മുംബൈ: സംഗീത സംവിധായകന്‍ പലാഷ് മുച്ഛലുമായുള്ള വിവാഹ ബന്ധം ഒഴിവാക്കിയതായി ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ഇതുസംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇരു കുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും സ്മൃതി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
'കഴിഞ്ഞ കുറച്ച് ആഴ്ചകളായി എന്റെ ജീവിതത്തെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. അതിനെ കുറിച്ച് ഈ സമയത്ത് തുറന്നു പറയേണ്ടത് പ്രധാനമാണെന്ന് എനിക്ക് തോന്നുന്നു. സ്വകാര്യത ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. അതങ്ങനെ തന്നെ തുടരാനും ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ വിവാഹം റദ്ദാക്കിയ കാര്യം എനിക്ക് വ്യക്തമാക്കേണ്ട ആവശ്യവുമുണ്ട്.
ഈ വിഷയത്തില്‍ വ്യക്തത വന്ന സാഹചര്യത്തില്‍ എല്ലാം ചര്‍ച്ചകളും അവസാനിപ്പിക്കണമെന്ന് അപേക്ഷിക്കുകയാണ്. ഈ സമയത്ത് രണ്ട് കുടുംബങ്ങളുടെയും സ്വകാര്യതയെ മാനിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ നിലയില്‍ മുന്നോട്ടു പോകാനുള്ള അവസരം നല്‍കണമെന്നും അപേക്ഷിക്കുന്നു'- സ്മൃതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
രാജ്യത്ത് ഏറെ ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു സ്മൃതി മന്ദാനയുടെയും പലാഷ് മുച്ഛലിന്റെയും വിവാഹം. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത്. ഈ വര്‍ഷം നവംബര്‍ 23 നായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്.
വിവാഹ ദിവസം രാവിലെ സ്മൃതിയുടെ അച്ഛന്‍ ശ്രീനിവാസ് മന്ദാന ഹൃദയാഘാതം മൂലം ആശുപത്രിയിലായതിനെ തുടര്‍ന്ന് വിവാഹം മാറ്റി വെച്ചു. പിറ്റേ ദിവസം പലാഷും ആശുപത്രിയിലായി. അതിനു പിന്നാലെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
പലാഷിന്റെതെന്ന പേരില്‍ സ്വകാര്യ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തു വന്നു. ഇതോടെ വിവാഹം മാറ്റി വെക്കാനുള്ള കാരണത്തെ കുറിച്ച് ആളുകള്‍ക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. എന്നാല്‍ അപ്പോഴും സ്മൃതിയുമായുള്ള വിവാഹം നടക്കുമെന്ന വാദത്തില്‍ പലാഷിന്റെ കുടുംബം ഉറച്ചുനിന്നു.
സ്തൃതിയുടെ സ്ഥിരീകരണത്തോടെ അതിന് ഇപ്പോള്‍ അന്ത്യമായി. പലാഷ് സ്മൃതിയെ വഞ്ചിച്ചതാണ് വിവാഹം മാറ്റി വെക്കാനുണ്ടായ കാരണമെന്നാണ് പ്രചരിച്ചിരിക്കുന്നത്.
കൊറിയോഗ്രഫര്‍ കൂടിയായ മറ്റൊരു യുവതിയുമായി പലാഷിന് ബന്ധമുണ്ടായിരുന്നുവെന്നും ഇതിന് തെളിവായി ഇരുവരും തമ്മിലെ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും വൈറലായി. മേരി ഡി കോസ്റ്റ എന്ന യുവതിയാണ് പലാഷുമായി നടത്തിയ ചാറ്റ് റെഡിറ്റില്‍ പങ്കു വെച്ചത്.
ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് യുവതി സ്റ്റാറ്റസ് ആക്കിയതും വൈറലായി. സ്മൃതിയുമായുള്ള ബന്ധത്തെ പലാഷ് തള്ളിപ്പറയുന്നതും ക്രിക്കറ്റ് താരവുമായി അടുത്ത ബന്ധമില്ലെന്നും മൂന്ന്-അഞ്ച് മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് കാണുന്നതെന്നും സ്മൃതിയുമായുള്ള ബന്ധത്തെ കുറിച്ച് യുവതിയുടെ ചോദ്യത്തിന് പലാഷ് മറുപടി നല്‍കുന്നു. അതേസമയം, ഈ ചാറ്റുകളുടെ ആധികാരികത വ്യക്തമല്ല.
ചാറ്റ് സ്‌ക്രീന്‍ ഷോട്ടുകള്‍ എക്‌സിലെയും ഇന്‍സ്റ്റ് ഗ്രാമിലെയും വിവിധ പ്ലാറ്റ്‌ഫോമുകളിലും വൈറലായി. സ്മൃതിക്ക് പുറമെ ഇന്ത്യന്‍ ടീമിലെ അടുത്ത സുഹൃത്തുക്കളായ ജെമീമ റോഡ്രിഗസും ശ്രേയങ്ക പാട്ടീലും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച വിവാഹ പോസ്റ്റുകളെല്ലാം നീക്കിയിരുന്നു. എന്നാല്‍, പലാഷ് മുച്ഛലിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ ഇവയെല്ലാം ഇപ്പോഴും ലഭ്യമാണ്.
വനിതാ ഏകദിന ലോകകപ്പില്‍ കിരീടം നേടിയ ശേഷം വിവാഹത്തിന്റെ ഒരുക്കങ്ങളിലേക്ക് കടന്ന സ്മൃതിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും വീഡിയോകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. 2019 മുതല്‍ സ്മൃതിയും പലാഷും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2024 ലാണ് ബന്ധം പരസ്യപ്പെടുത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.