ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ പ്രവാസി സംഗമായ ഫൊക്കാനയുടെ 2026-ലെ അന്തർദേശീയ കൺവെൻഷന് മാറ്റുകൂട്ടാൻ പ്രശസ്ത ചലച്ചിത്രതാരവും നർത്തകിയുമായ നവ്യ നായർ എത്തും. കൽഹാരി റിസോർട്ടിൽ നടക്കുന്ന കൺവെൻഷന്റെ മൂന്നാം ദിവസമായ ഓഗസ്റ്റ് എട്ടിലെ ഗ്രാൻഡ് ഫിനാലെ നവ്യയുടെ നൃത്താവിഷ്‌കാരത്തോടെയാകും തുടക്കമിടുക. ഓഗസ്റ്റ് ആറ് മുതൽ എട്ട് വരെയാണ് കൺവെൻഷൻ അരങ്ങേറുന്നത്.
അഭിനയമികവിനൊപ്പം ശാസ്ത്രീയ നൃത്തത്തോടുള്ള സമർപ്പണത്തിലൂടെയും ശ്രദ്ധേയയായ നവ്യ നായരുടെ സാന്നിധ്യം പ്രവാസി മലയാളികളുടെ മഹാസംഗമത്തിന് പ്രത്യേക അഭിമാനമായിരിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. പ്രസിഡന്റ് സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയ് ചാക്കപ്പൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ ഏകോപിപ്പിക്കുന്നത്.
നവ്യ നായർക്കൊപ്പം നടനും സംവിധായകനും ഗായകനുമായ നാദിർഷയും കൺവെൻഷനിൽ പങ്കെടുക്കും. ഇതിനുപുറമേ, പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള ഫ്യൂഷൻ ഷോ, 101 കലാകാരന്മാർ അണിനിരക്കുന്ന ഉദ്ഘാടന നൃത്താവിഷ്‌കാരം, നോർത്ത് അമേരിക്കയിലെ കലാപ്രതിഭകൾക്കായി ഒരുക്കുന്ന "അമേരിക്ക ഗോട്ട് ടാലന്റ്" എന്നിവയും പ്രധാന ആകർഷണങ്ങളായിരിക്കും.
കേരളത്തിന്റെ കലാസാംസ്കാരിക പൈതൃകം അടുത്ത തലമുറയിലേക്ക് കൈമാറുന്നതോടൊപ്പം ലോകമെമ്പാടുമുള്ള മലയാളി കുടുംബങ്ങളെ ഒരുമിപ്പിക്കുന്ന സാംസ്കാരിക മഹോത്സവമായാണ് ഇത്തവണത്തെ ഫൊക്കാന കൺവെൻഷൻ വിഭാവനം ചെയ്തിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.