കാന്‍ബറ: ഓസ്ട്രേലിയ, യു.എസ്, യു.കെ രാജ്യങ്ങള്‍ ചേര്‍ന്നുള്ള സൈനിക സഖ്യത്തിന് (ഓകസ്) കരുത്തു പകരാന്‍ ആണവ ശേഷിയുള്ള ഹൈപ്പര്‍സോണിക് ആയുധങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ ധാരണ. കഴിഞ്ഞ മാസം ഉക്രെയ്ന്‍ അധിനിവേശത്തിനിടെ റഷ്യ മാരകശേഷിയുള്ള ഹൈപ്പര്‍സോണിക് ഉപയോഗിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് പ്രതിരോധ ശേഷി വിപുലീകരിക്കാനുള്ള മൂന്നു രാജ്യങ്ങളുടെയും തീരുമാനമുണ്ടായത്. ശബ്ദത്തെ വെല്ലുന്ന വേഗത്തില്‍ ലക്ഷ്യത്തിലെത്താന്‍ കെല്‍പുള്ള അതിനൂതന ഹൈപ്പര്‍സോണിക് ആയുധങ്ങളാണ് മൂന്നു രാജ്യങ്ങളും സഹകരണാടിസ്ഥാനത്തില്‍ വികസിപ്പിക്കുന്നത്.
യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ എന്നിവര്‍ സംയുക്തമായാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. ഓകസ് രൂപീകരിച്ച ശേഷം ആദ്യം ഓസ്‌ട്രേലിയന്‍ നാവികസേനയ്ക്ക് ആണവ അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള സാങ്കേതിക സഹായം നല്‍കുന്നതിനുള്ള കരാറിലാണ് ഒപ്പുവച്ചത്.
പ്രസ്താവനയില്‍, മൂന്ന് നേതാക്കളും റഷ്യയുടെ ഉക്രെയ്‌നിലെ അധിനിവേശത്തെ ശക്തമായി അപലപിച്ചു. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധതയും നേതാക്കള്‍ ഉയര്‍ത്തിക്കാട്ടി.
ലോകത്തിന്റെ പല ഭാഗത്തും അധിനിവേശ ഭീഷണി ഉയര്‍ത്തുന്ന ചൈന-റഷ്യ അച്ചുതണ്ടിനെതിരേ ഒരു ബദല്‍ എന്ന നിലയില്‍ സഖ്യത്തെ ഉയര്‍ത്തിക്കാട്ടാനാണ് ഓകസ് നേതാക്കള്‍ ആഗ്രഹിക്കുന്നത്.
കഴിഞ്ഞ മാസം യു.എസ് ആരുമറിയാതെ ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷിച്ചിരുന്നു. ഉക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, ഉപരോധങ്ങളും പ്രസ്താവനകളുമായി യുഎസ് റഷ്യാ വിരുദ്ധ നിലപാട് ശക്തമാക്കിയ സമയത്തായിരുന്നു പരീക്ഷണം. അതേസമയം റഷ്യയുടെ എതിര്‍പ്പ് വര്‍ധിപ്പിക്കാതിരിക്കാന്‍ രണ്ടാഴ്ചത്തേക്കു വിശദാംശങ്ങള്‍ രഹസ്യമാക്കി വച്ചു.
നിലവില്‍ റഷ്യയ്ക്ക് മണിക്കൂറില്‍ 3,800 മൈലുകള്‍ വേഗതയില്‍ വരെ സഞ്ചരിക്കാന്‍ കഴിവുള്ള മിസൈലുകളുണ്ട്. അതായത് ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്നവ. അതുകൊണ്ടു തന്നെ സാധാരണ മിസൈല്‍ വേധ സംവിധാനങ്ങള്‍ കൊണ്ട് അവയെ തടുക്കുക ദുഷ്‌കരമാണ്. മാത്രമല്ല, ഭൂമിയില്‍ സ്ഥാപിച്ചിരിക്കുന്ന റഡാറുകളെ വെട്ടിക്കാനും ഇവയ്ക്ക് കഴിവുണ്ട്.
ചൈന, റഷ്യ, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങള്‍ അതിനൂതനമായ ഹൈപ്പര്‍സോണിക് മിസൈലുകള്‍ നിരന്തരം പരീക്ഷിക്കുന്നത് മറ്റു രാജ്യങ്ങളെ ഒട്ടൊന്നുമല്ല അസ്വസ്ഥതപ്പെടുത്തുന്നത്. പ്രതിരോധ സംവിധാനങ്ങള്‍ക്ക് തടസപ്പെടുത്താന്‍ കഴിയാത്തത്ര വേഗത്തില്‍ വിദൂര ലക്ഷ്യങ്ങളില്‍ എത്താന്‍ കഴിയുന്ന മിസൈലുകളാണിവ.
സൈബര്‍ സുരക്ഷ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്വാണ്ടം ടെക്നോളജി തുടങ്ങിയ സൈനിക സാങ്കേതിക മേഖലകളില്‍ ഇതിനകം ഓസ്ട്രേലിയയും യു.കെയും യു.എസും സഹകരണം ആരംഭിച്ചിട്ടുണ്ട്. ഇതു കൂടുതല്‍ വിപുലീകരിക്കുകയാണ് ലക്ഷ്യം.
നിലവില്‍ ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതികവിദ്യയില്‍ അമേരിക്കയേക്കാള്‍ മുന്നിലാണ് ചൈനയും റഷ്യയുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. അതിനു മാറ്റം കൊണ്ടുവരികയാണ് ലക്ഷ്യം. അമേരിക്കയും ഓസ്ട്രേലിയയും സംയുക്തമായി ഇതിനകം ഹൈപ്പര്‍സോണിക് ആയുധങ്ങള്‍ വികസിപ്പിക്കുന്നുണ്ട്. എന്നാല്‍ ബ്രിട്ടന്‍ പങ്കാളിയായിരുന്നില്ല. പുതിയ പ്രഖ്യാപനത്തോടെ ബ്രിട്ടണും പങ്കാളിയാകും.
അതേസമയം, ഹൈപ്പര്‍സോണിക് ആയുധങ്ങള്‍ വികസിപ്പിക്കാനുള്ള പങ്കാളിത്തത്തിനെതിരെ വിമര്‍ശനവുമായി ഐക്യരാഷ്ട്രസഭയിലെ ചൈനയുടെ പ്രതിനിധി ഷാങ് ജുന്‍ രംഗത്തുവന്നു. പുതിയ സഖ്യത്തിലൂടെ മറ്റൊരു ഉക്രെയ്ന്‍ സൃഷ്ടിക്കരുതെന്നായിരുന്നു ചൈനയുടെ മുന്നറിയിപ്പ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.