ശുഭ വാര്‍ത്തയ്ക്ക് കാതോര്‍ത്ത് ലോകം; അമേരിക്കയില്‍ ഗര്‍ഭഛിദ്രം നിരോധിച്ചുള്ള നിയമം വന്നേക്കും

ശുഭ വാര്‍ത്തയ്ക്ക് കാതോര്‍ത്ത് ലോകം; അമേരിക്കയില്‍ ഗര്‍ഭഛിദ്രം നിരോധിച്ചുള്ള നിയമം വന്നേക്കും

വാഷിങ്ടണ്‍: ക്രൈസ്തവ സഭകളുടെയും മനുഷ്യാവകാശ സംഘടനകളുടെയും ദീര്‍ഘനാളത്തെ നിയമ, സമര പോരാട്ടങ്ങള്‍ക്കൊടുവില്‍ അമേരിക്കയില്‍ ഗര്‍ഭഛിദ്രം നിരോധിച്ചുകൊണ്ടുള്ള നിയമം വരുന്നതായി സൂചന. സുപ്രീം കോടതിയില്‍ നിന്ന് ചോര്‍ന്ന് കിട്ടിയ രേഖകളില്‍ നിന്നാണ് ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ഒരു വിധി പ്രസ്താവത്തിന്റെ കരട് വിവരങ്ങള്‍ പുറത്തായത്.

നിലവിലുള്ള ഗര്‍ഭഛിദ്ര നിയമത്തെ മറികടന്നു അബോര്‍ഷന്‍ നിരോധിക്കാനുള്ള ഉത്തരവിന് ജഡ്ജിമാര്‍ക്കിടയില്‍ ഭൂരിപക്ഷാഭിപ്രായം ഉണ്ടായെന്ന് പോളിറ്റിക്കോ എന്ന യുഎസ് മാധ്യമത്തിന് ചോര്‍ന്ന് കിട്ടിയ രേഖകളില്‍ പറയുന്നു. ദ ഗാര്‍ഡിയനും റോയിറ്റേഴ്‌സും ഇത് ഏറ്റുപിടച്ചതോടെ വാര്‍ത്ത ലോകം മുഴവന്‍ പരന്നു. വാര്‍ത്തകള്‍ ശരിയാണങ്കില്‍ 1973 മുതല്‍ അമേരിക്കയില്‍ നിലവിലുള്ള ഗര്‍ഭഛിദ്ര നിയമം ഇതോടെ ഇല്ലാതാകും. അന്തിമ വിധി പ്രസ്താവനയിലൂടെ രാജ്യത്ത് ഗര്‍ഭഛിദ്രം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് സുപ്രീം കോടതി പ്രഖ്യാപിക്കുമെന്നാണ് സൂചന.



ചരിത്രത്തിലാദ്യമായാണ് യുഎസ് സുപ്രീം കോടതിയില്‍ നിന്ന് സുപ്രധാന രേഖകള്‍ പുറത്ത് പോകുന്നത്. മിസിസിപ്പി കേസുമായി ബന്ധപ്പെട്ട രേഖകള്‍ക്കൊപ്പമാണ് ഈ കേസിന്റെ രഹസ്യ സ്വഭാവമുള്ള രേഖകളും ചോര്‍ന്നത്. രേഖകള്‍ പ്രകാരം, അഞ്ച് ജഡ്ജിമാര്‍ ഗര്‍ഭഛിദ്രം അനുവദിച്ചുള്ള നിയമത്തിനെതിരെ നിലപാടെടുത്തു.

ഗര്‍ഭഛിദ്രം അനുവദിച്ചുകൊണ്ടുള്ള 1973 ലെ റോ വേഴ്‌സസ് വേഡ്‌ നിയമത്തിലെ ന്യായവാദങ്ങള്‍ ദുര്‍ബലമാണെന്നും നിയമം ദോഷകരമായ പ്രത്യാഘാതം ഉണ്ടാക്കിയെന്നുമാണ് ബഞ്ചിലെ പ്രധാനി ജസ്റ്റിസ് സാമുവല്‍ അലിറ്റോ തയാറാക്കിയ അഭിപ്രായ രേഖയുടെ പുറത്തുവന്ന പേജുകളില്‍ പറയുന്നത്. മാത്രമല്ല ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ മനുഷ്യാവകാശം കണക്കിലെടുക്കാതെയാണ് ഇത്തരമൊരു വിധി പ്രസ്താവം നടത്തിയയെന്നും അദ്ദേഹം പറയുന്നു. അതിനാല്‍ റോ വേഴ്‌സസ് വേഡ്‌ നിയമം മറികടക്കേണ്ടതാണെന്നാണ് താന്‍ കരുതുന്നതെന്നുമാണ് ജസ്റ്റിസ് സാമുവല്‍ തന്റെ അഭിപ്രായ രേഖയില്‍ കുറിച്ചിട്ടുള്ളത്.



