ജനങ്ങളെ ഷോക്കടിപ്പിക്കാന്‍ വൈദ്യുതി ബോര്‍ഡിന്റെ കള്ളക്കളി: നിരക്ക് കൂട്ടാന്‍ 2,014 കോടിയുടെ വരുമാനം മറച്ചുവച്ച് റെഗുലേറ്ററി കമ്മിഷനെ തെറ്റിദ്ധരിപ്പിച്ചു

ജനങ്ങളെ ഷോക്കടിപ്പിക്കാന്‍ വൈദ്യുതി ബോര്‍ഡിന്റെ കള്ളക്കളി: നിരക്ക് കൂട്ടാന്‍ 2,014 കോടിയുടെ വരുമാനം മറച്ചുവച്ച് റെഗുലേറ്ററി കമ്മിഷനെ തെറ്റിദ്ധരിപ്പിച്ചു

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധന നടപ്പാക്കാനായി വരുമാന കണക്ക് മറച്ചുവച്ച് കെ.എസ്.ഇ.ബിയുടെ കള്ളക്കളി. ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ 2,014 കോടി രൂപയുടെ കണക്കുകളാണ് മറച്ചുവച്ചത്. ഇപ്രകാരം വലിയ തുകയുടെ കണക്കുകള്‍ മുക്കിയ ശേഷമാണ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ 2,852.58 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് കമ്മിഷനെ ധരിപ്പിച്ചത്.

ഇന്ധനം, പാചക വാതകം, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയുടെയെല്ലാം വിലക്കയറ്റത്താല്‍ വലയുന്ന ജനങ്ങള്‍ക്കുമേല്‍ വൈദ്യുതി നിരക്ക് വര്‍ധന കൂടി അടിച്ചേല്‍പ്പിച്ച് കോടികള്‍ പിരിക്കാന്‍ വൈദ്യുതി ബോര്‍ഡ് നഷ്ടം പെരുപ്പിച്ച് കാണിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കമ്മിഷന് നല്‍കിയ കണക്കുകള്‍ അനുസരിച്ച് 15,976.98 കോടിയുടെ വരുമാനമാണ് ബോര്‍ഡിനുണ്ടാകുക. ചെലവാകട്ടെ 18,829.56 കോടിയും. 2852.58 കോടിയുടെ നഷ്ടം 2022-23 വര്‍ഷം ബോര്‍ഡിനുണ്ടാകുമെന്നാണ് കണക്ക്. ഇതസനുരിച്ച് ജനങ്ങളില്‍ നിന്നും യൂണിറ്റിന് 35 പൈസ മുതല്‍ 70 പൈസ വരെ വര്‍ധിപ്പിക്കണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം. എന്നാല്‍ 2022-23 വര്‍ഷത്തേക്കുള്ള വൈദ്യുതി ബോര്‍ഡിന്റെ ബജറ്റാണിത്. ഇത് ഫുള്‍ ടൈം ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചത് മാര്‍ച്ച് 14 നാണ്.

ഇതനുസരിച്ച് 2022-23 വര്‍ഷം വൈദ്യുതി വില്‍ക്കുന്നതിലൂടെ മാത്രം 17,529.14 കോടി രൂപയാണ് വരുമാനം. ജീവനക്കാരുടെ വായ്പയുടെ പലിശ, ബാങ്കുകളില്‍ നിന്നുള്ള പലിശ തുടങ്ങിയ ഒന്‍പത് ഇനങ്ങളിലൂടെ ആകെ വരുമാനം 18,081.52 കോടിയായി ഉയരും. എന്നാല്‍ കമ്മിഷനില്‍ സമര്‍പ്പിച്ച കണക്കുകളില്‍ വരുമാനം 15976.98 കോടി മാത്രമാണ്. അതായത് വരുമാനത്തില്‍ നിന്നും 2104 കോടി മറച്ചുവച്ചു.

ഇതിലൂടെ കൃത്രിമമായി നഷ്ടമുണ്ടാക്കിയശേഷമാണ് നിരക്ക വര്‍ധനയ്ക്ക് ശിപാര്‍ശ ചെയ്തിട്ടുള്ളത്. മാത്രമല്ല കഴിഞ്ഞ ദിവസം ബോര്‍ഡ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും 2021-22 വര്‍ഷത്തില്‍ 1400 കോടിയുടെ ലാഭമുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. എന്നാല്‍ ഈ കാലയളവില്‍ നഷ്ടത്തിലെന്നാണ് റെഗുലേറ്ററി കമ്മീഷന് ബോര്‍ഡ് നല്‍കിയ കണക്ക്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.