മാർ ആലഞ്ചേരിയുടെ നേതൃത്വത്തിൽ നടക്കുന്ന വിശുദ്ധ വാര ശുശ്രൂഷകൾക്ക് എറണാകുളം ബസലിക്കയിൽ അഭൂതപൂർവ്വമായ ജനത്തിരക്ക്

മാർ ആലഞ്ചേരിയുടെ നേതൃത്വത്തിൽ നടക്കുന്ന വിശുദ്ധ വാര ശുശ്രൂഷകൾക്ക് എറണാകുളം ബസലിക്കയിൽ അഭൂതപൂർവ്വമായ ജനത്തിരക്ക്

കൊച്ചി: എറണാകുളം ബസലിക്ക പള്ളിയിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ നടക്കുന്ന വിശുദ്ധവാര ശുശ്രൂഷകൾക്ക് അഭൂത പൂർവ്വമായ ജനത്തിരക്ക്. പെസഹാ വ്യാഴാഴ്ച രാവിലെ ഏഴുമണിക്ക് നടന്ന തിരുക്കർമ്മങ്ങളിൽ കനത്ത മഴ വകവയ്ക്കാതെ വിശ്വാസികൾ ഒഴുകിയെത്തി. സഭാ തലവനെ ബഹിഷ്കരിക്കാൻ ആഹ്വാനം നടത്തിയ വിമത വൈദീകർക്ക് കനത്ത തിരിച്ചടിയാണ് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ ആരാധനക്കായി ഒന്നിച്ചു കൂടിയ വിശ്വാസസമൂഹം.

ഓശാന ഞായറാഴ്ച സഭാതലവനായ മാർ ആലഞ്ചേരിയും മേജർ ആർച്ച് ബിഷപ്പിന്റെ വികാരിയായ മാർ കരിയിലും ഒന്നിച്ച് ബലിയർപ്പിക്കുമെന്ന് സർക്കുലർ ഇറങ്ങിയിരുന്നെങ്കിലും അവസാനനിമിഷം മാർ കരിയിൽ ഓശാന ഞായറിലെ ഏകീകൃത ബലിയർപ്പണത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു. മാർ ആലഞ്ചേരിയുടെ നേതൃത്വത്തോട് എതിർപ്പ് പ്രകടിപ്പിക്കുന്ന വിമത വൈദീകരുടെ നിർബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം കൂടെ ഒപ്പുവച്ച സർക്കുലർ തീരുമാനം നടപ്പാക്കാതിരുന്നത്. ഓശാന ദിനത്തിൽ ബസിലിക്കയിലെത്തിയ മേജർ ആർച്ച്ബിഷപ്പിനെ ഇടവക ജനങ്ങൾ ആഘോഷപൂർവ്വമാണ് സ്വീകരിച്ചത്.

വിമത വൈദീക നേതൃത്വങ്ങൾ ഉയർത്തുന്ന എതിർപ്പുകൾ ഒന്നൊന്നായി തകർന്നടിയുന്നതായും  സഭയിലും സമൂഹത്തിലും  വിമത വൈദീകർ കൂടുതൽ ഒറ്റപ്പെടുന്നതായും സഭാ നിരീക്ഷകർ കരുതുന്നു. എറണാകുളം അങ്കമാലി അതിരൂപതയിൽ ദിനം പ്രതി കൂടുതൽ ഇടവകകൾ ഫ്രാൻസിസ് മാർപ്പാപ്പയുടെയും സിനഡിന്റെയും നിർദ്ദേശം അനുസരിച്ച് ഏകീകൃത ബലിയർപ്പണത്തിലേക്ക് മാറുകയാണ്. ഈസ്റ്ററിന് ശേഷം സീറോ മലബാർ സഭയിൽ പൂർണ്ണ ജനാഭിമുഖ കുർബ്ബാന അസാധുവായി പ്രഖ്യാപിച്ചിരിക്കുകയാണ്.

സീറോ മലബാർ സിനഡിന്റെയും ഫ്രാൻസിസ് മാർപാപ്പായുടെയും പരിപൂർണ്ണ പിന്തുണയോടെ നടപ്പിലാക്കുന്ന ഏകീകൃത ബലിയർപ്പണം അങ്കമാലി അതിരൂപതയിൽ പൂർണ്ണമായും നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട് വിവിധ അല്മായ സംഘടനകൾ സഭാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഉപവാസ സമരം സംഘടിപ്പിച്ചു വരുന്നു. പ്രാദേശിക വാദങ്ങൾക്കുപരി സഭയിലെ എല്ലാ വിഭാഗങ്ങളെയും ഒന്നിച്ചു കൊണ്ട് പോകുവാനായി പരിശ്രമിച്ച മാർ ആലഞ്ചേരിയുടെ സഹനങ്ങൾക്ക്  ഫലസിദ്ധിയുണ്ടാകുന്നതായിട്ടാണ് അദ്ദേഹത്തിന്റെ വർധിച്ച ജനപിന്തുണ സൂചിപ്പിക്കുന്നത്. 

നക്സൽ - വിപ്ലവ പ്രസ്ഥാനങ്ങളുടെ പ്രവർത്തന മാതൃകയിൽ കത്തോലിക്കാ സഭയിൽ ചില സംഘടിത ഗ്രൂപ്പുകൾ പ്രവർത്തിക്കുന്ന കാര്യം വിവിധ സഭാ സംഘടനകൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇത്തരം വ്യക്തികളുടെയും സംഘടനകളുടെയും മേൽ  പോലീസ് നിരീക്ഷണം ശക്തമാക്കിയതും വിമത കേന്ദ്രങ്ങളുടെ തകർച്ചക്ക് കാരണമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.