ഇറാനില്‍ അപകടത്തില്‍പെട്ട ചരക്ക് കപ്പലില്‍ മലയാളി യുവാവും; കപ്പലിലുള്ളവരെ രക്ഷപെടുത്തി

ഇറാനില്‍ അപകടത്തില്‍പെട്ട ചരക്ക് കപ്പലില്‍ മലയാളി യുവാവും; കപ്പലിലുള്ളവരെ  രക്ഷപെടുത്തി

ആലപ്പുഴ: ഇറാനിൽ അപകടത്തിൽപെട്ട ചരക്ക് കപ്പലിൽ മലയാളി യുവാവ് ആലപ്പുഴ എടത്വാ സ്വദേശിയും. കപ്പൽ സേഫ്റ്റി ഓഫീസറായ എടത്വാ പുതിയേടത്ത് പികെ പൊന്നപ്പന്റേയും പ്രസന്നയുടേയും മകൻ മിഥുൻ പൊന്നപ്പനാണ് അപകടത്തിൽപെട്ട കപ്പലിലുണ്ടായിരുന്നത്. കപ്പലിലുള്ളവരെ ഇറാനി തീരസംരക്ഷണ സേന രക്ഷപെടുത്തി കരയ്ക്ക് എത്തിച്ചു.

എല്ലാവരും സുരക്ഷിതരാണെന്ന് ദുബായിലുള്ള മിഥുന്റെ സഹോദരൻ മിത്തു പൊന്നപ്പൻ വീട്ടുകാരെ അറിയിച്ചു. 
മിഥുൻ കഴിഞ്ഞ അഞ്ചു വർഷമായി ദുബായിൽ ജോലി നോക്കി വരുകയാണ്. ഒരു വർഷത്തിന് മുൻപാണ് കപ്പലിൽ സേഫ്റ്റി ഓഫീസറായി പ്രവേശിച്ചത്. വിഷുവിന് നാട്ടിൽ എത്താൻ ഇരിക്കുമ്പോഴാണ് മിഥുൻ ജോലി ചെയ്യുന്ന ചരക്ക് കപ്പൽ അപകടത്തിൽ പെട്ടത്. ഇന്നലെ അപകട വാർത്ത പുറത്തുവന്നതോടെയാണ് അപകടത്തിൽ പെട്ട കപ്പലിൽ മിഥുൻ ഉണ്ടായിരുന്നതായി അറിയുന്നത്. 

കഴിഞ്ഞ 15 ന് ദുബായ് റാഷിദ് തുറമുഖത്ത് നിന്ന് ഇറാനിലേക്ക് പോയ സാലിം അൽ മക്രാനി കാർഗോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലാണ് അപകടത്തിൽ പെട്ടത്. മുപ്പത് ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് കപ്പൽ അപകടത്തിൽ പെടുകയായിരുന്നെന്നാണ് സൂചന. ഇറാൻ അതിർത്തിയിൽ വെച്ചാണ് കപ്പൽ അപകടത്തിൽപ്പെട്ടത്. പിന്നീട് ഇറാനി തീരസംരക്ഷണ സേന കപ്പലിൽ ഉണ്ടായിരുന്നവരെ തീരത്ത് എത്തിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.