പൊതുപരീക്ഷ ഭേ​ദ​ഗതി ബിൽ ലോക്സഭയിൽ ശബ്ദ വോട്ടോടെ പാസായി;ചർച്ചയിൽ നേർക്കുനേർ ഏറ്റുമുട്ടി ഭരണ-പ്രതിപക്ഷം

പൊതുപരീക്ഷ ഭേ​ദ​ഗതി ബിൽ ലോക്സഭയിൽ ശബ്ദ വോട്ടോടെ പാസായി;ചർച്ചയിൽ നേർക്കുനേർ ഏറ്റുമുട്ടി  ഭരണ-പ്രതിപക്ഷം

ന്യുഡൽഹി: പൊതുപരീക്ഷ ഭേ​ദ​ഗതി ബിൽ ലോക്സഭയിൽ പാസായി. ശബ്ദ വോട്ടോടെയാണ് സഭ ബിൽ പാസാക്കിയത്. ബില്ലിന്മേലുള്ള ചർച്ചയിലുടനീളം ഭരണ-പ്രതിപക്ഷം കടുത്ത വാക്പോരാണ് നടത്തിയത്. നാളെ രാജ്യസഭയിൽ ബിൽ ചർച്ചക്കെത്തും.

പരീക്ഷാ ക്രമക്കേടുകളിൽ അന്വേഷണങ്ങൾ വേഗത്തിലാക്കുകയും സമയബന്ധിത വിചാരണ ഉറപ്പാക്കുകയുമാണ് ബില്ലിന്റെ ലക്ഷ്യം. ചോദ്യ പേപ്പർ ചോർച്ചയിലും പരീക്ഷാ തട്ടിപ്പിലും ഉൾപ്പെട്ടവർക്കെതിരെ കൂടുതൽ കർശന ശിക്ഷ ഉറപ്പാക്കും.

ബിൽ പ്രകാരം, നിയമ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായി ആവശ്യമായ സാഹചര്യങ്ങളിൽ കേന്ദ്ര സർക്കാരിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനുള്ള അധികാരം ലഭിക്കും. അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കണം. കുറ്റപത്രം സമർപ്പിച്ച തീയതി മുതൽ മൂന്ന് മാസത്തിനകം, പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ ദിവസേന വിചാരണ നടത്തി കേസ് തീർപ്പാക്കണം.

പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികളുടെ വിധികൾക്കെതിരായ അപ്പീലുകൾ ഹൈക്കോടതിയിലെ രണ്ടംഗ ബെഞ്ച് പരിഗണിക്കുകയും അപ്പീൽ സ്വീകരിച്ച ശേഷം മൂന്ന് മാസത്തിനകം തീർപ്പാക്കുകയും വേണം. സംഘടിത ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് കുറഞ്ഞ തടവു ശിക്ഷ അഞ്ചു വർഷത്തിൽ നിന്ന് ഏഴ് വർഷമായി ഉയർത്തി. പരമാവധി പിഴ ഒരു കോടിയിൽ നിന്ന് 10 കോടിയായി വർധിപ്പിക്കും.

വ്യക്തികൾക്കുള്ള ശിക്ഷകൾ കൂടുതൽ കർശനമായിരിക്കും. കുറ്റക്കാരെന്ന് കണ്ടെത്തുന്ന വ്യക്തികൾക്ക് കുറഞ്ഞ തടവുശിക്ഷ മൂന്ന് വർഷത്തിൽ നിന്ന് അഞ്ചു വർഷമായി ഉയർത്തും. പരമാവധി തടവുശിക്ഷ അഞ്ചു വർഷത്തിൽ നിന്ന് പത്തു വർഷമായി വർധിപ്പിക്കും. പരമാവധി പിഴ 10 ലക്ഷത്തിൽ നിന്ന് 50 ലക്ഷമായി ഉയർത്താനും ബിൽ ശുപാർശ ചെയ്യുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.