ന്യൂഡല്‍ഹി: പാകിസ്ഥാന്‍ രഹസ്യമായി ആണവ പരീക്ഷണങ്ങള്‍ നടത്തുന്നുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ.
രഹസ്യവും നിയമ വിരുദ്ധവുമായ ആണവ പ്രവര്‍ത്തനങ്ങള്‍ പാക് ചരിത്രത്തിന്റെ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
'രഹസ്യവും നിയമ വിരുദ്ധവുമായ ആണവ പ്രവര്‍ത്തനങ്ങള്‍ പാക് ചരിത്രവുമായി ചേര്‍ന്നു പോകുന്നതാണ്. ദശാബ്ദങ്ങളായുള്ള കള്ളക്കടത്ത്, കയറ്റുമതി നിയന്ത്രണ ലംഘനങ്ങള്‍, രഹസ്യ പങ്കാളിത്തം, എ.ക്യു ഖാന്‍ ശൃംഖല എന്നിവയെ കേന്ദ്രീകരിച്ചുള്ളതാണ് ആ ചരിത്രം.
പാകിസ്ഥാന്റെ ഈ ചരിത്രത്തിലേക്ക് ഇന്ത്യ ആഗോള ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്' - പാക് ആണവ പരീക്ഷണത്തെക്കുറിച്ച് ട്രംപിന്റെ പരാമര്‍ശം സംബന്ധിച്ച ചോദ്യത്തിന് മറുപടി മറുപടിയായി ജയ്സ്വാള്‍ വ്യക്തമാക്കി.
മൂന്ന് പതിറ്റാണ്ടിലേറെയായി അമേരിക്ക ആണവ പരീക്ഷണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോഴും പാകിസ്ഥാന്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഭൂഗര്‍ഭ ആണവ പരീക്ഷണങ്ങള്‍ തുടരുകയാണെന്ന് സിബിഎസ് ന്യൂസിന്റെ '60 മിനിറ്റ്‌സ്' പരിപാടിക്ക് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.
'അവര്‍ പരീക്ഷിക്കുന്നതുകൊണ്ട് ഞങ്ങളും പരീക്ഷിക്കും. ഉത്തര കൊറിയയും പാകിസ്ഥാനും തീര്‍ച്ചയായും പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസിലാകാത്ത വിധം ഭൂമിക്കടിയിലാണ് അവര്‍ പരീക്ഷണം നടത്തുന്നത്. ചെറിയൊരു പ്രകമ്പനം മാത്രമേ അനുഭവപ്പെടുകയുള്ളൂ'- ട്രംപ് പറഞ്ഞു.
എന്നാല്‍ ട്രംപിന്റെ വാദം തള്ളിക്കളഞ്ഞ പാകിസ്ഥാന്‍, ആണവ പരീക്ഷണം ആദ്യം നടത്തിയതും തങ്ങളല്ല, അത് പുനരാരംഭിക്കുന്നതും തങ്ങളായിരിക്കില്ല എന്നാണ് മറുപടി നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.