ലോക മുതലാളി ഇനി ട്വിറ്ററിന്റെയും ഉടമ; ഇലോണ്‍ മസ്‌ക് കമ്പനി സ്വന്തമാക്കിയത് 3.67 ലക്ഷം കോടി രൂപയ്ക്ക്

 ലോക മുതലാളി ഇനി ട്വിറ്ററിന്റെയും ഉടമ; ഇലോണ്‍ മസ്‌ക് കമ്പനി സ്വന്തമാക്കിയത് 3.67 ലക്ഷം കോടി രൂപയ്ക്ക്

വാഷിംഗ്ടണ്‍: ടെസ്ലയുടെ സിഇഒയും ലോകത്തെ ഏറ്റവും വലിയ ധനികനുമായ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കും. ഇത് സംബന്ധിച്ച് മസ്‌കും ട്വിറ്റര്‍ ബോര്‍ഡും തമ്മില്‍ അന്തിമ ധാരണയില്‍ എത്തി. 43 ബില്യന്‍ ഡോളറാണ് (മൂന്ന് ലക്ഷം കോടി രൂപ) കമ്പനി സ്വന്തമാക്കാന്‍ ട്വിറ്ററിന് മസ്‌ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ 44 ബില്യണ്‍ ഡോളറിനാണ്(3.35 കോടി ലക്ഷം രൂപ) കരാര്‍ ഒപ്പിട്ടത്.

ട്വിറ്റര്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലേക്ക് മാറുന്നതോടെ ട്വിറ്റര്‍ പൂര്‍ണമായും സ്വകാര്യ കമ്പനിയായി മാറും. ഓഹരി ഉടമകളുടെ സമ്മര്‍ദം കൂടി പരിഗണിച്ചാണ് മസ്‌കിന്റെ ഓഫര്‍ സ്വീകരിക്കുന്ന കാര്യം കമ്പനി പരിഗണിക്കുന്നതെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. മികച്ച ഓഫറാണിതെന്നാണ് ട്വിറ്ററിന്റെ ഓഹരി ഉടമകളുടെ വിലയിരുത്തല്‍.

അഭിപ്രായ സ്വാതന്ത്ര്യമുള്ള യഥാര്‍ത്ഥ പ്ലാറ്റഫോം ആയി മാറണമെങ്കില്‍ ട്വിറ്റര്‍ സ്വകാര്യ ഉടമസ്ഥതയിലുള്ളതാവണം എന്നായിരുന്നു മസ്‌കിന്റെ നിലപാട്. 'ജനാധിപത്യത്തിന്റെ ജീവനുള്ള അടിത്തറയാണ് അഭിപ്രായ സ്വാതന്ത്ര്യം. മനുഷ്യരാശിയുടെ ഭാവിയില്‍ സുപ്രധാനമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഡിജിറ്റല്‍ ടൗണ്‍ സ്‌ക്വയറാണ് ട്വിറ്റര്‍'- കരാര്‍ പ്രഖ്യാപിച്ചതിന് ശേഷം മസ്‌ക് പ്രസ്താവനയില്‍ പറഞ്ഞു.

ട്വിറ്ററില്‍ വരുത്താന്‍ ആഗ്രഹിക്കുന്ന മാറ്റങ്ങളെക്കുറിച്ച് പലപ്പോഴും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. ട്വിറ്ററില്‍ എഡിറ്റ് ബട്ടണ്‍ വേണോ എന്ന ചോദ്യം സഹിതം ബോര്‍ഡിലെത്തിയാല്‍ ചെയ്യേണ്ട പല പരിഷ്‌കാരങ്ങള്‍ സംബന്ധിച്ചും മസ്‌ക് വോട്ടെടുപ്പ് നടത്തിയിരുന്നു.

കൂടാതെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ട്വിറ്ററിന്റെ ഓഹരിയുടമകളുമായി മസ്‌ക് കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു. മസ്‌ക് മുന്നോട്ടുവെച്ച ഓഫറില്‍ തൃപ്തരായ ഓഹരി ഉടമകള്‍, കമ്പനി വിട്ടുകൊടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

പുതിയ ഫീച്ചറുകള്‍ ഉപയോഗിച്ച് ട്വിറ്ററിനെ മെച്ചപ്പെടുത്തി, അല്‍ഗോരിതങ്ങള്‍ ഓപ്പണ്‍ സോഴ്‌സ് ആക്കി വിശ്വാസം വര്‍ധിപ്പിക്കുക, സ്പാം ബോട്ടുകളെ പരാജയപ്പെടുത്തുക, എല്ലാവര്‍ക്കും ആധികാരികത നല്‍കുക തുടങ്ങിയവയിലൂടെ ട്വിറ്ററിനെ എക്കാലത്തേയും മികച്ചതാക്കാന്‍ ആഗ്രഹിക്കുന്നതായി മസ്‌ക് വ്യക്തമാക്കി.

ട്വിറ്ററില്‍ ഏറ്റവും കൂടുതലാളുകള്‍ ഫോളോ ചെയ്യുന്ന ഹാന്‍ഡിലുകളില്‍ ഒന്നു കൂടിയാണ് ഇലോണ്‍ മസ്‌കിന്റേത്. 80 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് മസ്‌കിന് ട്വിറ്ററില്‍ ഉള്ളത്. കൂടാതെ ട്വിറ്ററിന്റെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമ കൂടിയായിരുന്നു ഇലോണ്‍ മസ്‌ക്. ഓഹരി പ്രഖ്യാപനത്തെത്തുടര്‍ന്ന് കമ്പനി അദ്ദേഹത്തിന് ബോര്‍ഡില്‍ ഒരു സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ക്ഷണം അദ്ദേഹം നിരസിച്ചിരുന്നു.

നിലവില്‍ ഇലോണ്‍ മസ്‌കിന്റെ ആസ്തി 292 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ ഒക്ടോബറിലാണ് മസ്‌ക് 36 ബില്യണ്‍ ഡോളര്‍ കൂടി തന്റെ പേരില്‍ കൂട്ടിച്ചേര്‍ത്തത്. മുമ്പ് ലോകത്തെ ഏറ്റവും വലിയ ധനികനായിരുന്ന ആമസോണ്‍ സിഇഒ ജെഫ് ബെസോസിനേക്കാള്‍ 100 ബില്യണ്‍ ഡോളര്‍ കൂടുതലാണ് നിലവില്‍ മസ്‌കിന്റെ ആസ്തി.

ഇലോണ്‍ മസ്‌കിന്റെ ആസ്തിയുടെ മൂന്നില്‍ രണ്ടും അദ്ദേഹം 2003ല്‍ സ്ഥാപിച്ച ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്ലയുടേതാണെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മസ്‌കിന്റെ ആകെ ആസ്തിയുടെ ഭൂരിഭാഗവും ടെസ്ലടെ ഓഹരികളുമായി ബന്ധപ്പെട്ടുള്ളതാണ്.

അതേസമയം പല ട്വിസ്റ്റുകള്‍ക്ക് ശേഷമാണ് മസ്‌കിന്റെ കരങ്ങളിലേയ്ക്ക് ട്വിറ്റര്‍ ഏല്‍പ്പിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായത്. ഇലോണ്‍ മസ്‌കിന്റെ കൈയ്യില്‍ എത്തിപ്പെടുന്നതിനേക്കാള്‍ അത്മഹത്യയാണ് അഭികാമ്യം എന്ന വിലയിരുത്തലിലായിരുന്നു മുമ്പ് ട്വിറ്റര്‍ മാനേജ്മെന്റ്. അതിനായി അവര്‍ ഏറ്റവും അപകടകാരിയായ ഷെയര്‍ഹോള്‍ഡര്‍ റൈറ്റ്സ് പ്ലാന്‍ അഥവ പോയ്സണ്‍ പില്‍ (വിഷഗുളിക) എന്ന കോര്‍പറേറ്റ് തന്ത്രം നടപ്പാക്കാനും ഒരുങ്ങിയിരുന്നു.

43 ബില്യന്‍ ഡോളര്‍ മൂല്യം വരുന്ന ട്വിറ്ററിന്റെ ഓഹരി ബലമായി പിടിച്ചെടുക്കാനുള്ള ഇലോണ്‍ മസ്‌കിന്റെ ശാഠ്യത്തെ തടയാനാണ് പതിനെട്ടാമത്തെ അടവും പയറ്റാന്‍ ട്വിറ്റര്‍ ശ്രമം നടത്തിയത്.












വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.