നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയെന്ന് ആരോപണം; ബ്ലൂംബെര്‍ഗ് ഒറിജിനല്‍സിന്റെ ഡോക്യുമെന്ററി വിവാദത്തില്‍

നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയെന്ന് ആരോപണം; ബ്ലൂംബെര്‍ഗ് ഒറിജിനല്‍സിന്റെ ഡോക്യുമെന്ററി വിവാദത്തില്‍

ലണ്ടന്‍: ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണവുമായി ബ്ലൂംബെര്‍ഗ് ഒറിജിനല്‍സ് നിര്‍മിച്ച ഡോക്യുമെന്ററി ചിത്രം വിവാദത്തിലായി.

കൊലപാതകവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ച വിവരങ്ങള്‍ കാനഡയ്ക്ക് കൈമാറിയെന്നാണ് ഡോക്യുമെന്ററിയില്‍ വ്യക്തമാക്കുന്നത്. ഇതാണ് വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്.

അമേരിക്ക, ബ്രിട്ടണ്‍, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങള്‍ക്കിടയിലുള്ള 'ഫൈവ് ഐസ്' രഹസ്യാന്വേഷണ പങ്കുവെക്കല്‍ കരാര്‍ പ്രകാരമാണ് കനേഡിയന്‍ അധികൃതര്‍ക്ക് ബിട്ടീഷ് ഇന്റലിജന്‍സ് വിവരം കൈമാറിയത്.

ബ്ലൂംബെര്‍ഗ് ഒറിജിനല്‍സ് നിര്‍മിച്ച 'ഇന്‍സൈഡ് ദി ഡെത്ത്സ് ദാറ്റ് റോക്ക്ഡ് ഇന്ത്യാസ് റിലേഷന്‍സ് വിത്ത് ദി വെസ്റ്റ്' എന്ന ഡോക്യുമെന്ററിയിലാണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തുന്നത്.

ഖാലിസ്ഥാന്‍ തീവ്രവാദത്തിന്റെ പേരില്‍ 2020 ലാണ് നിജ്ജറിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചത്. 2023 ജൂണ്‍ മാസത്തിലായിരുന്നു അജ്ഞാതര്‍ നിജ്ജറിനെ കൊലപ്പെടുത്തിയത്. 2023 ജൂലൈ അവസാനത്തില്‍, യു.കെ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ ഒരു 'വഴിത്തിരിവ്' ഉണ്ടായതായി ഡോക്യുമെന്ററി അവകാശപ്പെടുന്നു.

ഇന്ത്യന്‍ സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന രണ്ട് വ്യക്തികള്‍ തമ്മിലുള്ള സംഭാഷണം ബ്രീട്ടീഷ് ഏജന്‍സി ചോര്‍ത്തിയെന്ന് ഇതില്‍ പറയുന്നു. നിജ്ജര്‍, ഖണ്ഡ (അവതാര്‍ സിങ്), പന്നുന്‍ (ഗുര്‍പത്വന്ത് സിംഗ്) എന്നിവരായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. പിന്നീട് നിജ്ജറിനെ എങ്ങനെ വിജയകരമായി ഇല്ലാതാക്കി എന്നതിനെക്കുറിച്ചും സംഭാഷണം നടന്നുവെന്നും ഡോക്യുമെന്ററി അവകാശപ്പെട്ടു.

ഖണ്ഡ എന്ന അവതാര്‍ സിങ് 2023 ജൂണില്‍ ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാം നഗരത്തിലുള്ള ഒരു ആശുപത്രിയില്‍ വെച്ചാണ് മരണമടയുന്നത്. രക്താര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സ പുരോഗമിക്കവേയാണ് മരണം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നുവെങ്കിലും 'സംശയാസ്പദമായ സാഹചര്യങ്ങളൊന്നുമില്ല' എന്ന് ബ്രിട്ടീഷ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

നിജ്ജര്‍ വധിക്കപ്പെട്ടതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് അന്നത്തെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും നയതന്ത്ര ഉദ്യോഗസ്ഥരെ പരസ്പരം പുറത്താക്കുകയും ചെയ്തു. ട്രൂഡോയുടെ ആരോപണത്തിന് വിപരീതമായി നിജ്ജറിന്റെ വധവുമായി വിദേശ രാജ്യങ്ങള്‍ക്ക് ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവില്ലെന്നാണ് കാനഡ അന്വേഷണ കമ്മീഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.