എറണാകുളത്ത് മാർപ്പാപ്പയുടെ പ്രതിനിധിയുടെയും മാർ ആലഞ്ചേരിയുടെയും കോലം കത്തിച്ചു

എറണാകുളത്ത് മാർപ്പാപ്പയുടെ പ്രതിനിധിയുടെയും മാർ ആലഞ്ചേരിയുടെയും കോലം കത്തിച്ചു

കൊച്ചി : എറണാകുളം - അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബ്ബാനക്രമത്തിനായുള്ള വത്തിക്കാന്റെയും സീറോ മലബാർ സിനഡിന്റെയും കർശന നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ അതിരൂപതയിലെ മുഴുവൻ വൈദീകരുടെയും യോഗം ഇന്ന് ചേരുന്നു. ഏകീകൃത കുർബ്ബാന അർപ്പണം എന്ന വത്തിക്കാൻ നിർദ്ദേശത്തെ എതിർക്കുന്ന ‘അൽമായ മുന്നേറ്റം’ സംഘടനയുടെ നേതൃത്വത്തിൽ രാവിലെ നടന്ന മാർച്ചിൽ വത്തിക്കാനിലെ പൗര്യസ്ത്യ തിരുസംഘം തലവനും മാർപ്പാപ്പയുടെ പ്രതിനിധിയുമായിട്ടുള്ള കർദിനാൾ ലിയനാർഡോ സാന്ദ്രിയുടെയും സീറോ മലബാർ സഭ തലവൻ മാർ ജോർജ് ആലഞ്ചേരിയുടെയും കോലങ്ങൾ പ്രതിഷേധക്കാർ കത്തിച്ചു.

ഇന്നത്തെ വൈദീക സമ്മേളനത്തിൽ റോമിൽ 2023 ൽ നടക്കാൻ പോകുന്ന ആഗോള സഭാ സിനഡിന് ഒരുക്കമായ ചർച്ചയും, ഇടവക തലത്തിൽ സംഘടിപ്പിക്കേണ്ട പരിപാടികൾക്കുള്ള പരിശീലനവും നടത്തപെടുന്നതായിരിക്കുമെന്ന് സിഞ്ചെല്ലൂസ് ഫാ. ഹോർമിസ് മൈനാട്ടി വൈദികരെ അറിയിച്ചു. വൈദീക സമിതി സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്ന മാർ ആന്റണി കരിയിൽ റോമിന്റെയും , സിനഡിന്റെയും നിലപാടുകളെ തള്ളിപ്പറയുമോ, അതോ അംഗീകരിക്കുമോ എന്ന് അറിയാൻ കാത്തിരിക്കുകയാണ് രൂപതയിലെ വിശ്വാസി സമൂഹം.

മാർപ്പാപ്പയുടെ പ്രതിനിധിയുടെയും   സീറോ  മലബാർ സഭാ തലവന്റെയും കോലം കത്തിച്ച നടപടിക്കെതിരെ   വിശ്വാസികൾക്കിടയിൽ  കടുത്ത പ്രതിഷേധമാണുയരുന്നത്. ആഗോള കത്തോലിക്കാ സഭയിൽ  പൗരസ്ത്യ സഭകൾക്കായുള്ള  കാര്യാലയമാണ് ഓറിയന്റൽ കോൺഗ്രിഗേഷൻ. ഇതിന്റെ തലവനായ  കർദിനാൾ ലിയനാർഡോ സാന്ദ്രി, ഫ്രാൻസിസ് മാർപ്പാപ്പയുടെ  പ്രതിനിധിയാണ്.  സീറോ മലബാർ സഭയിൽ  ഏകീകൃത കുർബ്ബാന അർപ്പണം  നടപ്പിലാക്കാൻ  മാർപ്പാപ്പ സീറോ മലബാർ സഭയെ ആഹ്വാനം ചെയ്തിരുന്നു. അതിനോട് അനുബന്ധിച്ച് ഉണ്ടായ വിവാദങ്ങളിൽ,  എറണാകുളം - അങ്കമാലി അതിരൂപത  സ്വീകരിച്ച  സിനഡ്   വിരുദ്ധ നിലപാടുകൾ തിരുത്തുവാൻ  കർദിനാൾ  സാന്ദ്രി    രൂപതയ്ക്ക്  അന്ത്യശാസനം  നൽകിയിരുന്നു. ഇതാണ് വിമത സ്വരം  ഉയർത്തുന്നവർ അദ്ദേഹത്തിനെതിരെയും  തിരിയാൻ  ഇടയായത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.