ഇസ്താംബുള്‍: യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യതകള്‍ക്ക് വഴിതെളിച്ച് റഷ്യ-ഉക്രെയ്ന്‍ ചര്‍ച്ചയില്‍ ശുഭ സൂചന. രാജ്യത്തിന്റെ സുരക്ഷ ഉറപ്പു നല്‍കിയാല്‍ നാറ്റോയില്‍ ചേരില്ലെന്ന് ഉക്രെയ്ന്‍ നിലപാട് എടുത്തു. കീവിലും ചെര്‍ണോവിലും ആക്രമണം കുറയ്ക്കുമെന്ന് റഷ്യ ഉറപ്പ് നല്‍കി.
തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗന്റെ ഓഫീസില്‍ നടന്ന സമാധാന ചര്‍ച്ചയിലാണ് നിര്‍ണായ വഴിത്തിരിവ്. റഷ്യയുമായി നല്ല ബന്ധം സൂക്ഷിക്കുന്ന നാറ്റോ രാജ്യമാണ് തുര്‍ക്കി. റഷ്യക്കെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങളെ എര്‍ദോഗന്‍ എതിര്‍ത്തിരുന്നു.
ചര്‍ച്ചയ്ക്കെത്തിയ ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ പരസ്പരം അഭിവാദ്യം ചെയ്യുകയോ ഹസ്തദാനം നല്‍കുകയോ ചെയ്തില്ല. രാജ്യത്തിന്റെ പരമാധികാരവും അതിര്‍ത്തിയും സംരക്ഷിക്കുക എന്നതായിരിക്കും ചര്‍ച്ചയിലെ നിലപാടെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഉക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശം തുടങ്ങി മുപ്പത്തഞ്ചാം ദിവസമാണ് ലോകത്തിന് ആശ്വാസദായകമായ വാര്‍ത്ത പുറത്തു വരുന്നത്. ഇതിനു മുന്‍പ് ഇരു രാജ്യങ്ങളും പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും പരസ്പര ധാരണയിലാകാതെ പിരിയുകയായിരുന്നു.
യുദ്ധത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം ഇരുപതിനായിരത്തിലധികം ഉക്രേനികള്‍ മരിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. അയ്യായിരത്തിലധികം റഷ്യന്‍ സൈനികരുടെയും ജീവന്‍ നഷ്ടമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.