അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിമാര്‍ കീവില്‍; കൂടുതല്‍ ആയുധങ്ങള്‍ ആവശ്യപ്പെട്ട് ഉക്രെയ്ന്‍

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിമാര്‍ കീവില്‍; കൂടുതല്‍ ആയുധങ്ങള്‍ ആവശ്യപ്പെട്ട് ഉക്രെയ്ന്‍

കീവ്: റഷ്യന്‍ സൈന്യം കീവില്‍ നിന്ന് പിന്‍വാങ്ങിയതിനു പിന്നാലെ അമേരിക്കന്‍ സെക്രട്ടറിമാര്‍ ഉക്രെയ്‌നിലെത്തി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ എന്നിവരാണ് ഉക്രെയ്ന്‍ തലസ്ഥാനമായ കീവിലെത്തിയത്. ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയുമായി സംഘം കൂടിക്കാഴ്ച്ച നടത്തി. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ നിന്നുള്ള ഒരു ഉന്നതതല സംഘം ആദ്യമായാണ് ഉക്രെയ്‌നിലെത്തുന്നത്.

ദീര്‍ഘനേരത്തെ കൂടിക്കാഴ്ച്ചയ്ക്കിടെ റഷ്യന്‍ ആക്രമത്തെ പ്രതിരോധിക്കാനാവശ്യമായ സൈനീക സഹായം ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി അഭ്യര്‍ഥിച്ചു. മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍, യുദ്ധ വിമാനങ്ങള്‍, കവചിത വാഹനങ്ങള്‍, ടാങ്കുകള്‍ എന്നിവയുള്‍പ്പെടെ കൂടുതല്‍ ആയുധങ്ങളുടെ അടിയന്തര ആവശ്യകതയാണ് സെലന്‍സ്‌കി യുഎസ് സംഘത്തെ ധരിപ്പിച്ചത്. എന്നാല്‍ ഉക്രെയ്‌ന്റെ ആവശ്യത്തോട് അമേരിക്ക ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


കിഴക്കന്‍ ഉക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയില്‍ റഷ്യയുടെ അതിനിവേശത്തിനെതിരെ പോരാടാന്‍ ശക്തമായ ആയുധങ്ങള്‍ക്കായി ഉക്രെയ്ന്‍ പാശ്ചാത്യരാജ്യങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് സെലന്‍സ്‌കിയുടെ യുഎസ് സംഘവുമായുള്ള കൂടിക്കാഴ്ച നടന്നത്. പ്രസിഡന്റുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ അമേരിക്കയില്‍ നിന്ന് കൂടുതല്‍ സഹായങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഒലെക്‌സി അരെസ്റ്റോവിച്ച് മാധ്യമങ്ങളോട് പറഞ്ഞു.

'പുടിന്റെ ക്രൂരമായ അധിനിവേശ യുദ്ധത്തിനു മുന്നില്‍ ഉക്രെയ്‌നിലെ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളുടെ പ്രതിരോധശേഷിയാണ് ഞങ്ങള്‍ക്ക് പ്രചോദനമായതെന്ന്' കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ബ്ലിങ്കന്‍ ട്വിറ്ററില്‍ കുറിച്ചു. 'ഞങ്ങള്‍ അവരെ പിന്തുണയ്ക്കുന്നത് തുടരും. അവര്‍ക്കും മറ്റെല്ലാവര്‍ക്കും സമാധാനത്തിലേക്ക് വേഗത്തില്‍ തിരിച്ചുവരവിന് ഞങ്ങള്‍ ആശംസിക്കുന്നു എന്നും ട്വിറ്ററില്‍ കുറിച്ചു.

അമേരിക്കയും നാറ്റോ സഖ്യകക്ഷികളും ഉക്രെയ്‌ന് നൂതന ആയുധ സംവിധാനങ്ങളും യുദ്ധോപകരണങ്ങളും നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ള സാഹചര്യത്തിലാണ് കൂടിക്കാഴ്ച്ച. സൈനിക വാഹനങ്ങള്‍ നല്‍കാമെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടണും പറഞ്ഞിരുന്നു. റഷ്യയുടെ അധിനിവേശം ആരംഭിച്ചതിന് ശേഷം ഒരു അമേരിക്കന്‍ പ്രതിനിധി സംഘവുമായി ഉക്രെയ്ന്‍ നടത്തിയ ഏറ്റവും ഉന്നതതല കൂടിക്കാഴ്ച്ചയായിരുന്നു ഇത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.