ക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെ ദൃശ്യാവിഷ്ക്കാരവുമായി 'ദ ചോസൺ' സീസൺ 6 ടീസര്‍ പുറത്തിറങ്ങി

ക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെ ദൃശ്യാവിഷ്ക്കാരവുമായി 'ദ ചോസൺ' സീസൺ 6 ടീസര്‍ പുറത്തിറങ്ങി

കാലിഫോർണിയ: ക്രിസ്തുവിന്റെ പീഡാസഹനങ്ങളുടെ ദൃശ്യാവിഷ്ക്കാരവുമായി ജനപ്രിയ ബൈബിൾ പരമ്പരയായ 'ദ ചോസൺ'ന്റെ ആറാമത്തെ സീസണിന്റെ ടീസര്‍ പുറത്തിറങ്ങി. ക്രിസ്തുവിന്റെ പീഡാനുഭവവും കുരിശിലെ ജീവത്യാഗവും ഉള്‍പ്പെടുത്തി ദുഃഖവെള്ളിയാഴ്ചയിലെ നിർണായകമായ 24 മണിക്കൂർ സമയത്തെയാണ് ഈ വരാനിരിക്കുന്ന സീസൺ കേന്ദ്രീകരിക്കുന്നത്.

ജൂലൈ 27-നാണ് അണിയറപ്രവർത്തകർ ടീസർ പുറത്തുവിട്ടത്. യേശുവിന്റെ വിചാരണ, സ്തൂഭത്തിൽ കെട്ടിയിട്ടുള്ള ചാട്ടവാറടി, കാൽവരിയിലേക്കുള്ള യാത്ര, കുരിശിലെ ജീവത്യാഗം എന്നിവയെല്ലാം ട്രെയിലറില്‍ കാഴ്ചക്കാർക്ക് മുന്നിൽ തീവ്രതയോടെ അവതരിപ്പിക്കുന്നുണ്ട്.

'ദ ചോസൺ' പരമ്പരയുടെ ആറാം സീസണിൽ ആറ് എപ്പിസോഡുകളാണുള്ളത്. ഇതിൽ ആദ്യത്തെ മൂന്നെണ്ണം നവംബർ 15 ന് ഓ‌ടി‌ടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്യും. തുടർന്ന് ഡിസംബർ ആറ് വരെ ഓരോ ആഴ്ചയും ഓരോ എപ്പിസോഡ് വീതം പുറത്തിറക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ പരമ്പരയുടെ അവസാന ഭാഗം 2027 മാർച്ച് 12-ന് തിയറ്ററുകളിലായിരിക്കും റിലീസ് ചെയ്യുന്നത്.

യേശുവിന്റെ പീഡാനുഭവവും ക്രൂശീകരണവും അവതരിപ്പിച്ചതിലൂടെ തനിക്കുണ്ടായ വൈകാരിക അനുഭവങ്ങളെക്കുറിച്ച് പരമ്പരയിലെ പ്രധാന താരമായ ജോനാഥൻ റൂമി തുറന്നുപറഞ്ഞിട്ടുണ്ട്. ഷൂട്ടിങ്ങിന് ശേഷമുള്ള ആദ്യ മാസങ്ങളിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുമ്പോഴെല്ലാം തന്റെ കണ്ണുനിറയാറുണ്ടെന്നും അതൊരു വല്ലാത്ത വൈകാരിക അനുഭവമാണെന്നും അദേഹം പറഞ്ഞു. കർത്താവിന്റെ പീഡാനുഭവത്തിന്റെ ചെറിയൊരു അംശം പോലും മാനസികമായും വൈകാരികമായും പുനരാവിഷ്കരിക്കാൻ സാധിച്ചത് തന്റെ മനസ്സിൽ മായാത്ത മുദ്രയാണ് പതിപ്പിച്ചിട്ടുള്ളതെന്നും താരം വ്യക്തമാക്കി.

ക്രിസ്തുവിന്റെ പരസ്യ ജീവിതത്തെ കേന്ദ്രമാക്കി പൂര്‍ണമായും ക്രൌഡ് ഫണ്ടിങ്ങിലൂടെ നിര്‍മ്മിക്കപ്പെട്ട 'ദ ചോസണ്‍' ലോകത്ത് ഏറ്റവുമധികം ആളുകള്‍ കണ്ടിട്ടുള്ള പരമ്പരകളില്‍ ഒന്നാണ്. ഏകദേശം 60 കോടി ആളുകളാണ് ഇതുവരെ ഈ പരമ്പരയുടെ പ്രേക്ഷകരായിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.