ധീരജവാന്‍ അനീഷ് തോമസിന് ജന്മനാടിന്റെ വിട ; പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു

ധീരജവാന്‍ അനീഷ് തോമസിന് ജന്മനാടിന്റെ വിട ; പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു

കൊല്ലം: ഇന്ത്യ- പാക് അതിര്‍ത്തിയിലുണ്ടായ ഷെല്ലാക്രമണത്തില്‍ വീരമൃത്യു വരിച്ച അനീഷ് തോമസിന്റെ മൃതദേഹം സംസ്‌കരിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേരാണ് അനീഷിന്റെ വീട്ടിലും സംസ്കരാച്ചടങ്ങുകള്‍ നടന്ന പള്ളിയിലും എത്തിയത്.

സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും ഉന്നത സൈനിക ഉദ്യോഗസ്ഥരും തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച്‌ അന്ത്യാഞ്ജലി അര്‍പ്പിച്ചതിന് ശേഷം മൂന്ന് മണിയോടെയാണ് അനീഷിന്‍റെ മൃതദേഹം വയലായില്‍ എത്തിച്ചത്.മണ്ണൂര്‍ മര്‍ത്തൂസ്മൂനി ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളി സെമിത്തേരിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

കണ്ണീരോടെ ബന്ധുക്കളും നാട്ടുകാരും അനീഷിന് വിട നല്‍കി. ഇന്ന് രാവിലെയോടെയാണ് അനീഷ് തോമസിന്റെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും ഉന്നത സൈനിക ഉദ്യോഗസ്ഥരും വിമാനത്താവളത്തില്‍ വെച്ച്‌ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നൗഷാരാ സെക്ടറിലെ സുന്ദര്‍ബെനിയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് ആക്രമണം നടന്നത്.

രാത്രി എട്ടോടെ സഹപ്രവര്‍ത്തകരാണ് മരണവിവരം ബന്ധുക്കളെ അറിയിച്ചത്. നായിക് റാങ്കില്‍ പ്രൊമോഷന്‍ നേടി ആറ് മാസം മുന്‍പാണ് കാശ്മീരിലേക്ക് പോയത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇതിന് മുന്‍പ് നാട്ടിലെത്തിയത്.തട്ടത്തുമലയില്‍ നിന്നും മിലിട്ടറി വാഹനത്തിലാണ് ശരീരം വയലയിലെ വസതിയിലേക്ക് കൊണ്ടുവന്നത്. സഹപ്രവര്‍ത്തകരായ സീനിയര്‍ ഓഫീസര്‍ അഞ്ചല്‍ അയലറ സ്വദേശി ശ്രീജിത്ത്, ചണ്ണപ്പേട്ട സ്വദേശി ജോണ്‍സന്‍ എന്നിവരാണ് മൃതദേഹത്തെ അനുഗമിച്ചത്.

കഴിഞ്ഞ ദിവസം രാവിലെയാണ് അതിര്‍ത്തിയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ അനീഷ് തോമസ് വീരമൃത്യുവരിച്ചത്. ഈ മാസം 25 ന് അവധിക്കായി നാട്ടിലെത്താന്‍ ഇരിക്കുകയായിരുന്നു അനീഷ്. ഇതിനിടെയാണ് മരണം സംഭവിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.