ലക്‌നൗ: ഹെല്‍മറ്റ് ധരിക്കാത്തതിന് സ്‌കൂട്ടര്‍ ഉടമയ്ക്ക് പിഴ കിട്ടിയത് 20,74,000 രൂപ. വെറും ഒരു ലക്ഷം രൂപ മാത്രം വിലയുള്ള സ്‌കൂട്ടറിന് ലഭിച്ച പിഴ കണ്ട് യുവാവ് ഞെട്ടി. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലാണ് സംഭവം. ചലാന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
അന്‍മോല്‍ സിന്‍ഘാല്‍ എന്ന യുവാവിനാണ് ഞെട്ടിക്കുന്ന പിഴ കിട്ടിയത്. ചൊവ്വാഴ്ച ന്യൂ മണ്ഡി ഏരിയയില്‍ നടന്ന വാഹന പരിശോധനയ്ക്കിടെയാണ്, ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിച്ച സിന്‍ഘാലിനെ ട്രാഫിക് പൊലീസ് തടഞ്ഞത്. ആവശ്യമായ മറ്റ് രേഖകളും യുവാവിന്റെ കൈവശം ഉണ്ടായിരുന്നില്ല.
തുടര്‍ന്ന് സ്‌കൂട്ടര്‍ പിടിച്ചെടുത്ത പൊലീസുകാര്‍ പിഴ ചുമത്തുകയായിരുന്നു. ചലാന്‍ കിട്ടിയപ്പോള്‍ പിഴത്തുക 20,74,000 രൂപ. ഇതോടെ ചലാന്റെ ഫോട്ടോ യുവാവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. പണി പാളിയെന്ന് മനസിലായ പൊലീസുകാര്‍ ഉടന്‍ വിശദീകരണവുമായി രംഗത്തെത്തുകയും പിഴത്തുക 4000 രൂപയാക്കി കുറയ്ക്കുകയും ചെയ്തു.
വാഹനം പരിശോധിച്ച ഉദ്യോഗസ്ഥന്‍ വകുപ്പും തുകയും ചേര്‍ത്തപ്പോള്‍ ഒരുമിച്ചായതാണ് ആശയകുഴപ്പത്തിന് കാരണമെന്നാണ് പൊലീസ് വാദം. ചലാന്‍ നല്‍കിയ സബ് ഇന്‍സ്‌പെക്ടറുടെ അശ്രദ്ധ മൂലമാണ് ഇത്തരമൊരു പിശക് സംഭവിച്ചതെന്ന് മുസഫര്‍നഗര്‍ പൊലീസ് സൂപ്രണ്ട് അതുല്‍ ചൗബെ അവകാശപ്പെട്ടു.
യുവാവിനെതിരെ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 207 പ്രകാരമാണ് നടപടി സ്വീകരിച്ചത്. എന്നാല്‍ സബ് ഇന്‍സ്‌പെക്ടര്‍ 207 ന് ശേഷം 'എംവി ആക്ട്' എന്ന് ചേര്‍ക്കാന്‍ മറന്നുവെന്നാണ് എസ്പി പറയുന്നത്.
അതാണ് 207 ഉം ആ വകുപ്പിലെ ഏറ്റവും കുറഞ്ഞ പിഴത്തുകയായ 4,000 രൂപയും ഒരുമിച്ച് 20,74,000 രൂപ എന്ന് ചലാനില്‍ വന്നത്. യുവാവ് 4,000 രൂപ പിഴ മാത്രം അടച്ചാല്‍ മതി എന്നായിരുന്നു എസ്പി ചൗബെയുടെ വിശദികരണം.
എന്നാല്‍ പിഴയുടെ കാരണങ്ങള്‍ വ്യക്തമാക്കുന്ന കോളത്തില്‍ ഏതൊക്കെ വകുപ്പുകളാണ് നടപടിക്ക് ആധാരമെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും, ഇതില്‍ 207 എന്നൊരു വകുപ്പില്ല. 194 ഡി, 129, 194 സി എന്നി വകുപ്പുകളും 121-ാം ചട്ടവുമാണ് ചലാനില്‍ പറയുന്നത്. അതിന് ശേഷമുള്ള കോളത്തിലാണ് പിഴത്തുക രേഖപ്പെടുത്തിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.