ഗള്‍ഫിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനക്രമീകരിച്ച് എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീബുക്കിങ് സൗകര്യം

ഗള്‍ഫിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനക്രമീകരിച്ച് എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീബുക്കിങ് സൗകര്യം

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്നുണ്ടായ യാത്രാ ദുരിതം പരിഹരിക്കുന്നതിന് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും വിമാന സര്‍വീസുകള്‍ പുനക്രമീകരിച്ചു. ഇന്ന് ഗള്‍ഫ് മേഖലയിലേക്ക് ആകെ 80 സര്‍വീസുകള്‍ നടത്തുമെന്ന് എയര്‍ലൈന്‍ ഗ്രൂപ്പ് അറിയിച്ചു. ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ക്ക് പുറമെ പ്രത്യേക സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടും.

ജിദ്ദ, മസ്‌കറ്റ് തുടങ്ങിയ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ തടസമില്ലാതെ തുടരും. ഇന്ത്യയില്‍ നിന്ന് ജിദ്ദയിലേക്ക് ഇന്ന് 10 വിമാനങ്ങള്‍ സര്‍വീസ് നടത്തും. ഡല്‍ഹിയില്‍ നിന്ന് ഒന്നും മുംബയില്‍ നിന്ന് രണ്ടും റൗണ്ട് ട്രിപ്പുകള്‍ എയര്‍ ഇന്ത്യ നടത്തും.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്കും മംഗളൂരുവിലേക്കും അധിക സര്‍വീസുകള്‍ നടത്തും. ഡല്‍ഹി, കൊച്ചി, കോഴിക്കോട്, മുംബൈ എന്നിവിടങ്ങളില്‍ നിന്നായി മസ്‌കറ്റിലേക്ക് ആകെ എട്ട് സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തുന്നത്. കൂടാതെ യുഎഇയിലേക്കും സൗദി അറേബ്യയിലേക്കും ഷെഡ്യൂള്‍ ചെയ്യാത്ത 62 സര്‍വീസുകള്‍ കൂടി നടത്താന്‍ തീരുമാനം ആയിട്ടുണ്ട്. ഇത് അതത് വിമാനത്താവളങ്ങളിലെ സാഹചര്യങ്ങളും അനുമതിയും അനുസരിച്ചായിരിക്കും എന്നുമാത്രം.

വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതോ തടസപ്പെടുകയോ ചെയ്ത യാത്രക്കാര്‍ക്കായി എയര്‍ ഇന്ത്യ പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ പണം നല്‍കാതെ തന്നെ യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റാം, ടിക്കറ്റ് തുക പൂര്‍ണമായും തിരികെ ലഭിക്കാന്‍ അപേക്ഷിക്കാം, എയര്‍ ഇന്ത്യ വെബ്സൈറ്റ് വഴി ഈ സേവനങ്ങള്‍ ലഭ്യമാണ്. കൂടാതെ യുഎഇയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാര്‍ക്ക് ഇന്ത്യയിലെ ഏത് നഗരത്തിലേക്കും അധിക നിരക്കില്ലാതെ ടിക്കറ്റ് മാറ്റിയെടുക്കാനും സാധിക്കും.

അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ദീര്‍ഘദൂര സര്‍വീസുകളെ നിലവിലെ സാഹചര്യം ബാധിക്കില്ലെന്നും അവ സാധാരണ നിലയില്‍ തുടരുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. യാത്രാക്ലേശം നേരിട്ട യാത്രക്കാരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകള്‍ വഴി നേരിട്ട് ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി കോണ്‍ടാക്ട് ഡീറ്റെയില്‍സ് അപ്ഡേറ്റ് ചെയ്യണമെന്നും എയര്‍ ഇന്ത്യ അഭ്യര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.