തിരുവനന്തപുരം: ഉദ്യോഗസ്ഥരോട് ആലോചിക്കാതെ ക്രൈംബ്രാഞ്ച് മേധാവിയെയടക്കം മാറ്റി തലപ്പത്ത് അഴിച്ചുപണി നടത്തിയതിൽ പോലീസില്‍ അസ്വസ്ഥത. ഉയർന്ന ഉദ്യോഗസ്ഥരെ മാറ്റുന്നതിനുമുമ്പ് അവരോട് ആലോചിക്കുകയോ പറയുകയോ ചെയ്യുന്ന രീതി പോലീസിലുണ്ട്. ഇത് അട്ടിമറിച്ചാണ് കഴിഞ്ഞദിവസം വിജിലൻസ്, ക്രൈംബ്രാഞ്ച് തലവന്മാരെ മാറ്റിയത്.
നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് നിർണായക ഘട്ടത്തിലെത്തിനിൽക്കുമ്പോഴാണ് മേധാവിയായ എസ്. ശ്രീജിത്തിനെ മാറ്റുന്നത്. ഗതാഗത കമ്മിഷണറാക്കി ഉത്തരവ് ഇറങ്ങിയതിനു ശേഷമാണ് അദ്ദേഹം അറിയുന്നതും.
വിജിലൻസ് തലപ്പത്ത് മാറ്റമുണ്ടാകുമെന്ന സൂചന കുറച്ചുനാളായുണ്ട്. ചില പരാതികൾ സർക്കാരിനും ഡി.ജി.പി.ക്കും മുമ്പിലുള്ളതുകൊണ്ടാണിത്. ഡയറക്ടറായ സുദേഷ് കുമാറിനെതിരേ വിജിലൻസിൽത്തന്നെ പരാതിയുണ്ട്. ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിയും സുദേഷിനെതിരേ പരാതി നൽകിയിട്ടുണ്ട്.
എന്നാൽ, സർക്കാരിന് പ്രീതിയുള്ള ഉദ്യോഗസ്ഥനാണ് ശ്രീജിത്ത്. ദിലീപിന്റെ കേസിൽ ശ്രീജിത്തിന്റെ ഇടപെടൽ പൊതുസമൂഹംപോലും ശ്രദ്ധിക്കുന്നതാണ് എന്നതിനാൽ അദ്ദേഹത്തിന് സ്ഥാനമാറ്റം ആരും പ്രതീക്ഷിച്ചില്ല.
ഐ.ജി.യായി സ്ഥാനക്കയറ്റം ലഭിക്കാൻ രണ്ടുമാസം ബാക്കിയുള്ള ഒരു ഉദ്യോഗസ്ഥനെ മലബാറിലേക്ക് സ്ഥലം മാറ്റിയതിലും കേന്ദ്ര ഡെപ്യൂട്ടേഷനു ശേഷം സംസ്ഥാനത്ത് എത്തും മുമ്പ് ഒരു പോലീസ് ഉദ്യോഗസ്ഥന് തിടുക്കപ്പെട്ട് നിയമന ഉത്തരവിറക്കിയതും അടുത്തകാലത്തെ 'ദുരൂഹ'മായ നീക്കങ്ങളാണെന്നാണ് മുതിർന്ന ഉദ്യോഗസ്ഥർതന്നെ പറയുന്നത്.
പോലീസ് തലപ്പത്ത് ഏതൊരാളും മുന്നറിയിപ്പില്ലാതെ മാറ്റപ്പെടാമെന്ന സ്ഥിതി ഉദ്യോഗസ്ഥരുടെ മനോവീര്യത്തെ ബാധിച്ചിട്ടുണ്ട്. സ്ഥലം മാറ്റത്തിനുമുമ്പ് ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുക എന്ന കീഴ് വഴക്കം ഡി.ജി.പി. അനിൽകാന്ത് ഇടയ്ക്കൊക്കെ തെറ്റിച്ചിരുന്നുവെങ്കിലും വലിയ അസ്വസ്ഥതകൾ ഉണ്ടാക്കിയിരുന്നില്ല.
എന്നാൽ, കഴിഞ്ഞദിവസത്തെ മാറ്റം ആ ശാന്തത ഇല്ലാതാക്കിയിട്ടുണ്ട്.
ആഭ്യന്തരവകുപ്പുകൂടി കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശി നിയമിക്കപ്പെട്ടതിന് പിന്നാലെയാണ് മാറ്റം. നേരത്തേ പോലീസിനെതിരേ ആരോപണങ്ങൾ ഏറെയുണ്ടായിട്ടും തലപ്പത്ത് മാറ്റങ്ങളുണ്ടായിട്ടില്ല.
എന്നാൽ ശശിയുടെ നിയമനവും മാറ്റവും തമ്മിൽ ബന്ധമില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് ഇടപെടൽ ദുർബലപ്പെടുത്തുന്നതാണ് അഴിച്ചുപണിയെന്ന് ആരോപണം ഉയർന്നിട്ടുമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.