സമസ്ത നേതാവിന്റെ പ്രതികരണം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല: അഡ്വ. പി. സതീദേവി

സമസ്ത നേതാവിന്റെ പ്രതികരണം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല: അഡ്വ. പി. സതീദേവി

പെരിന്തല്‍മണ്ണ: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി വേദിയിലേക്ക് ക്ഷണിച്ചതിനെതിരെ സമസ്ത നേതാവ് നടത്തിയ പ്രതികരണത്തെ അപലപിച്ച് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. സമസ്ത നേതാവിന്റെ പ്രതികരണം സ്ത്രീവിരുദ്ധവും അപലപനീയവുമാണെന്ന് സതീദേവി വ്യക്തമാക്കി.
സ്ത്രീ സാക്ഷരതയില്‍ മുന്നിട്ടു നില്‍ക്കുന്ന കേരളത്തില്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു നല്‍കിയ ഒരു പുരസ്‌കാരം സ്വീകരിക്കാന്‍ പെണ്‍കുട്ടിക്കു വിലക്ക് കല്‍പ്പിക്കുന്ന മത നേതൃത്വത്തിന്റെ നീക്കം ഒരു പരിഷ്‌കൃത സമൂഹത്തിന് തീര്‍ത്തും യോജിച്ചതല്ല. സമൂഹത്തെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് പിന്തിരിഞ്ഞു നടത്തിക്കാനുള്ള മത നേതൃത്വത്തിന്റ നീക്കങ്ങള്‍ക്കെതിരെ സമൂഹ മനസാക്ഷി ഉണരണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പൊതുവേദിയിലേക്കു ക്ഷണിച്ചതിനെതിരെ സമസ്ത നേതാവ് അബ്ദുല്ല മുസ്‌ലിയാര്‍ കുപിതനായത്. മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സംഘാടകര്‍ വേദിയിലേക്കു ക്ഷണിച്ചത്. പെണ്‍കുട്ടി എത്തി സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ സമസ്ത നേതാവ് കുപിതനാകുകയായിരുന്നു.

''ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്? ഇനി മേലില്‍ ഇങ്ങോട്ട് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ചുതരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ? രക്ഷിതാവിനോട് വരാന്‍ പറയ്'' - എന്നായിരുന്നു പ്രകോപിതനായ അബ്ദുല്ല മുസ്ലിയാരുടെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.