പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിഷപ്പുമാര്‍
കൊച്ചി രൂപതയില്‍ ഇന്ന് പാപ പരിഹാര ദിനം
പ്രതിഷേധ കൂട്ടായ്മയും പന്തം കൊളുത്തി പ്രകടനവും
വിശുദ്ധ കുര്‍ബാനയെ അവഹേളിച്ച സ്ഥലത്തേക്ക് വൈകുന്നേരം പരിഹാര കുരിശിന്റെ വഴി
കൊച്ചി: ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റി പാദുവാപുരം സെന്റ് ജേക്കബ് ചാപ്പലിന്റെ സക്രാരി തകര്‍ത്ത് തിരുവോസ്തിയും പൂജ്യ വസ്തുക്കളും മാലിന്യങ്ങള്‍ നിറഞ്ഞ ചതുപ്പില്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.
പ്രതികളെ എത്രയും വേഗം അറസ്റ്റു ചെയ്യണമെന്ന് ബിഷപ്പ് ഡോ. ജോസഫ് കരിയില്‍, കെആര്‍എല്‍സിബിസി സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വിന്‍സന്റ് സാമുവല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.
തിരുവോസ്തി മാല്ലിന്യ ചതുപ്പില്‍ നിക്ഷേപിച്ച ഹീന പ്രവര്‍ത്തിയില്‍ കെസിവൈഎം കൊച്ചി രൂപതയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. കെസിവൈഎം അര്‍ത്തുങ്കല്‍ സെന്റ് ജോര്‍ജ്ജ് യൂണിറ്റ്, തങ്കി മേഖലയോടൊപ്പം ചേര്‍ന്ന് പന്തം കൊളുത്തി പ്രകടനം നടത്തി. കെഎല്‍സിഎ കൊച്ചി രൂപതയുടെ നേതൃത്വത്തില്‍ അരൂര്‍ ജംഗ്ഷനില്‍ ഇന്ന് വൈകുന്നേരം പ്രതിഷേധം സംഘടിപ്പിക്കും.
തിരുവോസ്തിയെ അവഹേളിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് കെഎല്‍സിഎ നേതാക്കള്‍ ആവശ്യപ്പെട്ടു. നടപടി ഉത്കണ്ഠ ഉളവാക്കുന്നതും അങ്ങേയറ്റം അപലനീയവുമാണെന്ന് കെആര്‍എല്‍സിസി നിര്‍വാഹക സമിതി യോഗം അഭിപ്രായപ്പെട്ടു.
ചതുപ്പുനിലത്ത് തിരുവോസ്തി വലിച്ചെറിഞ്ഞത് ക്രൈസ്തവരോടും ക്രൈസ്തവ വിശ്വാസത്തോടുമുള്ള അവഹേളനമാണെന്ന് കെഎല്‍സിഎ സംസ്ഥാന സമിതി വിലയിരുത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ ഷെറി ജെ തോമസ്, വൈസ് പ്രസിഡണ്ട് ടി.എ ഡാല്‍ഫിന്‍, വിന്‍സ് പെരിഞ്ചേരി എന്നിവര്‍ പങ്കെടുത്തു.
സംഭവത്തില്‍ പ്രതിഷേധിച്ച് കൊച്ചി രൂപത ഇന്ന് പാപ പരിഹാര ദിനമായി ആചരിക്കുകയാണ്. ഇന്ന് രാവിലെ 6.30ന് പാപ പരിഹാര ശൂശ്രുഷയെ തുടര്‍ന്ന് സെന്റ് ജേക്കബ്ബ് ചാപ്പലില്‍ ദിവ്യബലി അര്‍പ്പിക്കപ്പെട്ടു. വൈകീട്ട് 5.30 വരെ പരിശുദ്ധ കുര്‍ബാനയുടെ ആരാധനയും നടത്തപ്പെടും.
വിശുദ്ധ കുര്‍ബാനയെ അവഹേളിച്ച സ്ഥലത്തേക്ക് വൈകുന്നേരം 5.30 ന് പരിഹാര കുരിശിന്റെ വഴി നടക്കും. ശുശ്രുഷകള്‍ക്ക് വികാരി ഫാ. ആന്റണി കുഴിവേലില്‍, ഫാ. അനീഷ് ആന്റണി ബാവക്കാട്ട്, ഫാ. റിന്‍സണ്‍ കാളിയത്ത് എന്നിവര്‍ നേതൃത്വം നല്‍കും. തിങ്കളാഴ്ച രാത്രിയാണ് പാദുവാപുരം സെന്റ് ജേക്കബ് ചാപ്പലിലെ സക്രാരി കുത്തിതുറന്ന് തിരുവോസ്തി മാലിന്യ ചതുപ്പില്‍ എറിഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.