തിരുവനന്തപുരം: ചങ്ങനാശേരിയില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ എക്സ്പ്രസ് അതേ രീതിയില്‍ നിലനിറുത്താന്‍ തീരുമാനം. സി.എം.ഡി ബിജു പ്രഭാകര്‍ ഇതുസംബന്ധിച്ച് കെഎസ്ആര്‍ടിസിക്ക് നിര്‍ദ്ദേശം നല്‍കി. ബസിലെ ഡ്രൈവര്‍ പൊന്നുകുട്ടനടക്കം സര്‍വീസ് പോകുന്ന ജീവനക്കാര്‍ ബസിനെ പരിപാലിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം.
ധാരാളം സ്ഥിരം യാത്രക്കാര്‍ സര്‍വീസിനെ ആശ്രയിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ബസ് തുടര്‍ന്നും സൂപ്പര്‍ എക്‌സ്പ്രസായി നടത്തുന്നതിന് അനുമതി നല്‍കുന്നത്. അന്തര്‍ സംസ്ഥാന സര്‍വീസ് സൂപ്പര്‍ ഡീലക്‌സായി ഉയര്‍ത്തുന്നതിന് സ്വിഫ്ട് ബസാക്കാന്‍ തീരുമാനിച്ചിരുന്നു.
സ്വിഫ്റ്റ് ബസ് സര്‍വീസ് ആരംഭിച്ചതോടെ ഇത്തരത്തിലുള്ള വിവിധ എക്‌സ്പ്രസ് ബസുകളുടെ റൂട്ടുകള്‍ നഷ്ടമായിരുന്നു. സ്വിഫ്റ്റ് ബസുകള്‍ ഓടിക്കാന്‍ പ്രത്യേകം ഡ്രൈവര്‍മാര്‍ ഉണ്ടായിരുന്നതിനാല്‍ എക്‌സ്പ്രസ് ബസുകളില്‍ ഓടുന്ന ഡ്രൈവര്‍മാര്‍ക്ക് ഈ ബസുകളോട് വിട പറയേണ്ടി വന്നിരുന്നു. വര്‍ഷങ്ങളായി ഈ റൂട്ടുകളില്‍ ബസ് ഓടിച്ചിരുന്നതിനാല്‍ പലര്‍ക്കും ഈ വിട പറച്ചില്‍ വൈകാരിക നിമിഷം കൂടിയായിരുന്നു.
കെഎസ്ആര്‍ടിസി പാലക്കാട് ഡിപ്പോയിലെ ഡ്രൈവറായ പൊന്നുകുട്ടന്‍ തന്റെ പ്രിയപ്പെട്ട ബസിനോട് വിടപറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ചങ്ങനാശേരിയില്‍ നിന്ന് പഴനി വഴി വേളാങ്കണ്ണിക്ക് പോകുന്ന അന്തര്‍ സംസ്ഥാന ബസിലെ ഡ്രൈവറാണ് പൊന്നുകുട്ടന്‍. കെ സ്വിഫ്റ്റ് വേളാങ്കണ്ണി റൂട്ട് ഏറ്റെടുത്തിരുന്നു. ഇതോടെ മാറ്റേണ്ടി വന്ന ബസിനോട് ചേര്‍ന്നു നിന്ന് പൊട്ടിക്കരയുകയായിരുന്നു.
പൊന്നുകുട്ടന്റെ ഈ വീഡിയോ പുറത്തു വന്നതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ സര്‍വീസ് എക്‌സ്പ്രസ് ആയി തന്നെ നിലനിര്‍ത്താന്‍ കെഎസ്ആര്‍ടിസി സിഎംഡിയുടെ നിര്‍ദേശം.
ബസ് സഞ്ചരിക്കുന്ന ദൂരം, അന്തര്‍സംസ്ഥാന സര്‍വീസ്, കാലപഴക്കം, സര്‍വീസിന്റെ പ്രാധാന്യം എന്നിവ പരിഗണിച്ചാണ് പഴയ ബസുകള്‍ക്ക് പകരം കെ.എസ്.ആര്‍.ടി.സി സ്വിഫ്ട് രംഗത്തിറക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.