എയിംസ്; കേരളത്തിന് അനുകൂല നിലപാടുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

എയിംസ്; കേരളത്തിന് അനുകൂല നിലപാടുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: കേരളത്തില്‍ എയിംസ് അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിന് അനുകൂല നിലപാടുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിന് എയിംസ് അനുവദിക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കിക്കൊണ്ടുള്ള ശുപാര്‍ശ കേന്ദ്ര ധനമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി ഭാരതി പവാര്‍ അറിയിച്ചു.

കെ മുരളീധരന്‍ എം.പിക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ഇതിന്റെ ഭാഗമായിട്ടുള്ള നടപടികളാണ് പുരോഗമിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ശുപാര്‍ശയില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര ധനമന്ത്രാലയം ആണെന്നും കേന്ദ്ര മന്ത്രി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നാലു സ്ഥലങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ എയിംസിനായി നിര്‍ദേശിച്ചിട്ടുള്ളത്. ഇതില്‍ കേന്ദ്രധനമന്ത്രാലയത്തിന്റെ തീരുമാനം അനുസരിച്ചായിരിക്കും തുടര്‍നടപടികളെന്ന് കേന്ദ്ര ആരോഗ്യസഹ മന്ത്രി വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മറുപടി തൃപ്തികരമാണെന്ന് കെ മുരളീധരന്‍ എം.പി പറഞ്ഞു.

ധനവകുപ്പ് അനുമതി നല്‍കിയാല്‍ കേരളം നിര്‍ദേശിച്ചിട്ടുള്ള നാലു സ്ഥലങ്ങളും വിദഗ്ധ സംഘം പരിശോധിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ധനവകുപ്പിന്റെ അനുമതിയാണ് കേരളത്തിന് മുന്നിലുള്ള കടമ്പയെന്നും മുരളീധരന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.