മഡ്ഗാവ്: ഐഎസ്എല്‍ കിരീടം ഹൈദരാബാദ് എഫ്‌സിക്ക്. നിശ്ചിത സമയത്ത് 1-1 സമനിലയിലായിരുന്നു മത്സരം. പിന്നീട് എക്‌സ്ട്ര ടൈമില്‍ നിന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങി. ഷൂട്ടൗട്ടില്‍ 3-1നാണ് ഹൈദരാബാദിന്റെ ജയം.
ആദ്യ പകുതി ബ്ലാസ്റ്റേഴ്‌സിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലായിരുന്നു. മറുവശത്ത് ബെര്‍ത്തലോമിയോ ഒഗ്‌ബെച്ചെയെ കൃത്യമായി പൂട്ടാന്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് സാധിച്ചു. ഒരിക്കല്‍പ്പോലും ഒഗ്‌ബെച്ചെയില്‍ നിന്ന് അപകടകരമായ ഒരു ഷോട്ട് പോലും ആദ്യ പകുതിയില്‍ ഉണ്ടായില്ലെന്നത് കൊമ്പന്മാരുടെ ആധിപത്യത്തിന്റെ തെളിവായി. മുപ്പത്തിരണ്ടാം മിനിറ്റില്‍ അല്‍വാരോ വാസ്‌കസിന്റെ ഷോട്ട് ബോക്‌സില്‍ തട്ടി തെറിച്ചിരുന്നില്ലെങ്കില്‍ ആദ്യ പകുതിയില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ലീഡെടുത്തേനെ.
രണ്ടാം പകുതിയില്‍ കളി സുന്ദര നിമിഷങ്ങളാല്‍ സമ്പന്നമായി. ഹൈദരാബാദ് കൂടുതല്‍ ആക്രമണത്തിലേക്ക് തിരിഞ്ഞതോടെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തില്‍ ഉലച്ചിലുകളുണ്ടായി. ജോയെല്‍ കിയാനിസെയ്ക്ക് പകരം ജാവിയെര്‍ സിവേരിയോ വന്നത് ഹൈദരാബാദിന് ഉണര്‍വായി. പലപ്പോഴും സിവേരിയോയുടെ നീക്കങ്ങായിരുന്നു പ്രഭുഷ്‌കാന്‍ ഗില്ലിനെ പരീക്ഷിച്ചത്.
ആറുപത്തൊമ്പതാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് കാത്തിരുന്ന നിമിഷമെത്തി. ഒരു കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു ഗോളിന്റെ തുടക്കം. ബോക്‌സിന് വെളിയില്‍ നിന്ന് രാഹുല്‍ കെപി തൊടുത്ത ഷോട്ട് ഹൈദരാബാദ് ഗോള്‍കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണിയുടെ കൈകളില്‍ തട്ടി പോസ്റ്റിലേക്ക്. ഗ്യാലറികള്‍ തുള്ളിച്ചാടിയ നിമിഷം. എന്നാല്‍ നിശ്ചിത സമയത്തിന് വെറും രണ്ട് മിനിറ്റ് ബാക്കിനില്‍ക്കേ സഹില്‍ ടവേറയിലൂടെ ഹൈദരാബാദ് സമനില കണ്ടെത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.