വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ജൂലൈയില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും (ഡി.ആര്‍.സി) ദക്ഷിണ സുഡാനും സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍ കാര്യാലയത്തിലെ പ്രസ് ഓഫീസ് അറിയിച്ചു.അപ്പസ്‌തോലിക പര്യടനത്തിന് അഫ്രിക്കന്‍ രാഷ്ട്രത്തലവന്മാരില്‍ നിന്നും ബിഷപ്പുമാരില്‍ നിന്നും ക്ഷണമുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ഇറാക്ക് യാത്ര പോലെ ചരിത്രസംഭവമായി മാറുന്നതാകും ജൂലൈയിലെ അപ്പസ്‌തോലിക പര്യടനമെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ പറയുന്നു. ദക്ഷിണ സുഡാന്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ മാര്‍പാപ്പയാകും ഫ്രാന്‍സിസ് മാര്‍പാപ്പ. കലാപകാരികളായ ദക്ഷിണ സുഡാനിലെ നേതാക്കളെ 2019 ഏപ്രിലില്‍, ഈസ്റ്റര്‍ ഉച്ചകോടിക്കായി വത്തിക്കാനിലേക്ക് ക്ഷണിച്ചു വരുത്തി സമാധാനത്തിനായുള്ള എളിയ അപേക്ഷയുമായി മാര്‍പാപ്പ മുട്ടുകുത്തി അവരുടെ പാദങ്ങളില്‍ ചുംബിച്ചത് അതിവിസ്മയത്തോടെയാണ് ലോകം വീക്ഷിച്ചത്.
ജൂലൈ 2 മുതല്‍ 5 വരെ ഡിആര്‍സിയിലെ കിന്‍ഷാസയും ഗോമയും സന്ദര്‍ശിക്കുന്ന മാര്‍പാപ്പ 5 ന് ദക്ഷിണ സുഡാനിലെ ജുബയിലേക്ക് പോകും. 7 വരെയാണ് ദക്ഷിണ സുഡാനിലെ പരിപാടികള്‍. അക്രമം, ആരോഗ്യപ്രശ്‌നങ്ങള്‍, രാഷ്ട്രീയ അസ്ഥിരത എന്നിവയുടെ ഇരകളായ ഡി.ആര്‍.സിയിലെ ജനങ്ങളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ പലപ്പോഴും തന്റെ അടുപ്പം പ്രകടമാക്കിയിട്ടുണ്ട്. ഏറ്റവുമൊടുവില്‍, രാജ്യത്തിന്റെ കിഴക്ക് ഭാഗത്ത് സായുധ കലാപകാരികള്‍ നടത്തിയ ആക്രമണത്തെ അപലപിച്ചിരുന്നു.കുടിയിറക്കപ്പെട്ട 5.6 ദശലക്ഷം ആളുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യമാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ.
2020 ജനുവരിയില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ പ്രസിഡന്റ് ഫെലിക്‌സ് അന്റോയിന്‍ ടിഷിലോംബോ ഷിസെക്കെദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായ കൂടിക്കാഴ്ച നടത്തിയിരുന്നു. വിശുദ്ധ സിംഹാസനവും ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയും തമ്മില്‍ 2016 മെയ് 20ന് ഒപ്പുവച്ച സഹകരണ ഉടമ്പടിക്ക് അന്തിമ അംഗീകാരം നല്‍കുന്നതിനെക്കുറിച്ച് അവരുടെ കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടന്നു.
2011-ല്‍ സ്വാതന്ത്ര്യം നേടിയ ദക്ഷിണ സുഡാന്‍ ലോകത്തിലെ ഏറ്റവും പുതിയ രാഷ്ട്രമാണ്. എന്നിരുന്നാലും 2013 മുതല്‍ രാജ്യം ആഭ്യന്തര യുദ്ധത്തിന്റെ കെടുതികള്‍ നേരിടുന്നു. വിവിധ പാര്‍ട്ടികള്‍ അധികാരത്തിനായി അക്രമ പാതയിലാണ്. പ്രസിഡന്റ് സാല്‍വ കിറും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ആയിരുന്ന മുന്‍ വിമത നേതാവ് റിക്ക് മച്ചാറുമായുള്ള അധികാരത്തര്‍ക്കമാണ് 400,000 ആളുകളുടെ മരണത്തിന് ഇടയാക്കിയ ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ചത്.
2018-ല്‍ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സമാധാന ഉടമ്പടിയില്‍ ഇരുപക്ഷവും ഒപ്പുവച്ചു. എന്നിരുന്നാലും, അതിനുശേഷം, കരാറുകളും ഉടമ്പടികളും ലംഘിക്കുന്നത് തുടരുന്നതിനാല്‍, ദക്ഷിണ സുഡാനില്‍ സമാധാനം ഉണ്ടായിട്ടില്ല.
ലോകത്തിലെ ഏറ്റവും പുതിയ രാഷ്ട്രത്തെ സമാധാനത്തിലെത്തിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അശ്രാന്തപരിശ്രമം നടത്തി. അതേത്തുടര്‍ന്നാണ് 2019 ഏപ്രിലില്‍, നേതാക്കളെ ക്ഷണിച്ചു വരുത്തി അവരുടെ പാദങ്ങളില്‍ ചുംബിച്ചത്.രാജ്യാന്തര ബന്ധങ്ങളുടെ ചുമതലയുള്ള വത്തിക്കാന്‍ സെക്രട്ടറി ആര്‍ച്ച്ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗല്ലഗെര്‍ മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഡിസംബര്‍ 21 മുതല്‍ 23 വരെ ജൂബ സന്ദര്‍ശിച്ച് ദക്ഷിണ സുഡാനീസ് രാഷ്ട്രീയ, മത അധികാരികളുമായി ചര്‍ച്ച നടത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.