ജില്ലാ ആശുപത്രികളില്‍ ഇനി 24 മണിക്കൂറും സ്‌പെഷാലിറ്റി സേവനം; വന്‍ മാറ്റത്തിനൊരുങ്ങി ആരോഗ്യ വകുപ്പ്

ജില്ലാ ആശുപത്രികളില്‍ ഇനി 24 മണിക്കൂറും സ്‌പെഷാലിറ്റി സേവനം; വന്‍ മാറ്റത്തിനൊരുങ്ങി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഒരുങ്ങി ആരോഗ്യ വകുപ്പ്. ഗുണമേന്മയുള്ള ആരോഗ്യ സേവനം തടസമില്ലാതെ ലഭ്യമാക്കുന്നതിന്റെ ഭാഗമായി അടുത്ത ആറ് മാസത്തിനുള്ളില്‍ പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ആദ്യ ഘട്ടത്തില്‍ ഓരോ ജില്ലയിലെയും തിരഞ്ഞെടുത്ത ഒരു ആശുപത്രിയില്‍ സേവനം ഉറപ്പാക്കുകയും തുടര്‍ന്ന് സംസ്ഥാനത്ത് ഉടനീളം ഘട്ടംഘട്ടമായി വ്യാപിപ്പിക്കുകയുമാണ് ലക്ഷ്യമിടുന്നത്.

ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, പീഡിയാട്രിക്‌സ്, ഗൈനക്കോളജി തുടങ്ങിയ പ്രധാന സ്‌പെഷാലിറ്റി വിഭാഗങ്ങളാണ് മുഴുവന്‍ സമയവും ലഭ്യമാക്കുക. ജനങ്ങള്‍ക്ക് വീടിനടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ അടിയന്തര ശസ്ത്രക്രിയകളും വിദഗ്ധ ചികിത്സയും ലഭിക്കുന്നതോടെ മെഡിക്കല്‍ കോളജുകളിലെ അമിതമായ തിരക്കിന് വലിയ അളവില്‍ പരിഹാരമാകും. രോഗികള്‍ക്ക് ചികിത്സ, മരുന്ന്, കിടക്ക എന്നിവ അവകാശമായി ഉറപ്പ് നല്‍കുന്ന രോഗീ സൗഹൃദ ആശുപത്രി അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഈ വിപ്ലവകരമായ മാറ്റം.

പദ്ധതിയുടെ കാര്യക്ഷമമായ ഏകോപനത്തിനായി ആരോഗ്യ വകുപ്പ് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ട്രെയിനിങ് വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ഡോ. ഷിനു കെ.എസിനെ സ്‌പെഷല്‍ ഓഫിസറായി നിയമിച്ചു. നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനും ആവശ്യമായ മെഡിക്കല്‍, നഴ്‌സിങ്, പാരാമെഡിക്കല്‍ ജീവനക്കാരുടെ കണക്കെടുപ്പ് നടത്തി കൃത്യമായി വിന്യസിക്കുന്നതിനും ഇദേഹത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.