മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനായി സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. മുസ്ലീം ലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. ദേശീയ അധ്യക്ഷന്‍ കെ.എം ഖാദര്‍ മൊയ്തീനാണ് പ്രഖ്യാപനം നടത്തിയത്. ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്.
ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റുമായിരുന്നു സാദിഖലി തങ്ങള്‍. ലീഗ് ഉന്നതാധികാരസമിതി അംഗമായ അദ്ദേഹം ഹൈദരലി തങ്ങള്‍ ചികിത്സയില്‍ കഴിയുന്ന സമയത്ത് പാര്‍ട്ടിയുടെ ചുമതല നിര്‍വഹിച്ചിരുന്നു. ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയര്‍മാന്‍ സ്ഥാനവും സാദിഖലി തങ്ങള്‍ക്കാണ് നല്‍കിയിട്ടുള്ളത്.
പൂക്കോയ തങ്ങള്‍ അധ്യക്ഷ പദവിയിലിരുന്നതിന് ശേഷം കീഴ് വഴക്കമനുസരിച്ച് പാണക്കാട് കുടുംബത്തില്‍ നിന്ന് തന്നെയാണ് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്മാരായി നിയോഗിക്കാറുള്ളത്.
സാദിഖലി തങ്ങളെ പുതിയ പദവിയിലേക്ക് സ്വീകരിച്ച ഖാദര്‍ മൊയ്തീന്‍ എല്ലാവരുടെയും പിന്തുണ സാദിഖലി തങ്ങള്‍ക്ക് വേണമെന്നും അഭ്യര്‍ഥിച്ചു. യോഗത്തില്‍ പാണക്കാട് റഷീദലി തങ്ങളാണ് സാദിഖലി തങ്ങളുടെ പേര് നിര്‍ദ്ദേശിച്ചതെന്നും അത് എല്ലാവരും ഐകകണ്‌ഠ്യേന അംഗീകരിക്കുകയായിരുന്നുവെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
പി.എം.എസ്.എ.പൂക്കോയ തങ്ങളുടെയും ഖദീജ ഇമ്പിച്ചി ബീവിയും മകനായി 1964ൽ ജനിച്ചു. എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ്, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് എന്നീ സുപ്രധാന ചുമതലകൾ നിർവഹിച്ചിരുന്നു.
ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.