മംഗളവാർത്താ ദിനത്തിൽ റഷ്യയെയും ഉക്രൈനെയും മാതാവിന്റെ വിമല ഹൃദയത്തിന് സമർപ്പിക്കുവാൻ ഒരുങ്ങി ഫ്രാൻസിസ് മാർപ്പാപ്പ

മംഗളവാർത്താ ദിനത്തിൽ റഷ്യയെയും ഉക്രൈനെയും മാതാവിന്റെ വിമല ഹൃദയത്തിന് സമർപ്പിക്കുവാൻ ഒരുങ്ങി ഫ്രാൻസിസ് മാർപ്പാപ്പ

വത്തിക്കാൻ സിറ്റി:    ഭൂമിയിലെ ജനതകൾ മുഴുവനും രക്ഷന്റെ വരവിനായി കാത്തിരുന്നു. ഏതെങ്കിലും രാജവംശത്തിൽ അതീവ സമ്പന്നനും ധീരനുമായ ഒരു രാജകുമാരനായിരിക്കുമെന്നു കരുതിയിരുന്നു. എന്നാൽ അന്നൊരു ദിവസം ആരോരുമറിയാതെ ഗബ്രിയേൽ മാലാഖ നസ്രത്തിലെ ഒരു കുടുസുമുറിയിലേക് സന്ദേശവുമായി എത്തി. അതെ ലോകം മുഴുവൻ കാത്തിരുന്ന ആ മംഗളവർത്ത ആളും ആരവുമില്ലാതെ വളരെ കുറഞ്ഞ വാക്കുകളിൽ ഒരുവൾക്ക് കൈമാറപ്പെടുന്നു. മറ്റൊരു രീതിയിൽ ചിന്തിച്ചാൽ സകല വിധ ദുരിതങ്ങളിൽ നിന്നും നമ്മെ മറച്ചു പിടിക്കുവാൻ പിതാവായ ദൈവം പരിശുദ്ധ അമ്മയുടെ ഹൃദയത്തെ നമുക്കായി ഒരുക്കിയെടുത്ത ദിവസം.

ഈശോയുടെ ജനനത്തിന് ഒൻപതു മാസം മുമ്പ് മാർച്ച് 25 ന് ആണ് ആഗോള കത്തോലിക്ക സഭ പരിശുദ്ധ അമ്മയുടെ മംഗളവാർത്ത തിരുന്നാൾ ആഘോഷിക്കുന്നത് .

വലിയ നോമ്പുകാലത്തെ വെള്ളിയാഴ്ചയും മാതാവിൻ്റെ മംഗളവാർത്താ തിരുനാളും ഒരുമിച്ച് വരുന്ന മാർച്ച് 25  തന്നെയാണ് യുദ്ധവും യുദ്ധകെടുതികളും അനുഭവിക്കുന്ന ഭീതിയുടെ മുൾമുനയിൽ കഴിയുന്ന ഉക്രൈനെയും റഷ്യയെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തോട് ചേർത്തു വയ്ക്കുവാൻ ഏറ്റവും അനുയോജ്യമായ ദിവസം .

ഇന്ന് വെള്ളിയഴ്ച ഇന്ത്യൻ സമയം രാത്രി 9.30 ന് സെൻ്റ്. പീറ്റേഴ്സ് ബസലിക്കയിൽ നടക്കുന്ന സമർപ്പണ ശുശ്രൂഷയ്ക്ക് മാർപ്പാപ്പ നേതൃത്വം നൽകും.ഈ ശുശ്രൂഷകളിൽ ഫ്രാൻസിസ് മാർപ്പാപ്പയ്ക്കൊപ്പം എമിരിറ്റസ്‌ ബനടിക്ട് പതിനാറാമൻ പാപ്പയും സ്വവസതിയിൽ നിന്നും പങ്കെടുക്കും. 

ബനടിക്ട് മാർപ്പാക്ക് പുറമേ ലോകം മുഴുവനുമുള്ള മെത്രാൻമാരും വത്തിക്കാനിൽ ശുശ്രൂഷകൾ നടക്കുന്ന സമയത്ത് അവരവർ ആയിരിക്കുന്നിടത്ത് സമർപ്പണം നടത്തും. എല്ലാ ഭൂഖണ്ഡങ്ങളിലെയും പ്രാദേശിക സഭകളും ഇതിൽ പങ്കുചേരും. ഒപ്പം എല്ലായിടങ്ങളിലുമുള്ള വിശ്വാസികൾക്ക് തത്സമയം ശുശ്രൂഷകളിൽ പങ്കെടുക്കുവാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

മാർപാപ്പായുടെ ദാനധർമ്മാദി കാര്യങ്ങൾക്കായുള്ള വിഭാഗത്തിൻറെ ചുമതലയുള്ള കർദ്ദിനാൾ കൊൺറാഡ് ക്രയേവ്സ്ക്കി പാപ്പായുടെ പ്രത്യേക ദൂതനായി പോർച്ചുഗലിലെ, ഫാത്തിമായിൽ ഈ സമർപ്പണ കർമ്മം നിർവ്വഹിക്കും.

