നഗോയ: ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനെത്തിയ ഇന്ത്യന്‍ കായിക സംഘത്തിന് സംഘാടകരുടെ അനാസ്ഥയും ഗുരുതര സംഘാടന പിഴവുകളും കാരണം നേരിടേണ്ടി വന്നത് വന്‍ ദുരന്തം. വാഹന സൗകര്യവും താമസ സൗകര്യവുമില്ലാതെ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടി വന്നതിന് പിന്നാലെ, ജിംനാസ്റ്റിക്‌സ് താരത്തിനും പുരുഷ പരിശീലകനും ഒരുമിച്ച് ഒരേ മുറി അനുവദിച്ചതും വന്‍ വിവാദത്തിന് വഴിവെച്ചു.
ജിംനാസ്റ്റിക്‌സ് താരം പ്രണതി നായിക്കിനും പരിശീലകന്‍ അശോക് മിശ്രയ്ക്കുമാണ് ക്രൂയിസ് കപ്പലില്‍ ഒരുക്കിയ താമസസ്ഥലത്ത് ഒരുമിച്ച് ഒരേ മുറി അനുവദിച്ചത്. ഇതിനെതിരെ ഇരുവരും ശക്തമായ പ്രതിഷേധം അറിയിച്ചെങ്കിലും മണിക്കൂറുകളോളം പരിഹാരമുണ്ടായില്ല. തുടര്‍ന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഇടപെട്ട് പുലര്‍ച്ചെ 1:30 ഓടെയാണ് ബദല്‍ മുറി നല്‍കിയത്. എന്നാല്‍ പരിശീലകന്റെ പേരിലെ ക്ലറിക്കല്‍ പിശകുമൂലം ബുക്കിങ് കാണാത്തതിനെ തുടര്‍ന്ന് അക്രഡിറ്റേഷന്‍ പരിശോധിച്ച് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പിന്നെയും വൈകി.

മറ്റൊരു സംഭവത്തില്‍ നഗോയയിലെത്തിയ 35 അംഗ ഇന്ത്യന്‍ ഷൂട്ടിങ് സംഘവും വന്‍ പ്രതിസന്ധി നേരിട്ടു. വാഹന-താമസ സൗകര്യങ്ങള്‍ ലഭിക്കാതെ എട്ട് മണിക്കൂറിലധികം അനിശ്ചിതത്വത്തിലായ താരങ്ങള്‍ക്ക് ഐ.ഒ.എ ഇടപെട്ട് 400 മീറ്റര്‍ അകലെയുള്ള രണ്ട് കെട്ടിടങ്ങളിലായി 18 മുറികളാണ് അനുവദിച്ചത്. എന്നാല്‍ ട്രാന്‍സ്പോര്‍ട്ട് വാഹനം നേരത്തെ മടങ്ങിയതിനാല്‍ പുലര്‍ച്ചെ ഭാരമേറിയ ഉപകരണങ്ങളുമായി താരങ്ങള്‍ക്ക് പൊതുനിരത്തിലൂടെ നടക്കേണ്ടി വന്നു. വനിതാ താരങ്ങളെ സഹായിക്കാന്‍ പുരുഷ അത്ലറ്റുകള്‍ പലതവണ നടന്ന് സാധനങ്ങള്‍ എത്തിച്ചു. നിലവില്‍ ലഭ്യമായ മുറികള്‍ പങ്കിട്ടും താല്‍കാലികമായി ഹോട്ടലുകളിലേക്ക് മാറിയുമാണ് താരങ്ങള്‍ കഴിയുന്നത്.
താമസ സൗകര്യത്തിന് പുറമേ പരിശീലനത്തിനും പോഷകാഹാര ലഭ്യതയ്ക്കും ഇന്ത്യന്‍ അത്ലറ്റുകള്‍ വലിയ പ്രതിസന്ധിയാണ് ജപ്പാനില്‍ നേരിടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.