നീതിമാനായ ഭർത്താവ്

നീതിമാനായ ഭർത്താവ്

രണ്ടു സ്ത്രീകളുടെ കഥ പറയാം.. ആദ്യത്തെ സ്ത്രീ തന്റെ ദുഃഖത്തിന്റെ ഭാണ്ഡകെട്ടുകൾ തുറന്നു: "അച്ചനറിയുമോ, എന്റെ ജീവിത പങ്കാളി എന്നെ സ്നേഹിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ഒരു സ്ത്രീയെന്ന ബഹുമാനം പോലും എനിക്കിതുവരെയും നൽകിയിട്ടില്ല. അയാളുടെ ആവശ്യങ്ങൾ നിറവേറ്റാൻ, ഭക്ഷണം വിളമ്പാൻ മാത്രമുള്ള ഒരു വ്യക്തി. മക്കൾ വിവാഹിതരായിട്ടു പോലും അവർക്കു മുമ്പിൽ എന്നെ ഇകഴ്ത്തി സംസാരിക്കുന്നതാണ് അയാൾക്ക് പ്രിയം. ഞങ്ങൾ ഒരുമിച്ച് ഇതുവരെയും ഭക്ഷണം കഴിക്കാൻ പുറത്തു പോകുകയോ, ഒരുമിച്ച് സിനിമക്കു പോകുകയോ ചെയ്തിട്ടില്ല. പനിച്ച് വിറച്ച് കട്ടിലിൽ കിടക്കുമ്പോൾ ഒന്നരികിൽ വന്നിരുന്നെങ്കിൽ.....സുഖമാണോ ....രോഗം കുറവുണ്ടോ .....എന്നെല്ലാം ചോദിച്ചിരുന്നെങ്കിൽ എന്ന് എത്രയോ തവണ ആഗ്രഹിച്ചിട്ടുണ്ട്. വേദനകൾ ഏറുന്ന സമയങ്ങളിൽ അദ്ദേഹം മരിച്ചിരുന്നെങ്കിൽ എന്ന് പോലും ഞാൻ ചിന്തിച്ചിട്ടുണ്ട്...."

രണ്ടാമത്തെ സ്ത്രീയുടേത്  വ്യത്യസ്തമായ അനുഭവമാണ്. അവരുടെ വീട്ടിൽ പ്രാർത്ഥിക്കാനായ് കൂട്ടിക്കൊണ്ടുപോയത് സുഹൃത്താണ്. ആ സ്ത്രീയുടെ ഭർത്താവ് കുറച്ചുനാളായ് കിടപ്പിലായിട്ട്. ചികിത്സകൾ ഏറെ ചെയ്തങ്കിലും രോഗത്തിന് തെല്ലും ശമനമില്ല. ഞാനദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കുന്നതിനു മുമ്പ് ആ സ്ത്രീ എന്നോട് സ്വകാര്യമായ് പറഞ്ഞു: "അച്ചാ, ചേട്ടൻ മരിക്കാൻ വേണ്ടി ഒരിക്കലും പ്രാർത്ഥിക്കരുത്. തളർന്നു കിടക്കുന്ന ഈ വ്യക്തി എനിക്കൊരിക്കലും ഭാരമല്ല. എനിക്ക് ജീവിക്കാൻ ശക്തി നൽകുന്നത് ഇദ്ദേഹമാണ്. ഇതുവരെയും എന്നെയും മക്കളെയും സ്നേഹിക്കുക മാത്രമേ ചെയ്തിട്ടുള്ളു. ഞങ്ങൾക്കു വേണ്ടി ഇദ്ദേഹം കഷ്ടപ്പെട്ടതിന് കയ്യും കണക്കുമില്ല. ഞങ്ങൾ ഒരിക്കലും പുറത്ത് ഭക്ഷണം കഴിക്കാനോ, സിനിമ കാണാനോ ഇതുവരെയും പോയിട്ടില്ല. എനിക്കതിൽ തെല്ലും പരിഭവവുമില്ല.....പലപ്പോഴും രുചിയേറിയ ഭക്ഷണം പോലും വേണ്ടെന്നു വച്ച് ഇദ്ദേഹം കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുക മാത്രമാണ് ചെയ്തിട്ടുള്ളത്."

രണ്ട് കുടുംബങ്ങളിലെ വ്യത്യസ്തമായ കഥകൾ നമുക്കു മുമ്പിൽ തുറന്നു കാട്ടുന്നത് ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങളാണ്.
ഒരു കുടുംബത്തിൽ സ്വന്തം സുഖത്തിന് മാത്രം പ്രാധാന്യം കൊടുക്കുന്ന ഭർത്താവ്. അദ്ദേഹം തന്റെ ജീവിത പങ്കാളിയെ പരിഗണിക്കുകയോ സ്നേഹിക്കുകയോ ചെയ്യുന്നില്ല. അവിടെയുള്ള കുറവുകൾ നൊമ്പരങ്ങളായ് അവശേഷിക്കുന്നു. ആരോഗ്യമുണ്ടായിട്ടു പോലും ഭർത്താവ് ഭാര്യയ്ക്ക് ഭാരമായ് തീരുന്നു. എന്നാൽ മറ്റേ കുടുംബത്തിൽ കഷ്ടതകൾക്കും ദുരിതങ്ങൾക്കും മധ്യേ സ്നേഹം പൂത്തുലയുന്നു. കുറവുകളിൽ പരാതികളില്ല. തളർന്നു കിടക്കുന്ന ഭർത്താവ് ഒരു ഭാരമല്ലെന്ന് വിളിച്ചോതുന്ന ഭാര്യ!

വി.യൗസേപ്പിതാവിനെക്കുറിച്ച് ധ്യാനിച്ചപ്പോഴാണ് ഈ കുടുംബങ്ങളുടെ ചിത്രം മനസിൽ തെളിഞ്ഞത്. ഭാര്യയെ അപമാനിതയാക്കാൻ ഇഷ്ടപ്പെടാത്ത, ദൈവത്തോട് ആലോചന നടത്തി, കുടുംബത്തിനു വേണ്ടി രാപകൽ അധ്വാനിച്ച വ്യക്തിയായിരുന്നു ഔസേപ്പിതാവ്. അയാൾ നീതിമാനായിരുന്നു എന്നാണ് വി.ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നത് (മത്താ 1:18 -25). എന്താണ് യഥാർത്ഥ നീതി?

കൂടെയുള്ളവരെ അപമാനിക്കാതെ മാനിക്കാൻ ശ്രമിക്കുക. അവരുടെ ജീവിതവും ദൈവതിരുമുമ്പിൽ വിലപ്പെട്ടതാണെന്ന് തിരിച്ചറിയുക. എന്റെ അധ്വാനം എനിക്കു വേണ്ടി മാത്രമല്ല മറ്റുള്ളവരുടെ നന്മയ്ക്കും വളർച്ചയ്ക്കും വേണ്ടിയാണെന്നു കൂടി മനസിലാക്കുക. അങ്ങനെയുള്ള വ്യക്തികൾ മറ്റുള്ളവർക്ക് ഒരിക്കലും ഭാരമാകില്ല, വി.യൗസേപ്പിനെപ്പോലെ അനുഗ്രഹമാകും.
വി.യൗസേപ്പിതാവിന്റെ തിരുനാൾ മംഗളങ്ങൾ!


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.