കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ബിസിസിഐ അധ്യക്ഷനും മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ ഗാംഗുലിയുടെ വീട് സന്ദര്‍ശിക്കും.
അത്താഴ വിരുന്നിനായാണ് അമിത് ഷാ ഗാംഗുലിയുടെ വീട്ടില്‍ എത്തുക. പ്രതിപക്ഷനേതാവ് ശുഭേന്ദു അധികാരി, മുന്‍ രാജ്യസഭാംഗവും പത്രപ്രവര്‍ത്തകനുമായ സ്വപന്‍ ദാസ്ഗുപ്ത എന്നിവരും ഷായോടൊപ്പമുണ്ടാകും. അതിനിടെ ഗാംഗുലിയുടെ വീട്ടില്‍ അമിത് ഷാ സന്ദര്‍ശനം നടത്തുന്നത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഗാംഗുലിയെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ ബിജെപി കിണഞ്ഞു ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ഇത്തരത്തില്‍ വീണ്ടും ഒരു ശ്രമം നടത്തുന്നതിന്റെ ഭാഗമായാണോ ഷായുടെ സൗരവുമായുള്ള കൂടിക്കാഴ്ച എന്നാണ് അഭ്യൂഹം.
ആദ്യം ഷാ മാത്രമായി അത്താഴവിരുന്നിനെത്തും എന്നാണ് തീരുമാനിച്ചിരുന്നത്. പിന്നീട് ശുഭേന്ദു അധികാരിയും സ്വപന്‍ ദാസ്ഗുപ്തയും കൂടി അദ്ദേഹത്തോടൊപ്പം പോകാന്‍ തീരുമാനിച്ചതോടെ രാഷ്ട്രീയനീക്കത്തെക്കുറിച്ചുള്ള സംശയം ബലപ്പെട്ടിരിക്കുകയാണ്.
എന്നാല്‍ സൗഹൃദ സന്ദര്‍ശനം എന്നാണ് ബിജെപി പറയുന്നത്. അമിത് ഷായുടെ മകന്‍ ജയ് ഷാ ബിസിസിഐയുടെ ഉപാധ്യക്ഷന്‍ ആയതിനാല്‍ ഷാ കുടുംബത്തോട് കഴിഞ്ഞ കുറെനാളായി ഗാംഗുലി അടുപ്പം പുലര്‍ത്തുന്നുണ്ട്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായും നല്ലബന്ധമാണ് ഗാംഗുലിക്കുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.