, അഡ്വക്കേറ്റ് ബിനോയ് തോമസ്, ഡേവിസ് ആലങ്ങാടൻ, വർഗീസ് പള്ളിച്ചിറ, മാത്യു വള്ളംകോട്, ഐ.സി. മേരി തുടങ്ങിയവർ പ്രസംഗിച്ചു. തലശേരി അതിരൂപതയിലെ 16 ഫൊറോന കേന്ദ്രങ്ങളിലും കത്തോലിക്കാ കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിലും ഇന്നേ ദിവസം സമാധാന ദീപം തെളിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.