2684 കോടിയുടെ കടക്കെണി: അനില്‍ അംബാനിയെ പൂട്ടാന്‍ സി.ബി.ഐ; എല്‍.ഐ.സി തട്ടിപ്പില്‍ വന്‍ നിയമനടപടി

2684 കോടിയുടെ കടക്കെണി: അനില്‍ അംബാനിയെ പൂട്ടാന്‍ സി.ബി.ഐ; എല്‍.ഐ.സി തട്ടിപ്പില്‍ വന്‍ നിയമനടപടി

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന് കോടികളുടെ സാമ്പത്തിക നഷ്ടം വരുത്തിവെച്ച സംഭവത്തില്‍ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. റിലയന്‍സ് ക്യാപിറ്റലിന്റെ ഡിബഞ്ചറുകളില്‍ നിക്ഷേപം നടത്തിച്ച് എല്‍.ഐ.സിക്ക് 2684.57 കോടി രൂപയുടെ ഭീമന്‍ നഷ്ടം വരുത്തി എന്നതാണ് കേസ്.

രാജ്യത്തെ ലക്ഷക്കണക്കിന് സാധാരണക്കാരായ നിക്ഷേപകരുടെ പണം കൈകാര്യം ചെയ്യുന്ന പൊതുമേഖലാ സ്ഥാപനത്തിന് നേരിട്ട ഈ കൂറ്റന്‍ സാമ്പത്തിക തിരിച്ചടി വന്‍ വിവാദങ്ങള്‍ക്ക് വഴി തുറന്നിരിക്കുകയാണ്.

2012 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. റിലയന്‍സ് ക്യാപിറ്റല്‍ പുറപ്പെടുവിച്ച അഞ്ച് നോണ്‍-കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറുകളിലായി 3900 കോടി രൂപയാണ് എല്‍.ഐ.സി നിക്ഷേപിച്ചത്. കമ്പനിയുടെ നിലവിലുള്ള കടങ്ങള്‍ വീട്ടാനും മറ്റ് കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമാണെന്ന പേരില്‍ നേടിയെടുത്ത ഈ തുക പിന്നീട് വഞ്ചനാപരമായി മറ്റ് ആവശ്യങ്ങളിലേക്ക് വക മാറ്റുകയായിരുന്നു. തെറ്റായ വിവരങ്ങളും വ്യാജ വാഗ്ദാനങ്ങളും നല്‍കി എല്‍.ഐ.സിയെ തെറ്റിദ്ധരിപ്പിച്ചാണ് നിക്ഷേപം സമാഹരിച്ചതെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

നിക്ഷേപിച്ച വന്‍ തുകയില്‍ ഭൂരിഭാഗവും തിരിച്ചടയ്ക്കാതെ വന്നതോടെ ഇത് നിഷ്‌ക്രിയ ആസ്തിയായി മാറുകയും എല്‍.ഐ.സിക്ക് വന്‍ തുക നഷ്ടപ്പെടുകയും ചെയ്തു. ഇതിലൂടെ പ്രതികള്‍ അനാവശ്യ ലാഭം കൊയ്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഗൂഢാലോചന, വിശ്വാസവഞ്ചന, വഞ്ചനാക്കുറ്റം, അക്കൗണ്ട് ബുക്കുകളിലെ തിരിമറി തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് അനില്‍ അംബാനിക്കും മറ്റ് കുറ്റാരോപിതര്‍ക്കുമെതിരെ സി.ബി.ഐ നടപടി കടുപ്പിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.