തിരുവനന്തപുരം: സ്വന്തമായൊരു വീടില്ലാത്ത പി.കെ. ഗുരുദാസന് വീടൊരുക്കി സഖാക്കള്‍. കിളിമാനൂര്‍ നഗരൂരിന് സമീപം സി.പി.എം സഹപ്രവര്‍ത്തകര്‍ വെച്ചുനല്‍കുന്ന വീടിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്.
25 വര്‍ഷം സി.പി.എം കൊല്ലം ജില്ലാസെക്രട്ടറി, പത്തുവര്‍ഷം എം.എല്‍.എ, അഞ്ചുവര്‍ഷം കേരളത്തിന്റെ തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി പാര്‍ട്ടിക്കായി മാറ്റിവെച്ച ഈ കാലങ്ങളിലൊന്നും സ്വന്തമായൊരു വീട് ഇദ്ദേഹം സമ്പാദിച്ചിരുന്നില്ല. കൊല്ലം ജില്ലാകമ്മിറ്റി ഓഫീസിന് സമീപത്തെ വാടകവീട്ടിലായിരുന്നു ദീര്‍ഘകാലം താമസിച്ചിരുന്നത്. തുടര്‍ന്ന് കൊല്ലം മുണ്ടയ്ക്കലിലെയും പോളയത്തോട്ടെയും വീടുകളിലേക്ക് മാറി. പുസ്തകങ്ങളില്ലാത്ത വീട്, ആത്മാവില്ലാത്ത ശരീരം പോലെ എന്നതിനാല്‍ തന്റെ പുസ്തക ശേഖരം ഇവിടെയെല്ലാം നിറച്ചു.
ഈ വാടകവീടുകളില്‍വെച്ചായിരുന്നു മൂത്ത മക്കളായ സീമയുടെയും ദിവ്യയുടെയും വിവാഹം. വി.എസ്. സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ലഭിച്ചപ്പോള്‍ അഞ്ചുവര്‍ഷം തിരുവനന്തപുരം കവടിയാറിലെ ഔദ്യോഗിക വസതിയിലായിരുന്നു താമസം. ഇക്കാലത്തായിരുന്നു മൂന്നാമത്തെ മകള്‍ രൂപയുടെ വിവാഹം. ലളിതമായ ചടങ്ങിന് ഔദ്യോഗികവസതി വേദിയായി. എ.കെ.ജി സെന്ററിന് സമീപത്തെ പാര്‍ട്ടി ഫ്‌ളാറ്റിലാണ് ഇദ്ദേഹവും ഭാര്യ ലില്ലിയും ഇപ്പോള്‍ താമസം.
സി.പി.എം സംസ്ഥാന സമ്മേളനം കഴിയുന്നതോടെ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിയേണ്ടി വരും. അപ്പോള്‍ ഇവിടെ നിന്ന് പടിയിറങ്ങണം. ഇതോടെയാണ് കൊല്ലം ജില്ലാനേതൃത്വം സ്‌നേഹവീട് നിര്‍മിക്കാന്‍ മുന്‍കൈയെടുത്തത്. മന്ത്രി കെ.എന്‍ ബാലഗോപാല്‍, കൊല്ലം ജില്ലാസെക്രട്ടറി സുദേവന്‍, മുന്‍സെക്രട്ടറി രാജഗോപാല്‍ എന്നിവര്‍ മുന്‍കൈയെടുത്താണ് സംരംഭം പ്രാവര്‍ത്തികമാക്കിയത്. ഗുരുദാസനൊപ്പം പ്രവര്‍ത്തിച്ച നേതാക്കള്‍ മാത്രമാണ് പങ്കാളികള്‍. പാര്‍ട്ടി അംഗങ്ങളില്‍ നിന്നുപോലും പിരിവെടുത്തിട്ടില്ല. ഇദ്ദേഹത്തിന്റെ ഭാര്യ ലില്ലിക്ക് ഓഹരി ലഭിച്ച നഗരൂര്‍ പേടികുളത്തെ പത്തുസെന്റ് സ്ഥലത്താണ് വീടുപണിയുന്നത്.
ഗുരുദാസന്റെ ബന്ധുകൂടിയായ ആര്‍ക്കിടെക്ട് സജിത്ത് ലാലിനെ പണികള്‍ ഏല്‍പ്പിച്ചു. 1700 ചതുരശ്രയടിയില്‍ ഒറ്റനില വീട് ഉയരുകയും ചെയ്തു. ഇവിടേക്ക് ഈ മാസം അവസാനം ഗുരുദാസനും കുടുംബവും താമസം മാറും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.