ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയ്ക്കിടെയായിരുന്നു അപകടം.
ദുരന്തത്തില്‍ അകപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ആശ്രിത നിയമനം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് റദ്ദാക്കിയത്. നിയമനം ആര്‍ട്ടിക്കിള്‍ 14, 16 എന്നിവയുടെ ലംഘനമാണെന്ന് ജസ്റ്റിസ് സി.വി കാര്‍ത്തികേയന്‍, ജസ്റ്റിസ് ആര്‍. ശക്തിവേല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ആശ്രിത നിയമനത്തിനായി നിരവധി പേര്‍ കാത്തിരിക്കുന്നുണ്ടെന്നും അവരുടെ ആവശ്യങ്ങള്‍ അവഗണിച്ച് ഈ കേസില്‍ മാത്രം നിയമനം നല്‍കുന്നത് അനുചിതമാണെന്നും ബെഞ്ച് വ്യക്തമാക്കി.
നിയമനങ്ങള്‍ക്കായി നിരവധി ആളുകള്‍ വെയ്റ്റിങ് ലിസ്റ്റില്‍ ഉള്ളപ്പോള്‍ അവരെയും ആശ്രിത നിയമനങ്ങള്‍ക്കായി കാത്തിരിക്കുന്നവരെയും അവഗണിച്ചുകൊണ്ടാണ് കരൂരിലെ സംഭവത്തില്‍ സാന്ത്വനം എന്ന പേരില്‍ സഹായം നല്‍കുന്നത്. അത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനുടെ 162-ാം അനുച്ഛേദം അനുസരിച്ച് സംസ്ഥാനത്തിന് ഭരണപരമായ അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഉത്തരവുകള്‍ പുറപ്പെടുവിച്ചതെന്ന് തമിഴ്നാട് സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ ഭരണപരമായ അധികാരങ്ങള്‍ ഭരണഘടനാപരമായ പരിധിക്കുള്ളില്‍ ആയിരിക്കണം. യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഉത്തരവുകളെങ്കില്‍ അത് അരാജകത്വത്തിലേക്ക് നയിക്കുമെന്നും കോടതി പറഞ്ഞു.
കരൂര്‍ സംഭവത്തില്‍ ആശ്രിത നിയമനം അനുവദിച്ചാല്‍ അത് മറ്റ് പലര്‍ക്കും അത്തരം തൊഴിലവസരങ്ങള്‍ തേടാനുള്ള വഴികള്‍ തുറന്നുകൊടുക്കുമെന്നും കോടതി വ്യക്തമാക്കി. പടക്ക നിര്‍മാണ ശാലകളിലെ അപകടം, വാഹന അപകടങ്ങള്‍ എന്നിവ കോടതി ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ മരിക്കുന്നവരുടെ ബന്ധുക്കള്‍ക്കൊക്കെ നഷ്ടപരിഹാരം മാത്രമാണ് നല്‍കുന്നതെന്നും കോടതി അറിയിച്ചു.
തൊഴില്‍ നല്‍കുന്നതിന് പകരം അര്‍ഹരായ കുടുംബങ്ങള്‍ക്ക് സാങ്കേതിക വൈദഗ്ദ്ധ്യം നല്‍കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ എന്തുകൊണ്ട് പരിഗണിച്ചില്ലെന്നും കോടതി ചോദിച്ചു.പൊതു തൊഴില്‍ സംസ്ഥാനം വെറുതെ കളയരുത്. അത് നേടിയെടുക്കേണ്ട ഒന്നാണ്. അതിന്റെ മൂല്യം തിരിച്ചറിയണം. അതിന്റെ പ്രാധാന്യം സംരക്ഷിക്കണം. തൊഴിലിനായി കാത്തിരിക്കുന്ന ധാരാളം പേരുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കരൂരിലെ വേലുസാമിപുരത്ത് കഴിഞ്ഞ സെപ്റ്റംബര്‍ 27 ന് ടി.വി.കെ പൊതുയോഗത്തില്‍ വിജയ് പ്രസംഗിക്കുന്നതിനിടെയുണ്ടായ തിക്കിലുംതിരക്കിലും 41 പേരാണ് മരിച്ചത്. ഇവരുടെ കുടുംബത്തില്‍ ഒരാള്‍ക്ക് വീതം ജോലി നല്‍കാനായിരുന്നു മന്ത്രിസഭാ തീരുമാനം. ഇതേത്തുടര്‍ന്ന് 31 പേരെ സര്‍ക്കാര്‍ ജോലിയില്‍ നിയമിച്ചുള്ള ഉത്തരവ് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ജൂലായ് 10 ന് കരൂരില്‍വെച്ച് കൈമാറിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.