ഫാത്തിമ ദർശനത്തിൻ്റെ ആദ്യ ഭാഗത്തെ നരക ദർശനത്തിനു ശേഷം ഫാത്തിമായിലെ മൂന്നു കുട്ടികൾക്ക് മാതാവ് നൽകിയ സന്ദേശത്തിൽ ഇങ്ങനെ പറയുന്നു: " അശരണരായ പാപികളുടെ ആത്മാക്കള്‍ ചെന്നുവീഴുന്ന നരകം നിങ്ങള്‍ കണ്ടുവല്ലോ. അവരെ രക്ഷിക്കാനായി ലോകത്തില്‍ എന്റെ വിമല ഹൃദയത്തോടുള്ള ഭക്തി സ്ഥാപിക്കാന്‍ ദൈവം ആഗ്രഹിക്കുന്നു.  റഷ്യയെ എന്റെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കാൻ ഞാന്‍ ആവശ്യപ്പെടാന്‍ പോകുന്നു. എന്റെ അപേക്ഷ സ്വീകരിക്കപ്പെട്ടാല്‍ റഷ്യ മാനസാന്തരപ്പെടുകയും സമാധാനം ഉണ്ടാവുകയും ചെയ്യും. അല്ലാത്തപക്ഷം, റഷ്യ അതിന്റെ തെറ്റുകള്‍ ലോകം മുഴുവന്‍ പരത്തും. അതുവഴി യുദ്ധങ്ങളും സഭാ പീഡനങ്ങളും ഉണ്ടാവുകയും ചെയ്യും. പരിശുദ്ധ പിതാവിന് പീഡകള്‍ ഉണ്ടാകും. പല രാജ്യങ്ങളും നശിപ്പിക്കപ്പെടും. അവസാനം, എന്റെ വിമലഹൃദയം വിജയം വരിക്കും. പരിശുദ്ധ പിതാവ് റഷ്യയെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുകയും, റഷ്യ മാനസാന്തരപ്പെടുകയും ചെയ്യും. സമാധാനപൂര്‍ണ്ണമായ ഒരു കാലം ലോകത്തിനു നല്കപ്പെടും."

1984 മാർച്ച് 25ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാ റഷ്യയെ മാതാവിൻ്റെ വിമല ഹൃദയത്തിന് പ്രതിഷ്ഠിച്ചിരുന്നു.

എന്താണ് വിമല ഹൃദയ പ്രതിഷ്ഠ..?

ഞാൻ എന്നെത്തന്നെയോ, മറ്റുള്ളവരെയോ പരി. കന്യകാമറിയത്തിന് സമർപ്പിക്കുന്നതാണ് വിമലഹൃദയ പ്രതിഷ്ഠ. സ്നേഹം തന്നെയായ ഈശോ സ്വയം ശൂന്യനാക്കി എളിമയിൽ നിറഞ്ഞ് പരി. കന്യകാമറിയത്തിന്റെ ഉദരത്തിൽ പ്രവേശിച്ചപ്പോൾ മറിയത്തിന്റെ ഹൃദയം വിമല ഹൃദയമായി മാറി. പരിശുദ്ധാത്മാവിനാലാണ് മറിയം ഗർഭം ധരിച്ചത്. അതിനാൽ മാതാവിന്റെ ആത്മാവും മനസും ശരീരമവുമെല്ലാം പരിശുദ്ധാത്മാവ് നിറഞ്ഞു നിൽക്കുന്നു. പരി. കന്യക പരിശുദ്ധാത്മാവിന്റെ കോട്ടയായി മാറി. വിമല ഹൃദയത്തിന് സമർപ്പിക്കപ്പെടുന്ന ആത്മാക്കളെ പരി. അമ്മ തന്റെയുള്ളിൽ വാഴുന്ന പരിശുദ്ധാത്മാവിന് ഏല്‌പിച്ചു കൊടുക്കുന്നു. പരിശുദ്ധാത്മാവ് തനിക്കു സമർപ്പിക്കപ്പെട്ട വ്യക്തികളെയും, സമൂഹങ്ങളെയും ശുദ്ധികരിച്ച് രൂപാന്തരപ്പെടുത്തുന്നു. ഇത് പരിശുദ്ധാത്മാവിന്റെ പ്രവർത്തിയാണ്. അതുകൊണ്ട് വിമലഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെടുന്ന ഒരാത്മാവും നശിച്ചു പോകുകയില്ല.

മംഗളവാർത്ത തിരുനാൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി മാർച്ച് 24ന് രാത്രി 12 മണിയ്ക്ക് പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പ്രതിഷ്ഠിച്ച് തന്റെ ആഗ്രഹങ്ങളും പ്രതീക്ഷകളും പരിശുദ്ധ അമ്മ വഴി നല്ല ദൈവത്തിന് സമർപ്പിക്കുക സഭയിൽ നിലനിൽക്കുന്ന ഒരു പാരമ്പര്യമാണ്.
 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.