കുട്ടികള്‍ക്ക് നിലത്ത് കടലാസില്‍ ഉച്ചഭക്ഷണം നല്‍കിയ സംഭവം; പ്രധാനമന്ത്രിയും മധ്യപ്രദേശ് മുഖ്യമന്ത്രിയും ലജ്ജിക്കണമെന്ന് രാഹുല്‍ ഗാന്ധി

കുട്ടികള്‍ക്ക് നിലത്ത് കടലാസില്‍ ഉച്ചഭക്ഷണം നല്‍കിയ സംഭവം; പ്രധാനമന്ത്രിയും മധ്യപ്രദേശ് മുഖ്യമന്ത്രിയും ലജ്ജിക്കണമെന്ന് രാഹുല്‍ ഗാന്ധി

ഭോപാല്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് നിലത്ത് പഴയ കടലാസിലിട്ട് ഉച്ചഭക്ഷണം വിളമ്പിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിവാദ സംഭവത്തിന്റെ വീഡിയോ ദൃശ്യം എക്‌സില്‍ പങ്കുവച്ച രാഹുല്‍, പ്രധാനമന്ത്രിയും മധ്യപ്രദേശ് മുഖ്യമന്ത്രിയും ലജ്ജിക്കണമെന്നും കുറിച്ചു.

ആ ദൃശ്യം തന്റെ ഹൃദയം തകര്‍ത്തെന്നും മധ്യപ്രദേശിലേക്ക് പോകുകയാണെന്നും അദേഹം പറഞ്ഞു. 20 വര്‍ഷത്തിലധികമായി ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ കുട്ടികളുടെ പ്ലേറ്റുകള്‍ പോലും അപഹരിച്ചു. ഇവരുടെ വികസനമെന്നത് വെറും മിഥ്യയാണെന്നും രാഹുല്‍ പരിഹസിച്ചു.

പാത്രങ്ങളുടെയും ജീവനക്കാരുടെയും ക്ഷാമം കാരണം കഴിഞ്ഞ ഒരാഴ്ചയായി പഴയ കടലാസിലാണ് ഭക്ഷണം വിളമ്പിയതെന്നാണ് കണ്ടെത്തല്‍. ഷിയോപുര്‍ ജില്ലയിലെ ഹുല്ലാപുര്‍ സര്‍ക്കാര്‍ സ്‌കൂളിലാണ് ദാരുണ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

കുട്ടികള്‍ നിലത്തിരുന്ന് കടലാസില്‍ ഭക്ഷണം കഴിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കുട്ടികള്‍ക്ക് പാത്രങ്ങളോ സ്പൂണോ ഭക്ഷണം കഴിക്കാന്‍ നല്‍കിയില്ല. വീഡിയോയില്‍ അധ്യാപകരെയും കണ്ടിരുന്നില്ല. സംഭവത്തില്‍ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

സംഭവത്തില്‍ പ്രിന്‍സിപ്പലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഭക്ഷണം വിളമ്പാന്‍ കരാറെടുത്ത സ്വയംസഹായ സംഘത്തെയും സ്‌കൂളിന്റെ ചുമതലയുള്ള ഭോഗിറാം ധാക്കഡിനെയും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സസ്‌പെന്‍ഡ് ചെയ്തു.

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് പോഷക സമൃദ്ധവും ശുചിത്വവും ഉള്ള ഭക്ഷണം നല്‍കാന്‍ ഉദേശിച്ചുള്ള പ്രധാന്‍മന്ത്രി പോഷണ്‍ ശക്തി നിര്‍മ്മാണ്‍ (പിഎം പോഷണ്‍) പദ്ധതിയുടെ പോരായ്മകളാണ് ഈ സംഭവത്തോടെ ഉയര്‍ന്നതെന്നാണ് ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉച്ചഭക്ഷണത്തിന്റെ ഗുണ നിലവാരം മെച്ചപ്പെടുത്തുമെന്നായിരുന്നു ബിജെപി വാഗ്ദാനം ചെയ്തിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.