പാനലിലെ മറ്റ് നാല് റിപ്പബ്ലിക്കന്‍ ജഡ്ജിമാരായ ജസ്റ്റിസ് ക്ലാരന്‍സ് തോമസ്, ജസ്റ്റിസ് നീല്‍ ഗോര്‍സ്യൂച്ച്, ജസ്റ്റിസ് ബ്രെറ്റ് കവനൗഗ്, ജസ്റ്റിസ് ആമി കോണി ബാരറ്റ് എന്നിവരും ജസ്റ്റിസ് സാമുവലിന്റെ അഭിപ്രായത്തെ പിന്തുണച്ചു. ഡമോക്രാറ്റിക് നിയമിതരായ ജസ്റ്റിസ് സ്റ്റീഫന്‍ ബ്രെയര്‍, ജസ്റ്റിസ് സോണിയ സോട്ടോമയര്‍, ജസ്റ്റിസ് എലേന കഗന്‍ എന്നിവര്‍ എതിര്‍ത്ത് അഭിപ്രായം രേഖപ്പെടുത്തി. ഇതോടെ ഗര്‍ഭഛിദ്രം നിരോധിക്കണമെന്ന അഭിപ്രായത്തിന് ഭൂരിപക്ഷ പിന്തുണ ലഭിച്ചു.

1973 ലെ റോ വേഴ്‌സസ് വേഡ്‌ നിയമ പ്രകാരം അമേരിക്കയില്‍ 24 ആഴ്ച്ച വരെ അബോര്‍ഷന്‍ അനുവദനീയമാണ്. എന്നാല്‍ റിപ്ലബിക്കന്‍ പാര്‍ട്ടി ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ ഹൃദയതുടിപ്പ് കണ്ടശേഷമുള്ള അബോര്‍ഷന്‍ അനുവദനീയമല്ല. ഇത്തരത്തില്‍ പല സംസ്ഥാനങ്ങളില്‍ ഒരോ നിയമം വ്യത്യസ്തമായി നടപ്പാക്കുന്നതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിക്കുന്നതിനായി സുപ്രീം കോടതി പ്രത്യേക ബഞ്ച് രൂപീകരിക്കുകയും ചെയ്തു.



ബഞ്ചിന്റെ വിലയിരുത്തല്‍ അടിസ്ഥാനമാക്കിയുള്ള അന്തിമ വിധി പ്രസ്താവത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഇപ്പോള്‍ അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് കോടതി രേഖകളും വിശദാംശങ്ങളും പുറത്തായത്. എന്നാല്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ വാര്‍ത്തയോട് കാര്യമായി പ്രതികരിക്കാന്‍ തയാറായില്ല. പുറത്തുവന്ന വിവരങ്ങള്‍ വിശ്വസിനീയമല്ലെന്നും വിധി പ്രസ്താവിക്കുന്നതിന് ഇനിയും ദിവസങ്ങള്‍ ഉള്ളതിനാല്‍ അഭിപ്രായങ്ങളില്‍ മാറ്റമുണ്ടായേക്കാമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

അതേസമയം രേഖകള്‍ ചോര്‍ന്നതിനെ അതീവ ഗൗരവത്തോടെയാണ് സുപ്രീം കോടതി കാണുന്നത്. സുപ്രധാന കേസുകളില്‍ ജഡ്ജിമാരുടെ അഭിപ്രായം തേടുന്ന, അഞ്ചു പതിറ്റാണ്ടായി പാലിച്ചുവരുന്ന കീഴ്‌വഴക്കത്തെ ഇത് ദോഷകരമായി ബാധിച്ചേക്കുമെന്ന് സുപ്രീം കോടതി ആശങ്കപ്പെടുന്നു. ആറു മാസത്തിന് ശേഷം ഇടക്കാല തെരഞ്ഞെടുപ്പ് വരാനിരിക്കെ ഇത്തരമൊരു സുപ്രധാന വിധി പ്രസ്താവത്തെ ഏറെ ഗൗരവത്തോടെയാണ് പ്രസിഡന്റ് ജോ ബൈഡനും സര്‍ക്കാരും നോക്കി കാണുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.