വത്തിക്കാൻ: റോമിനു സമീപമുള്ള പ്രശസ്തമായ കാസിൽ ഗാൻഡോൾഫോയിലെ വേനൽക്കാല വസതിയിലെ മൂന്നാഴ്ചത്തെ വിശ്രമത്തിനും പ്രാർഥനയ്ക്കും ശേഷം ലിയോ പതിനാലാമൻ മാർപാപ്പ വത്തിക്കാനിലേക്കു മടങ്ങിയെത്തി. ജൂലൈ 27 തിങ്കളാഴ്ച വൈകുന്നേരമാണ് മാർപാപ്പ കൊട്ടാരത്തിൽ നിന്നും വത്തിക്കാനിലേക്ക് യാത്ര തിരിച്ചത്.
യാത്ര തിരിക്കുന്നതിനു മുമ്പ് തനിക്ക് സ്നേഹത്തോടെ യാത്രയയപ്പ് നൽകാൻ തടിച്ചുകൂടിയ വിശ്വാസികളെയും പ്രദേശവാസികളെയും മാർപാപ്പ സ്നേഹപൂർവ്വം അഭിവാദ്യം ചെയ്യുകയും കുട്ടികളെ പ്രത്യേകമായി അനുഗ്രഹിക്കുകയും ചെയ്തു.
കാസിൽ ഗാൻഡോൾഫോയിലെ താമസത്തിനിടയിൽ പ്രാർഥനയ്ക്കും വിശുദ്ധ ഗ്രന്ഥ വായനയ്ക്കും കായിക വിനോദങ്ങൾക്കുമായി സമയം മാറ്റിവച്ച മാർപാപ്പ പ്രാദേശിക തീർഥാടനകേന്ദ്രങ്ങളും സന്ദർശിച്ചു. ചരിത്രപ്രസിദ്ധമായ മോണ്ടെകാസിനോയിലെ ബെനഡിക്റ്റൈൻ അബി, സുബിയാക്കോയിലെയും വാലെപിയത്രയിലെയും ആശ്രമങ്ങൾ എന്നിവയും പാപ്പ സന്ദർശിച്ച പ്രധാന സ്ഥലങ്ങളിൽ ഉൾപ്പെടുന്നു.
ഈ വേനലവധിക്കാലത്ത് കരുണയുടെയും സ്നേഹത്തിന്റെയും മനോഹരമായ മാതൃകയും മാർപാപ്പ കാഴ്ചവെച്ചു. ജൂലൈ 11 ന് റോം രൂപതയിൽ നിന്നുള്ള സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന ഇരുനൂറോളം ആളുകളോടൊപ്പം (35 കുട്ടികൾ ഉൾപ്പെടെ) മാർപാപ്പ കാസിൽ ഗാൻഡോൾഫോയിലെ പൂന്തോട്ടത്തിൽ ഒന്നിച്ച് ഉച്ചഭക്ഷണം പങ്കുവച്ചത് ഏറെ ശ്രദ്ധേയമായി.
കൂടാതെ വേനലവധിക്കാലത്തും എല്ലാ ഞായറാഴ്ചകളിലും മുടങ്ങാതെ ആഞ്ചലൂസ് പ്രാർഥനയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പ ലോകസമാധാനത്തിനായി ഏവരോടും ആഹ്വാനം ചെയ്യുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.