മൂവാറ്റുപുഴയിലെ വിവാദ ജപ്തി: എംഎല്‍എ നല്‍കിയ ചെക്ക് മാറാനാകില്ലെന്ന് ബാങ്ക് അധികൃതര്‍

 മൂവാറ്റുപുഴയിലെ വിവാദ ജപ്തി: എംഎല്‍എ നല്‍കിയ ചെക്ക് മാറാനാകില്ലെന്ന് ബാങ്ക് അധികൃതര്‍

മൂവാറ്റുപുഴ: മാതാപിതാക്കളില്ലാത്ത സമയത്ത് കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത സംഭവത്തില്‍ വായ്പ അടച്ചുതീര്‍ക്കുന്നതിനായി മാത്യു കുഴല്‍നാടന്‍ എം എല്‍ എ നല്‍കിയ ചെക്ക് മാറാനാകില്ലെന്ന് ബാങ്ക് അധികൃതര്‍. ജീവനക്കാര്‍ നല്‍കിയ പണം കൊണ്ട് വായ്പ അടച്ചെന്ന് ബാങ്ക് അറിയിക്കുകയായിരുന്നു.

തന്നോട് ചോദിക്കാതെ എന്തിന് പണം സ്വീകരിച്ചുവെന്ന് അജേഷിന്റെ കുടുംബം വിഷയത്തില്‍ പ്രതികരിച്ചു. കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് പായിപ്രയില്‍ കുട്ടികളെ പുറത്തു നിറുത്തി ഒന്നര ലക്ഷത്തോളം രൂപയുടെ വായ്പാ കുടിശികയ്ക്കായി ബാങ്ക് അധികൃതര്‍ വീട് ജപ്തി ചെയ്തത്. പട്ടികജാതിക്കാരനും ഫോട്ടോഗ്രാഫറുമായ അജേഷിന്റേതാണ് വീട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ നാല് മക്കളാണ് അജേഷിനുള്ളത്.

മകന്‍ പത്താം ക്‌ളാസിലും ഇരട്ടകളായ പെണ്‍കുട്ടികള്‍ ഏഴിലും ഇളയ പെണ്‍കുട്ടി അഞ്ചിലുമാണ് പഠിക്കുന്നത്. കുറേക്കാലമായി ഹൃദയസംബന്ധമായ ചികിത്സയിലായ അജേഷും ഭാര്യയും ജപ്തി നടക്കുമ്പോള്‍ ആശുപത്രിയിലായിരുന്നു.

സംഭവം വിവാദമായതിന് പിന്നാലെ വിവാദം ഒഴിവാക്കാന്‍ അര്‍ബന്‍ ബാങ്കിലെ സി.ഐ.ടി.യു അംഗങ്ങളായ ജീവനക്കാര്‍ ഇടപെട്ട് കുടിശിക തിരിച്ചടയ്ക്കുകയായിരുന്നു. അജേഷിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുമെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ബാങ്കിന് കത്ത് നല്‍കിയതിന് പിന്നാലെയായിരുന്നു ഇത്. എന്നാല്‍ സമൂഹ മാധ്യമങ്ങളിലൂടെ തന്നെയും കുടുംബത്തെയും അപമാനിച്ച ബാങ്ക് ജീവനക്കാരുടെ പണം തനിക്ക് വേണ്ടെന്ന് അജേഷ് പ്രതികരിച്ചിരുന്നു.

അജേഷ് ആശുപത്രിയില്‍ നിന്ന് എത്തുന്നതുവരെ ജപ്തി നീട്ടാന്‍ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചിരുന്നില്ല. സംഭവത്തിന് പിന്നാലെ കടബാധ്യത ഏറ്റെടുക്കുമെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ പറഞ്ഞിരുന്നു. മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കില്‍ പണമടച്ച് ആധാരം തിരികെ വാങ്ങി നല്‍കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എം.എല്‍.എ എത്തി പൂട്ട് പൊളിച്ചായിരുന്നു കുട്ടികളെ അകത്ത് കയറ്റിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.