ലോകത്ത് വയറു നിറയെ ഭക്ഷണം ലഭിക്കാത്തവരുടെ എണ്ണം വളരെ കൂടുതലെന്ന് ഐക്യരാഷ്ട്ര സഭ

ലോകത്ത് വയറു നിറയെ ഭക്ഷണം ലഭിക്കാത്തവരുടെ എണ്ണം വളരെ കൂടുതലെന്ന് ഐക്യരാഷ്ട്ര സഭ

റോം: ലോകത്ത് ദിവസം ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തവരുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്.

2021-ല്‍ 53 രാജ്യങ്ങളില്‍നിന്നായി 19.3 കോടി ആളുകളാണ് ഭക്ഷ്യപ്രതിസന്ധി നേരിട്ടത്. 2020-ല്‍ നിന്ന് നാലുകോടിപ്പേരുടെ വര്‍ധനയുണ്ടായി. സംഘര്‍ഷങ്ങള്‍, കാലാവസ്ഥാമാറ്റം, കോവിഡനന്തര സാമ്പത്തിക പ്രതിസന്ധി എന്നിവയാണ് പ്രതിസന്ധിക്കുള്ള കാരണങ്ങള്‍. ഇക്കൊല്ലം റഷ്യ- ഉക്രൈയ്ൻ യുദ്ധം ആഹാരദൗര്‍ലഭ്യത്തിന്‌ ഇനിയും ആക്കംകൂട്ടുമെന്നാണ് പ്രവചനം.

ആഗോള ഭക്ഷ്യപ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ-കാര്‍ഷിക സംഘടന, ലോക ഭക്ഷ്യപദ്ധതി, യൂറോപ്യന്‍ യൂണിയന്‍ എന്നിവ ചേര്‍ന്ന് തയ്യാറാക്കിയ 2022-ലെ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വന്നത്.
ഭക്ഷ്യസുരക്ഷയ്ക്കായി വിദേശരാജ്യങ്ങളോട് സഹായമഭ്യര്‍ഥിക്കേണ്ടി വന്നിട്ടുള്ള 77 രാജ്യങ്ങളെയാണ് പഠനത്തിന് തിരഞ്ഞെടുത്തത്. ഇതില്‍ 24 രാജ്യങ്ങളില്‍നിന്ന് കൃത്യമായ കണക്കുകള്‍ ലഭിച്ചില്ല. അവശേഷിക്കുന്ന 53 രാജ്യങ്ങളില്‍ 35 എണ്ണത്തിലും ഭക്ഷ്യക്ഷാമം അതിരൂക്ഷമാണ്.

ഇന്ത്യ ഈ മാനദണ്ഡത്തില്‍ വരുന്ന രാജ്യമല്ല. സ്ഥിരം സംഘര്‍ഷബാധിതമേഖലകളായ അഫ്ഗാനിസ്താന്‍, കോംഗോ, എത്യോപ്യ, നൈജീരിയ, തെക്കന്‍ സുഡാന്‍, സിറിയ, യെമെന്‍ എന്നിവിടങ്ങളിലാണ് ഭക്ഷ്യസുരക്ഷയില്ലാത്ത ആളുകള്‍ ഏറ്റവുമധികമുള്ളത്. സൊമാലിയയില്‍ ഈവര്‍ഷം ഭക്ഷ്യക്ഷാമം ഏറ്റവും രൂക്ഷമാകും. ലോക ഭക്ഷ്യപദ്ധതിയിലേക്കുള്ള സാമ്പത്തികസഹായത്തില്‍ വലിയ ഇടിവ്‌ സംഭവിച്ചതായി പദ്ധതിയുടെ ഡയറക്ടര്‍ റെയ്ന്‍ പോള്‍സണ്‍ പറഞ്ഞു.

2017-ലേതില്‍നിന്ന്‌ ഇത് 25 ശതമാനം കുറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി . പ്രാദേശികതലത്തില്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ കൃഷിയിലേക്കുള്ള നിക്ഷേപം അടിയന്തരമായി ഉയര്‍ത്തണമെന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നതെന്നും പോള്‍സണ്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.