ജോണ്‍ പോളിന് യാത്രാമൊഴിയുമായി കേരളം; സംസ്‌കാരം വൈകിട്ട് മൂന്നിന്

ജോണ്‍ പോളിന് യാത്രാമൊഴിയുമായി കേരളം; സംസ്‌കാരം വൈകിട്ട് മൂന്നിന്

കൊച്ചി: അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോണ്‍ പോളിന് കലാകേരളം ഇന്ന് വിട നല്‍കും. ജോണ്‍ പോളിന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ ലിസി ഹോസ്പിറ്റലില്‍ നിന്നു പൊതുദര്‍ശനത്തിനായി എറണാകുളം ടൗണ്‍ ഹാളില്‍ എത്തിച്ചു. 11 മണി വരെ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് എറണാകുളം സൗത്ത് കാരക്കാമുറി ചവറ കള്‍ച്ചറല്‍ സെന്ററില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കും. അവിടെ നിന്ന് 12.30 ന് മരട് സെന്റ് ആന്റണീസ് റോഡ് കൊട്ടാരം എന്‍ക്ലേവിലെ വസതിയിലെത്തിക്കും.

വൈകിട്ട് മൂന്നിന് അന്ത്യ ശുശ്രൂക്ഷകള്‍ എളംകുളം സെന്റ് മേരീസ് സുനഹോ സിംഹാസന പള്ളിയില്‍ നടക്കും. പൂര്‍ണമായ പൊലീസ് ഗാര്‍ഡ് ഓഫ് ഓണറോടെയാണ് സംസ്‌കാരം.

ശ്വാസമെടുക്കാനുള്ള വിഷമവും ഉദരസംബന്ധമായ പ്രശ്‌നങ്ങളും മൂലം ഫെബ്രുവരി മുതല്‍ ചികിത്സയിലായിരുന്നു. ആശുപത്രിയിലും പാലിയേറ്റീവ് യൂണിറ്റിലും രണ്ടു മാസത്തിലേറെ ചികിത്സയിലായിരുന്നു. മാര്‍ച്ച് 26ന് ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഐ.സി.യുവിലായിരുന്നു. വെള്ളിയാഴ്ച രാത്രി നില വഷളാകുകയും ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 1.02ന് അന്ത്യം സംഭവിക്കുകയുമായിരുന്നു.

സ്‌കൂള്‍ അധ്യാപകനായിരുന്ന പുതുശേരി പി.വി പൗലോസിന്റെയും റബേക്കയുടെയും അഞ്ചുമക്കളില്‍ നാലാമനായി 1950 ഒക്ടോബര്‍ 29ന് എറണാകുളത്താണ് ജോണ്‍ പോളിന്റെ ജനനം. എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് ഇക്കണോമിക്സില്‍ ബിരുദാനന്തര ബിരുദം നേടി. കാനറാ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നെങ്കിലും സിനിമയില്‍ സജീവമായപ്പോള്‍ ജോലി ഉപേക്ഷിച്ചു.

ഭാര്യ: ഐഷ എലിസബത്ത് ജോണ്‍. മകള്‍: ജിഷ. മരുമകന്‍: ജിബി അബ്രഹാം.

നൂറോളം ചിത്രങ്ങള്‍ക്ക് ജോണ്‍ പോള്‍ തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്ര ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. മാക്ട സംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്നു. ഫിലിം സൊസൈറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. സംവിധായകന്‍ ഭരതനുവേണ്ടിയാണ് ജോണ്‍ പോള്‍ ഏറ്റവുമധികം തിരക്കഥകള്‍ എഴുതിയത്. ഐ.വി.ശശി, മോഹന്‍, ജോഷി, കെ.എസ് സേതുമാധവന്‍, പി.എന്‍ മേനോന്‍, കമല്‍, സത്യന്‍ അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ.മധു, പി.ജി വിശ്വംഭരന്‍, വിജി തമ്പി തുടങ്ങിയ സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.