മെഡ്‌ജുഗോറി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ അതിക്രമം; തിരുസ്വരൂപങ്ങൾ വികൃതമാക്കി, അൾത്താരയ്ക്ക് തീയിട്ടു

മെഡ്‌ജുഗോറി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ അതിക്രമം; തിരുസ്വരൂപങ്ങൾ വികൃതമാക്കി, അൾത്താരയ്ക്ക് തീയിട്ടു

ബോസ്‌നിയ: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ബോസ്‌നിയ & ഹെർസെഗോവിനയിലെ മെഡ്‌ജുഗോറിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുസ്വരൂപങ്ങൾ വികൃതമാക്കുകയും അൾത്താരയ്ക്ക് തീയിടുകയും ചെയ്തു. വാർഷിക യുവജനോത്സവമായ 'മ്ലാഡിഫെസ്റ്റ്' ആരംഭിക്കുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് ക്രൈസ്തവ വിശ്വാസികളെ വേദനയിലാഴ്ത്തിയ ഈ ആക്രമണമുണ്ടായത്.

തീർത്ഥാടന കേന്ദ്രത്തിലെ ദർശന മല എന്നറിയപ്പെടുന്ന 'പോഡ്ബ്രഡോ'യിൽ സ്ഥാപിച്ചിരുന്ന പരിശുദ്ധ അമ്മയുടെ രൂപത്തിന്റെ മുഖത്തും നെഞ്ചിലും വസ്ത്രത്തിലും കറുത്ത പെയിന്റ് ഒഴിച്ച നിലയിലാണ് കണ്ടെത്തിയത്. രൂപത്തിന്റെ പീഠത്തിൽ "പാവാടയിട്ട സാത്താൻ" എന്ന് അപകീർത്തികരമായി എഴുതിയിട്ടുമുണ്ട്.

സമീപത്തുള്ള കൽഫലകത്തിൽ 'തിന്മ' എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സംഭവത്തിന് അരമണിക്കൂറിനുശേഷം സെന്റ് ജെയിംസ് പള്ളിയുടെ പിന്നിലുള്ള ഔട്ട്ഡോർ അൾത്താരയ്ക്ക് അക്രമികൾ തീയിടുകയായിരുന്നു. അക്രമിയായ ഒരാൾ പുലർച്ചെ അൾത്താരയിലെത്തി ദ്രാവകം ഒഴിച്ച് തീയിടുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അൻപതിനായിരത്തിലേറെ യുവജനങ്ങൾ പങ്കെടുക്കുന്ന 37-ാമത് വാർഷിക പ്രാർത്ഥനാസംഗമത്തിന് (മ്ലാഡിഫെസ്റ്റ്) ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ ദുരഖകരമായ സംഭവം.

സംഭവത്തിൽ വെറുപ്പോ പ്രതികാര ചിന്തയോ പ്രകടിപ്പിക്കരുെന്നും പ്രാർത്ഥനയിലൂടെയും ക്ഷമയിലൂടെയും ഈ സാഹചര്യത്തെ നേരിടണമെന്നും സഭാ നേതൃത്വം വിശ്വാസികളോട് അഭ്യർത്ഥിച്ചു. സംഭവത്തിൽ ഔദ്യോഗിക അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം ഓഗസ്റ്റ് ഒന്ന് മുതൽ ആറ് വരെ നടക്കാനിരിക്കുന്ന 'മ്ലാഡിഫെസ്റ്റ്' യുവജന സംഗമം തടസ്സങ്ങളൊന്നുമില്ലാതെ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് അധികൃതർ സ്ഥിരീകരിച്ചു.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.