പുനര്‍ജനി കേസില്‍ വി.ഡി സതീശന് ക്ലീന്‍ ചിറ്റ്; വിജിലന്‍സ് അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ല: കേസ് അവസാനിപ്പിച്ചതായി ചെന്നിത്തല

പുനര്‍ജനി കേസില്‍ വി.ഡി സതീശന് ക്ലീന്‍ ചിറ്റ്; വിജിലന്‍സ് അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ല: കേസ് അവസാനിപ്പിച്ചതായി ചെന്നിത്തല

തിരുവനന്തപുരം: പുനര്‍ജനി പദ്ധതി കേസില്‍ മുഖ്യമന്ത്രി വി.ഡി സതീശന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. അന്വേഷണത്തില്‍ ഒരു തെളിവും കണ്ടെത്താനായില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. സതീശനെതിരായ എല്ലാ നടപടികളും അവസാനിപ്പിച്ചെന്നും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് അന്വേഷണം നടന്നത്. സര്‍ക്കാറിന്റെ അവസാന കാലത്ത് കേസിലെ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് വിടാനും നീക്കമുണ്ടായിരുന്നു. വിജിലന്‍സ് അന്വേഷണത്തില്‍ തെളിവൊന്നും കണ്ടെത്താനായില്ല, സിബിഐക്ക് വിടാനുള്ള ശുപാര്‍ശ രാഷ്ട്രീയ പ്രേരിതമായിരുന്നു. വിജിലന്‍സ് വീണ്ടും അന്വേഷണം നടത്തിയെങ്കിലും തെളിവൊന്നും കണ്ടെത്താനായില്ലെന്ന് ചെന്നിത്തല പറഞ്ഞു.

2018 ലെ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പറവൂര്‍ മണ്ഡലത്തില്‍ അന്നത്തെ എംഎല്‍എ വി.ഡി സതീശന്‍ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു പുനര്‍ജനി. പ്രദേശത്ത് വീടുവെച്ച് നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളായിരുന്നു വിഭാവനം ചെയ്തിരുന്നത്. പദ്ധതിക്കു വേണ്ടി കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചെന്നായിരുന്നു പരാതി.

എഫ്.സി.ആര്‍.എ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദര്‍ശനത്തിനായി കേന്ദ്ര സര്‍ക്കാറില്‍ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ച് അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവയായിരുന്നു ആരോപണം. പുനര്‍ജനി എന്ന പദ്ധതി പ്രകാരം വീട് വെച്ച് നല്‍കുന്നതിന് വിദേശത്ത് പോയി പണപ്പിരിവ് നടത്തിയതില്‍ എഫ്.സി.ആര്‍.ഐ നിയമം ലംഘിച്ചു എന്നാരോപിച്ച് ചാലക്കുടി കാതിക്കുടം ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നത്.

തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റാണ് 2023 മുതല്‍ അന്വേഷണം നടത്തിയത്. സതീശനെതിരെ കേസ് നിലനില്‍ക്കില്ലെന്നായിരുന്നു പ്രാഥമിക അന്വേഷണത്തിലെ ആദ്യ റിപ്പോര്‍ട്ട്. വിദേശത്തു നിന്നും സമാഹരിച്ച പണം ഒരു ചാരിറ്റബിള്‍ സംഘടന വഴി കേരളത്തിലേക്ക് എത്തിയിട്ടുണ്ട്. അതുപയോഗിച്ച് വീടു നിര്‍മാണവും നടന്നിട്ടുണ്ട്.

സതീശന്‍ സംഘടനാ ഭാരവാഹി അല്ലാത്തിനാല്‍ പണം ദുരുപയോഗത്തിന്റെ കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം നില്‍ക്കില്ലെന്നായിരുന്നു ആദ്യ ശുപാര്‍ശ. എന്നാല്‍ വിദേശനാണ്യ വിനിമയ ചട്ടത്തെ കുറിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത വീണ്ടും നിര്‍ദേശം നല്‍കി.

അതേ തുടര്‍ന്നാണ് സിബിഐ അന്വേഷണത്തിനുള്ള പുതിയ ശുപാര്‍ശ നല്‍കിയത്. കേസ് അവസാനിപ്പിച്ചതോടെ സതീശനെതിരായ എല്ലാ നടപടികളും നിര്‍ത്തി വച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.