പ്രായപരിധിയില്‍ ആര്‍ക്കും ഇളവില്ല; ജി. സുധാകരനെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കി

പ്രായപരിധിയില്‍ ആര്‍ക്കും ഇളവില്ല; ജി. സുധാകരനെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കി

കൊച്ചി: ജി സുധാകരനെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കി സിപിഎം. പ്രായപരിധി ഇളവ് സുധാകരന് ലഭിച്ചില്ല. പ്രായപരിധിയില്‍ മുഖ്യമന്ത്രിക്ക് ഒഴികെ മറ്റാര്‍ക്കും ഇളവ് നല്‌കേണ്ടെന്നാണ് തീരുമാനം. ജി. സുധാകരന് ഇളവ് ലഭിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടെ തുടരാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി സുധാകരന്‍ കോടിയേരിക്ക് കത്ത് നല്‍കിയിരുന്നു. മുതിര്‍ന്ന അംഗങ്ങളില്‍ പലരുടേയും നേതൃനിരയില്‍ നിന്നുള്ള വിടവാങ്ങലിനും സമ്മേളനം സാക്ഷ്യം വഹിക്കും. ഇവരടക്കം ഇരുപതോളം നേതാക്കള്‍ ഒഴിവായേക്കും.

12 മുതല്‍ 20 വരെ പുതുമുഖങ്ങളെ സംസ്ഥാന കമ്മിറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ.എ. റഹിം, സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ്, സെക്രട്ടറി വി.കെ. സനോജ്, എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വി.പി. സാനു, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്‍. സുകന്യ തുടങ്ങിയവര്‍ എത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

75 വയസ് കര്‍ശനമായി നടപ്പാക്കുന്നതോടെ ആനത്തലവട്ടം ആനന്ദന്‍, പി.കരുണാകരന്‍, എം.എം. മണി, കെ.ജെ തോമസ്, വൈക്കം വിശ്വന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍, സി.പി നാരായണന്‍, ആര്‍. ഉണ്ണികൃഷ്ണ പിള്ള, ജി സുധാകരന്‍, എം ചന്ദ്രന്‍, കെ.വി രാമകൃഷ്ണന്‍, പി.പി. വാസുദേവന്‍, കെ.പി സഹദേവന്‍ എന്നിവരെ നേതൃനിരയില്‍ നിന്ന് ഒഴിവാക്കും.

സംസ്ഥാന സമിതിയില്‍ സ്ത്രീ പ്രാതിനിധ്യം കൂട്ടാനും സിപിഎം ആലോചിക്കുന്നുണ്ട്. സംസ്ഥാന സമിതിയില്‍ 10 ശതമാനം വനിതകള്‍ വേണമെന്നതാണ് കേന്ദ്ര കമ്മിറ്റി നിര്‍ദേശിച്ചിട്ടുള്ളത്. ഇതില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കാന്‍ സാധ്യതയുണ്ട്. 21 അംഗ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പി.കെ ശ്രീമതി, കെ.കെ ശൈലജ, എം.സി ജോസഫൈന്‍ എന്നിവരാണ് വനിതാ അംഗങ്ങളായിട്ടുള്ളത്. ഇതില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കാനിടയില്ല. പക്ഷെ പാര്‍ട്ടി സെന്ററിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തി പ്രധാന ചുമതല വനിതകള്‍ക്ക് നല്‍കുന്ന കാര്യം പരിഗണിച്ചേക്കുമെന്നാണ് വിവരം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.